2011-ലെ ഫുക്കുഷിമ ദുരന്തത്തെ തുടർന്ന് പ്രവർത്തനം നിർത്തിവച്ച ലോകത്തിലെ ഏറ്റവും വലിയ ആണവ നിലയമായ കാഷിവാസാക്കി - കരിവ പ്ലാൻ്റ് വീണ്ടും തുറക്കാൻ പോകുന്നു. പ്ലാന്റ് സ്ഥിതി ചെയ്യുന്ന നിഗറ്റ പ്രവിശ്യയിലെ തദ്ദേശ സ്ഥാപനങ്ങൾ ഇതിന് അനുമതി നൽകി.
ഫുക്കുഷിമ: വർഷങ്ങളായി പ്രവർത്തനം നിർത്തിയിരുന്ന ലോകത്തിലെ ഏറ്റവും വലിയ ആണവ നിലയം വീണ്ടും പ്രവർത്തനം ആരംഭിക്കുന്നു. 2011 ൽ ദുരന്തത്തെ തുടർന്ന് അടച്ച ഫുക്കുഷിമയിലെ കാഷിവാസാക്കി - കരിവ ആണവ പ്ലാന്റിൻ്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിന് ഫുക്കുഷിമയിലെ തദ്ദേശ സ്ഥാപനങ്ങൾ അനുമതി നൽകി. പ്ലാൻ്റ് ഉൾപ്പെടുന്ന നിഗറ്റ പ്രവിശ്യയുടെ ഗവർണറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
കൊറിയൻ ഉപദ്വീപിന് അഭിമുഖമായി ജപ്പാൻ കടലിന്റെ തീരത്ത് 400 ഹെക്ടർ (1,000 ഏക്കർ) പ്രദേശത്ത് വ്യാപിച്ചുകിടക്കുന്നതാണ് ആണവ പ്ലാൻ്റ്. ഇന്ന് ലോകത്തുള്ളതിൽ വച്ച് ഏറ്റവും വലിയ ആണവ പ്ലാൻ്റാണിത്. 2011 മാർച്ച് 11 ന് ഭൂകമ്പവും സുനാമിയും മൂലമുണ്ടായ ഫുക്കുഷിമ ആണവ ദുരന്തത്തെ തുടർന്ന് ഈ പ്ലാൻ്റ് അടച്ചിട്ടിരിക്കുകയായിരുന്നു. ചെർണോബിൽ ദുരന്തത്തിന് ശേഷമുള്ള ഏറ്റവും വലിയ ആണവ ദുരന്തമായിരുന്നു ഇത്. ജപ്പാൻ്റെ ആണവ നിയന്ത്രണ ഏജൻസിയുടെ അനുമതി കൂടി ഇനി ഇതിന് ആവശ്യമാണ്.
ജപ്പാനിലെ ടോഹോക്കു മേഖലയിലുണ്ടായ 9.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പവും തുടർന്നുണ്ടായ സുനാമിയുമാണ് ദുരന്തത്തിന് വഴിയൊരുക്കിയത്. 15 മീറ്ററിലധികം ഉയരമുള്ള സുനാമി തിരകൾ പ്ലാന്റിലെ പ്രധാന പവർ സപ്ലൈ സംവിധാനങ്ങളെയും, റിയാക്ടറുകൾ തണുപ്പിക്കാൻ ആവശ്യമായ ബാക്കപ്പ് ജനറേറ്ററുകളെയും തകർത്തു. വൈദ്യുതിയും തണുപ്പിക്കാനുള്ള സംവിധാനങ്ങളും നഷ്ടപ്പെട്ടതോടെ റിയാക്ടർ കോറുകളിലെ ഇന്ധനം അമിതമായി ചൂടായി, ഉരുകി. പിന്നാലെ ഹൈഡ്രജൻ സ്ഫോടനങ്ങൾ ഉണ്ടായി. വലിയ അളവിൽ റേഡിയോ ആക്ടീവ് വികിരണങ്ങൾ അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെട്ടു.
ഒരു ലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നു. ശാരീരിക ബുദ്ധിമുട്ടുകളും ചികിത്സാ സൗകര്യങ്ങളുടെ അഭാവവും മാനസിക പിരിമുറുക്കവും മൂലം ഇതിൽ പലരും പിന്നീട് മരണപ്പെട്ടു. ആണവ നിലയത്തിന്റെ പരിസരം ഇപ്പോഴും റേഡിയോ ആക്ടീവ് വികിരണം നിലനിൽക്കുന്ന മേഖലയാണ്. പ്ലാന്റ് ഡീകമ്മിഷൻ ചെയ്യുമെന്ന് കരുതിയിരിക്കെയാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ടുള്ള പുതിയ പ്രഖ്യാപനം.


