കത്തികൊണ്ട് തൊഴിലാളികളെ കുത്തിപ്പരിക്കേൽപ്പിച്ച അക്രമി, അജ്ഞാതമായ ഒരു ദ്രാവകം സ്പ്രേ ചെയ്യുകയും ചെയ്തു. ആക്രമണത്തിൽ 14 പേർക്ക് പരിക്കേറ്റതായി പ്രാദേശിക അഗ്നിശമന വിഭാഗം ഉദ്യോഗസ്ഥനായ ടോമോഹാരു സുഗിയാമ അറിയിച്ചു

ടോക്കിയോ: ജപ്പാനെ നടുക്കി അജ്ഞാത ദ്രാവകം കൊണ്ടുള്ള ആക്രമണം. മിഷിമ നഗരത്തിലെ യോക്കോഹാമ റബ്ബർ കമ്പനിയുടെ ഫാക്ടറിയിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് ഞെട്ടിക്കുന്ന ആക്രമണം നടന്നത്. കത്തികൊണ്ട് തൊഴിലാളികളെ കുത്തിപ്പരിക്കേൽപ്പിച്ച അക്രമി, അജ്ഞാതമായ ഒരു ദ്രാവകം സ്പ്രേ ചെയ്യുകയും ചെയ്തു. ആക്രമണത്തിൽ 14 പേർക്ക് പരിക്കേറ്റതായി പ്രാദേശിക അഗ്നിശമന വിഭാഗം ഉദ്യോഗസ്ഥനായ ടോമോഹാരു സുഗിയാമ അറിയിച്ചു. അഞ്ചോ ആറോ പേർക്ക് കുത്തേൽക്കുകയും മറ്റുള്ളവർക്ക് ദ്രാവകം സ്പ്രേ ചെയ്തതിനാലുള്ള പ്രശ്നനങ്ങളാണ് ഉണ്ടായതെന്നും അദ്ദേഹം വിവരിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും എല്ലാവരും ബോധാവസ്ഥയിലാണെന്നും അഗ്നിശമന വിഭാഗം ഉദ്യോഗസ്ഥർ വ്യക്തമാക്കി. പരിക്കേറ്റവരുടെ നില തൃപ്തികരമാണെന്നും അപകടനില തരണം ചെയ്തതായും അധികൃതർ വിശദീകരിച്ചു.

അക്രമിയെ പൊലീസ് പിടികൂടി

സംഭവസ്ഥലത്ത് നിന്ന് തന്നെ പൊലീസ് അക്രമിയെ പിടികൂടി. കൊലപാതകശ്രമം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തെന്നും അധികൃതർ അറിയിച്ചു. ഫാക്ടറി ട്രക്കുകളുടെയും ബസുകളുടെയും ടയറുകൾ നിർമിക്കുന്ന പ്രമുഖ സ്ഥാപനത്തിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന്റെ കൃത്യമായ കാരണം എന്താണെന്നും ഇതുവരെ വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം തുടരുകയാണ്. ജപ്പാനിൽ തോക്ക് അക്രമങ്ങൾ അപൂർവമാണെങ്കിലും, സമീപകാലത്ത് കത്തിക്കുത്ത് സംഭവങ്ങൾ വർധിച്ചതിനാൽ പൊതുസുരക്ഷാ ചർച്ചകൾ ശക്തമാകുകയാണ്.

ഈ സംഭവം ലോകത്ത് ഏറ്റവും കുറഞ്ഞ കുറ്റകൃത്യ നിരക്കുള്ള രാജ്യങ്ങളിലൊന്നായ ജപ്പാനെ സംബന്ധിച്ചടുത്തോളം വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. 2022 ൽ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ വധവും പിന്നീടുള്ള സമാന ആക്രമണങ്ങളും രാജ്യത്തെ സുരക്ഷാ നയങ്ങളെക്കുറിച്ചുള്ള വിമർശനങ്ങൾക്ക് വഴിതുറന്നിരുന്നു. എന്നാൽ പൊതുവിൽ ഇത്തരത്തിലുള്ള ആക്രമണങ്ങൾ ജപ്പാനിൽ ഉണ്ടാകാറില്ല. അതുകൊണ്ടുതന്നെ ഇന്നത്തെ ആക്രമണം വലിയ തോതിൽ ചർച്ചയായിട്ടുണ്ട്. അക്രമി ഉപയോഗിച്ച അജ്ഞാതമായ ദ്രാവകം എന്താണെന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുകയാണ്. ഇത്തരമൊരു ദ്രാവകം കൊണ്ടുള്ള ആക്രമണത്തിന്‍റെ കാരണമെന്താണെന്നതും വിശദമായ അന്വേഷണത്തിൽ വ്യക്തമാകുമെന്നാണ് പ്രതീക്ഷ.