അഫ്ഗാൻ യുദ്ധത്തിൽ അമേരിക്കയുടെ പക്ഷം ചേർന്നത് ചരിത്രപരമായ വലിയ തെറ്റായിരുന്നുവെന്ന് പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് പാർലമെന്റിൽ പറഞ്ഞു. അമേരിക്ക പാകിസ്ഥാനെ സ്വന്തം താല്പര്യങ്ങൾക്കായി ഉപയോഗിച്ച് വലിച്ചെറിഞ്ഞുവെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാൻ യുദ്ധത്തിൽ അമേരിക്കയുടെ പക്ഷം ചേരാനുള്ള പാകിസ്ഥാന്റെ തീരുമാനം ചരിത്രപരമായ വലിയ തെറ്റായിരുന്നുവെന്ന് പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. പാകിസ്ഥാനെ സ്വന്തം താല്പര്യങ്ങൾക്കായി ഉപയോഗിച്ച ശേഷം അമേരിക്ക ടോയ്‌ലറ്റ് പേപ്പറിന്റെ വില പോലും നൽകാതെ വലിച്ചെറിഞ്ഞുവെന്നും അദ്ദേഹം പാർലമെന്റിൽ ആഞ്ഞടിച്ചു.1999-ന് ശേഷം, പ്രത്യേകിച്ച് 2001-ലെ സെപ്റ്റംബർ 11 ആക്രമണത്തിന് ശേഷം അമേരിക്കയുമായി സഖ്യമുണ്ടാക്കിയത് പാകിസ്ഥാന് നികത്താനാകാത്ത നഷ്ടമുണ്ടാക്കി. ഈ തീരുമാനത്തിന്റെ പ്രത്യാഘാതങ്ങൾ പതിറ്റാണ്ടുകൾക്ക് ശേഷവും രാജ്യം അനുഭവിക്കുകയാണ്. അഫ്ഗാൻ യുദ്ധത്തിൽ പാകിസ്ഥാൻ പങ്കെടുത്തത് മതപരമായ കടമ കൊണ്ടല്ല. മറിച്ച്, അമേരിക്കയുടെ ജിയോപൊളിറ്റിക്കൽ താല്പര്യങ്ങൾക്ക് വേണ്ടി ജിഹാദ് എന്ന പേരിൽ പാകിസ്ഥാനികളെ യുദ്ധത്തിന് നിർബന്ധിച്ച് അയക്കുകയായിരുന്നു.

ഈ യുദ്ധങ്ങളെ ന്യായീകരിക്കുന്നതിനായി പാകിസ്ഥാന്റെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ പോലും മാറ്റങ്ങൾ വരുത്തി. ആ പ്രത്യയശാസ്ത്രപരമായ മാറ്റങ്ങൾ ഇന്നും രാജ്യത്ത് നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങളുടേതല്ലാത്ത യുദ്ധങ്ങളിൽ പങ്കുചേർന്നത് പാകിസ്ഥാനിൽ അക്രമത്തിനും തീവ്രവാദത്തിനും സാമ്പത്തിക തകർച്ചയ്ക്കും കാരണമായി. ഇതിലൂടെ ഉണ്ടായ സാമൂഹിക ആഘാതങ്ങൾ ഒരിക്കലും പരിഹരിക്കാനാവാത്തതാണെന്നും ഖവാജ ആസിഫ് സമ്മതിച്ചു.