ഫുട്ബാള്‍ കളിക്കുന്നതിനിടെ കിണറ്റില്‍ വീണ 14കാരനെയും രക്ഷിക്കാനിറങ്ങി കുടുങ്ങിയ ആളെയും അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
മലപ്പുറം: ഫുട്ബാള്‍ കളിക്കുന്നതിനിടെ കിണറ്റില്‍ വീണ 14കാരനെയും രക്ഷിക്കാനിറങ്ങി കുടുങ്ങിയ ആളെയും അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ചുങ്കത്തറ മാമ്പൊയില്‍ സ്വദേശിയായ അദിനാനാണ് വീണത്. ഗ്രൗണ്ടില്‍നിന്ന് പുറത്തേക്കുപോയ പന്ത് എടുക്കാനായി ഓടുന്നതിനിടെ നിര്‍മാണത്തിലിരിക്കുന്ന നാല്‍പ്പതടിയിലേറെ ആഴമുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. കിണറ്റില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ പ്രദേശവാസിയായ ആള് ഇറങ്ങിയെങ്കിലും സാധിച്ചില്ല. വിവരം അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരേയും രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല.
തുടര്‍ന്ന് അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ അപകടത്തില്‍പെട്ട കുട്ടിയെയും രക്ഷിക്കാനിറങ്ങിയ ആളെയും പുറത്തെത്തിച്ചു. വല ഉപയോഗിച്ച് ആദ്യം കുട്ടിയെയും തുടര്‍ന്ന് രക്ഷിക്കാനിറങ്ങിയ ആളെയും കരക്കുകയറ്റി. കാലിന് സാരമായി പരിക്കേറ്റ കുട്ടിയെ നിലമ്പൂര്‍ ജില്ല ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.




