ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കാൻ ശ്രമിക്കുന്ന ഇറാൻ ബോട്ടുകളെ വെടിവെക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കൻ നാവികസേനയ്ക്ക് നിർദ്ദേശം നൽകി. കപ്പൽ ഗതാഗതം തടസ്സപ്പെടുത്താനുള്ള ഇറാന്‍റെ നീക്കങ്ങളെ എന്ത് വില കൊടുത്തും നേരിടുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഈ നീക്കം മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥ കൂടുതൽ വഷളാക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കാൻ ശ്രമിക്കുന്ന ഇറാന്‍റെ ഏത് തരം ബോട്ടുകളെയും കണ്ടാലുടൻ വെടിവെച്ചു വീഴ്ത്താൻ അമേരിക്കൻ നാവികസേനയ്ക്ക് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ കർശന നിർദ്ദേശം. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രവ്യാപാര പാതകളിൽ ഒന്നായ ഇവിടെ മൈനുകൾ സ്ഥാപിച്ച് കപ്പൽ ഗതാഗതം തടസപ്പെടുത്താനുള്ള ഇറാന്‍റെ നീക്കങ്ങളെ എന്ത് വില കൊടുത്തും നേരിടുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. യാതൊരുവിധത്തിലുള്ള മടിയും കൂടാതെ ശത്രു ബോട്ടുകളെ തകർക്കാനാണ് സൈന്യത്തിന് നൽകിയിരിക്കുന്ന ഉത്തരവ്.

ഇറാന്‍റെ നാവികസേനയിലെ 159 കപ്പലുകളും നിലവിൽ കടലിന്‍റെ അടിത്തട്ടിലാണെന്നും അവരുടെ നാവിക ശക്തി നാമമാത്രമാണെന്നും ട്രംപ് അവകാശപ്പെട്ടു. അതേസമയം, കടലിടുക്കിൽ സ്ഥാപിച്ചിട്ടുള്ള മൈനുകൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ അമേരിക്കൻ സേന അതിവേഗത്തിൽ തുടരുകയാണ്. ഈ പ്രവർത്തനങ്ങളുടെ വേഗതയും വ്യാപ്തിയും മൂന്നിരട്ടിയായി വർദ്ധിപ്പിക്കാൻ താൻ നിർദ്ദേശിച്ചതായും ട്രംപ് വ്യക്തമാക്കി. ആഗോള സാമ്പത്തിക സമ്മർദ്ദങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുഗമമാക്കുന്നതിനായുള്ള ചർച്ചകൾക്കിടയിലാണ് ഈ പ്രഖ്യാപനം.

ഇറാന്‍റെ ഔദ്യോഗിക നാവിക കപ്പലുകൾ ഭൂരിഭാഗവും തകർക്കപ്പെട്ടതായി അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും ആവർത്തിച്ചു. എന്നാൽ, ഇറാന്റെ വിപ്ലവ ഗാർഡിന്‍റെ കൈവശം ഇപ്പോഴും വേഗതയേറിയ ചെറിയ ബോട്ടുകൾ ഉണ്ടെന്ന റിപ്പോർട്ടുകൾ നിലനിൽക്കുന്നുണ്ട്. ഇത്തരം ബോട്ടുകൾ ഉപയോഗിച്ചാണ് ഇറാൻ ഗറില്ലാ രീതിയിലുള്ള ആക്രമണങ്ങൾക്കും മൈൻ വിന്യാസത്തിനും മുതിരുന്നത്. അമേരിക്കയുടെ പുതിയ നീക്കം മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥ കൂടുതൽ സങ്കീർണ്ണമാക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.