ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാൻ അമേരിക്ക? ആണവ വിഷയത്തിലെ ചർച്ചകളിൽ ഭേദഗതികൾ നിർദേശിച്ചെന്ന് റിപ്പോർട്ട്. ചർച്ച തീരും വരെ യുറെനിയം ശേഖരം മാറ്റരുത്, ആക്രമിക്കപ്പെട്ട ആണവ നിലയങ്ങളിൽ പ്രവർത്തനം പാടില്ല എന്നിവയാണ് നിർദേശം. അതേസമയം, അമേരിക്കയ്ക്ക് ഇറാൻ പുതുക്കിയ നിർദേശങ്ങൾ സമർപ്പിച്ചു.
വാഷിംഗ്ടൺ: ഡോണൾഡ് ട്രംപിന്റെയും ഇറാൻ സേനകളുടെയും പരസ്പര ഭീഷണികൾ തുടരുന്നതിനിടയിലും ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാൻ അമേരിക്ക - ഇറാൻ നയതന്ത്ര നേതൃത്വം. അമേരിക്കയ്ക്ക് ഇറാൻ പുതുക്കിയ നിർദേശങ്ങൾ സമർപ്പിച്ചു. പാകിസ്ഥാൻ വഴി ഇത് കൈമാറിയെന്നാണ് റിപ്പോര്‍ട്ട്. യുദ്ധം അവസാനിപ്പിക്കലും ശാശ്വത സമാധാനവുമാണ് മുഖ്യ പരിഗണനയെന്ന് ഇറാൻ പറയുന്നു. നേരത്തെ നൽകിയ ഉപാധികൾ അമേരിക്ക തള്ളിയിരുന്നു.
അതേസമയം, ആണവ വിഷയത്തെ ചർച്ചകളിൽ ഉറപ്പിച്ച് നിർത്താൻ അമേരിക്കയും ചില ഭേദഗതികൾ നൽകിയിട്ടുണ്ട്. ചർച്ചകളിൽ തീരുമാനമാകും വരെ യുറേനിയം ശേഖരം സ്ഥലത്ത് നിന്ന് മാറ്റരുത്, ആക്രമണം നടന്ന ആണവ കേന്ദ്രങ്ങളിൽ പ്രവർത്തനം തുടരരുത് എന്നിവയാണ് നിർദേശം. യുഎസ് മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫാണ് ഇവ നൽകിയത്. ഇറാൻ പുതിയ ഭേദഗതികൾ സമർപ്പിച്ചതോടെ ഇനി അമേരിക്കൻ നിലപാടാണ് നിർണായകം. ഇറാൻ മുൻ നിലപാടുകളിൽ നിന്നും വിട്ടുവീഴ്ച്ചയ്ക്ക് തയാറായിട്ടുണ്ടോ എന്നതും പ്രധാനമാണ്.


