ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകളിൽ സ്റ്റീഫൻ ഹോക്കിംഗിന്റെ ഒരു ചിത്രം ചർച്ചയാകുന്നു. ബിക്കിനി ധരിച്ച രണ്ട് സ്ത്രീകൾക്കൊപ്പമുള്ള ഈ ചിത്രം 2006-ൽ എപ്സ്റ്റീൻ സംഘടിപ്പിച്ച ഒരു ശാസ്ത്ര സിമ്പോസിയത്തിൽ എടുത്തതാണെന്ന് കുടുംബം

ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധം വീണ്ടും ചർച്ചയായതോടെ, അന്തരിച്ച പ്രശസ്ത ജ്യോതിശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിംഗ് ബിക്കിനി ധരിച്ച രണ്ട് സ്ത്രീകൾക്കിടയിൽ നിൽക്കുന്ന ഫോട്ടോക്ക് വിശദീകരണവുമായി കുടുംബം. ഹോക്കിം​ഗ്, ഒരു റിസോർട്ടിൽ നീല ലോഞ്ച് കസേരയിൽ ബിക്കിനി ധരിച്ച രണ്ട് സ്ത്രീകൾക്കിടയിൽ ഇരിക്കുന്നതും ചാരിയിരിക്കുന്നതും കോക്ക്ടെയിൽ പിടിച്ചുകൊണ്ട് പുഞ്ചിരിക്കുന്നതുമായ ചിത്രം ഈ ആഴ്ച ആദ്യം ഡെയ്‌ലി മെയിൽ പ്രസിദ്ധീകരിച്ചു. സ്ത്രീകൾ ഹോക്കിങ്ങിന്റെ ദീർഘകാല പരിചാരകരായിരുന്നുവെന്നാണ് കുടുംബത്തിന്റെ വിശദീകരണം. 2006 മാർച്ചിൽ സെന്റ് തോമസിലെ പഞ്ചനക്ഷത്ര റിറ്റ്സ്-കാൾട്ടൺ ഹോട്ടലിൽ ക്വാണ്ടം പ്രപഞ്ചശാസ്ത്രത്തെക്കുറിച്ചുള്ള ശാസ്ത്ര സിമ്പോസിയത്തിനിടെ എടുത്തതാണ് ഫോട്ടോയെന്നും പറുന്നു. ജെഫ്രി എപ്സ്റ്റീനാണ് ഈ പരിപാടിക്ക് ധനസഹായം നൽകിയതും സംഘടിപ്പിച്ചതും. പരിപാടിയിൽ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട 20 ഓളം ശാസ്ത്രജ്ഞർ പങ്കെടുത്തതായും ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു.

ഫോട്ടോയിലുള്ള രണ്ട് സ്ത്രീകൾ ഹോക്കിംഗിന്റെ യുകെയിൽ നിന്നുള്ള ദീർഘകാല പരിചാരകാണെന്നും പറയുന്നു. ജീവിതത്തിന്റെ ഭൂരിഭാഗവും മോട്ടോർ ന്യൂറോൺ രോഗം (ALS) ബാധിതായി വീൽചെയറിലായിരുന്നു ഹോക്കിം​ഗ്സിന്റെ ജീവിതം. വെന്റിലേറ്റർ, വോയ്‌സ് സിന്തസൈസർ, 24 മണിക്കൂറും പ്രവർത്തിക്കുന്ന വൈദ്യസഹായം എന്നിവയെ ആശ്രയിച്ചായിരുന്നു ശാസ്ത്രജ്ഞന്റെ ജീവിതം. അദ്ദേഹത്തെ കുറിച്ച് പ്രചരിക്കുന്നത് പൂർണമായും തെറ്റാണെന്നും അങ്ങേയറ്റം അസംബന്ധമാണെന്നും ഹോക്കിംഗ് കുടുംബത്തിന്റെ വക്താവ് ബ്രിട്ടീഷ് ടാബ്ലോയിഡിനോട് പറഞ്ഞു.

ആരാണ് ഫോട്ടോ എടുത്തതെന്നോ എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകളുടെ ഭാഗമായി അത് എങ്ങനെ മാറിയെന്നോ പ്രതികരിക്കാൻ ഹോക്കിംഗ് എസ്റ്റേറ്റ് വിസമ്മതിച്ചു. എപ്സ്റ്റീനുമായി ബന്ധപ്പെട്ട് ഡി.ഒ.ജെ പുറത്തിറക്കിയ രേഖകൾ പൊതുജനങ്ങൾ വീണ്ടും പരിശോധിച്ചപ്പോഴാണ് വീണ്ടും ഫോട്ടോ പുറത്തുവന്നത്.