ഇറാഖിലെ ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകളെ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി, ഇറാഖിലേക്കുള്ള 50 കോടി ഡോളറിന്‍റെ പണമൊഴുക്ക് അമേരിക്ക തടഞ്ഞതായി റിപ്പോർട്ട്. ഇറാഖിലെ യുഎസ് താൽപ്പര്യങ്ങൾക്കെതിരായ ആക്രമണങ്ങളിലുള്ള പ്രതിഷേധമായാണ് ഈ നീക്കം. എന്നാൽ ഇത് സാങ്കേതിക കാരണങ്ങളാലാണെന്ന് ഇറാഖ് സെൻട്രൽ ബാങ്ക് വിശദീകരിക്കുന്നു.
വാഷിംഗ്ടൺ: ഇറാഖിലെ ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകളെ നിയന്ത്രിക്കാൻ ബാഗ്ദാദിന് മേൽ സമ്മർദ്ദം ശക്തമാക്കി അമേരിക്ക. ഇറാഖിലേക്ക് വൻതോതിലുള്ള പണമൊഴുക്ക് അമേരിക്ക തടഞ്ഞതായി റിപ്പോര്‍ട്ട്. ഏകദേശം 500 മില്യൺ ഡോളർ (ഏകദേശം 50 കോടി ഡോളർ) നോട്ടുകളുമായി പോകാനിരുന്ന വിമാനമാണ് യുഎസ് തടഞ്ഞതെന്ന് 'വാൾ സ്ട്രീറ്റ് ജേണൽ' റിപ്പോർട്ട് ചെയ്തു. ഇറാഖിലെ ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകളെ അടിച്ചമർത്താൻ ലക്ഷ്യമിട്ടുള്ള നീക്കമാണിത്.
500 മില്യൻ ഡോളറിന്‍റെ കറൻസിയുമായി പോകേണ്ടിയിരുന്ന ചരക്ക് വിമാനം യുഎസ് ട്രഷറി വകുപ്പ് തടഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇറാഖിന്റെ എണ്ണവിൽപനയിലൂടെ ലഭിച്ച തുക ന്യൂയോർക്കിലെ ഫെഡറൽ റിസർവ് ബാങ്കിലാണ് സൂക്ഷിക്കുന്നത്. ഈ തുക കൈമാറ്റമാണ് ഇപ്പോൾ അമേരിക്ക തടഞ്ഞിരിക്കുന്നത്. ഇറാഖിലെ യുഎസ് താൽപ്പര്യങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് ഈ നീക്കം. ഇറാഖിൽ സജീവമായ ഇറാൻ അനുകൂല സായുധ സംഘങ്ങളുടെ സ്വാധീനവും പ്രവർത്തനങ്ങളും വർധിക്കുന്നതിൽ അമേരിക്ക അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഐസിസിനെതിരായ (IS) പോരാട്ടത്തിനും ഇറാഖ് സൈന്യത്തിന് നൽകിവരുന്ന ഭീകരവിരുദ്ധ പരിശീലനങ്ങൾക്കുമുള്ള ഫണ്ടിംഗും അമേരിക്ക മരവിപ്പിച്ചു.
ഏപ്രിൽ 8ന് ബാഗ്ദാദിൽ യുഎസ് നയതന്ത്രജ്ഞർക്ക് നേരെയുണ്ടായ ആക്രമണമടക്കം, ഇറാഖിലെ ഇറാൻ അനുകൂല ഗ്രൂപ്പുകൾ നടത്തുന്ന നീക്കങ്ങളിൽ വാഷിംഗ്ടൺ കടുത്ത അതൃപ്തിയിലാണ്. എന്നാൽ പണം എത്താതിരുന്നത് യുദ്ധം മൂലമുള്ള സാങ്കേതിക കാരണങ്ങളാലാണെന്നും രാജ്യത്ത് നിലവിൽ ഡോളർ ക്ഷാമമില്ലെന്നുമാണ് ഇറാഖ് സെൻട്രൽ ബാങ്കിന്റെ വിശദീകരണം. അതേസമയം യു എസ് ട്രഷറി വകുപ്പോ ട്രംപ് ഭരണകൂടമോ ഇതുവരെ റിപ്പോര്‍ട്ടിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അമേരിക്കയ്ക്കും ഇറാനും ഇടയിലുള്ള നയതന്ത്ര സന്തുലിതാവസ്ഥ നിലനിർത്താൻ പാടുപെടുകയാണ് ഇറാഖ് ഭരണകൂടം. ഇറാഖിലെ സായുധ ഗ്രൂപ്പുകളെ ഉടൻ പിരിച്ചുവിടണമെന്നും അവർക്ക് രാഷ്ട്രീയമോ സാമ്പത്തികമോ ആയ പരിരക്ഷ നൽകുന്നത് അവസാനിപ്പിക്കണമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.


