പാകിസ്താൻ്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടെന്ന് പാകിസ്താൻ്റെ കാലാവസ്ഥാ വകുപ്പ് (പിഎംഡി) മുന്നറിയിപ്പ് നൽകി. 

ഇസ്ലാമാബാദ്: പാകിസ്താൻ്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടെന്ന് പാകിസ്താൻ കാലാവസ്ഥാ വകുപ്പിന്റെ (പിഎംഡി) മുന്നറിയിപ്പ്. ഇത് രാജ്യത്തെ യാത്ര, റോഡ് കണക്റ്റിവിറ്റി, പൊതു സുരക്ഷ എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തിയിരിക്കുകയാണ്. ഡിസംബർ 29ന് രാത്രി മുതൽ പാകിസ്താനിൽ ചുഴലിക്കാറ്റ് വീശിയടിക്കാനും ഡിസംബർ 30ഓടെ ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഡിസംബർ 31ഓടെ ഇത് മിക്ക ഉയർന്നതോ മധ്യ ഭാഗത്തുള്ളതോ ആയ പ്രദേശങ്ങളെ ബാധിക്കുകയും ചെയ്യും. ജനുവരി 2ന് രാവിലെ വരെ ഉയർന്ന പ്രദേശങ്ങളിൽ ഇതിന്റെ ഫലങ്ങൾ നിലനിൽക്കാൻ സാധ്യതയുണ്ടെന്നും ഡോൺ റിപ്പോർട്ട് ചെയ്യുന്നു.

മധ്യ, തെക്കൻ പഞ്ചാബ്, അപ്പർ സിന്ധ് എന്നിവിടങ്ങളിൽ മൂടൽമഞ്ഞിന്റെ നിലവിലെ സ്ഥിതിയിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അഭിപ്രായപ്പെട്ടു. പകൽ താപനില കൂടുതൽ കുറയുമെന്ന് പ്രതീക്ഷിക്കുന്നു. പഞ്ചാബിലും ഇസ്ലാമാബാദിലും മഴ, കാറ്റ്, ഇടിമിന്നൽ എന്നിവയ്‌ക്കൊപ്പം ഡിസംബർ 30 വൈകുന്നേരം അല്ലെങ്കിൽ രാത്രി മുതൽ ജനുവരി 2 രാവിലെ മഞ്ഞുവീഴ്ചയും പ്രതീക്ഷിക്കുന്നു, ഡിസംബർ 31നും ജനുവരി 1നും ഇടയിൽ ഇസ്ലാമാബാദ്, റാവൽപിണ്ടി, പോട്ടോഹാർ മേഖല, സർഗോധ, ഫൈസലാബാദ്, മാണ്ഡി ബഹാവുദ്ദീൻ, സിയാൽകോട്ട്, നരോവൽ, ലാഹോർ, ഷെയ്ഖുപുര എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട മഴയും ഇടിമിന്നലും ഉണ്ടാകുമെന്നും ഡോൺ റിപ്പോർട്ട് ചെയ്തു.

ഡയമർ, ആസ്റ്റോർ, ഗിസർ, സ്കാർഡു, ഹുൻസ, ഗിൽജിത്, ഘഞ്ചെ, ഷിഗാർ എന്നിവയുൾപ്പെടെ പാകിസ്താന്റെ അധീനതയിലുള്ള ഗിൽജിത്-ബാൾട്ടിസ്ഥാൻ മേഖലയിൽ മഴ, കാറ്റ്, ഇടിമിന്നൽ എന്നിവയോടൊപ്പം മിതമായ മഞ്ഞുവീഴ്ചയും ഉണ്ടാകാൻ സാധ്യതയുണ്ട്. പാക് അധിനിവേശ ജമ്മു കശ്മീരിലെ പ്രദേശങ്ങളായ നീലം താഴ്വര, മുസാഫറാബാദ്, ഹത്തിയാൻ, ബാഗ്, ഹവേലി, സുധാനോതി, കോട്‌ലി, ഭീംബർ, മിർപൂർ എന്നീ പ്രദേശങ്ങളിലും ഡിസംബർ 30 വൈകുന്നേരം അല്ലെങ്കിൽ രാത്രി മുതൽ ജനുവരി 2 രാവിലെ വരെ സമാനമായ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്.

കാഗൻ, ദിർ, സ്വാത്, കൊഹിസ്ഥാൻ, മൻസെഹ്‌റ, അബോട്ടാബാദ്, ഷാങ്‌ല, ആസ്റ്റോർ, ഹൻസ, സ്കാർഡു, മുരി, ഗാലിയത്ത്, നീലം വാലി, ബാഗ്, പൂഞ്ച്, ഹവേലി എന്നിവയുൾപ്പെടെ നിരവധി പർവതപ്രദേശങ്ങളിൽ മഞ്ഞുവീഴ്ച മൂലം റോഡുകൾ അടയാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഖൈബർ പഖ്തുൻഖ്വ, പോഗ്ബ എന്നിവിടങ്ങളിലെ കുന്നിൻ പ്രദേശങ്ങളിൽ മണ്ണിടിച്ചിലിനും ഹിമപാതത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കഠിനമായ കാലാവസ്ഥ തുടരുന്നതിനാൽ വിനോദസഞ്ചാരികളും യാത്രക്കാരും ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.