മൂന്നാറിൽ അടിക്കടിയുണ്ടാകുന്ന വന്യമൃഗാക്രമണം ക്ഷീരമേഖലക്ക് വൻ തിരിച്ചടി. കഴിഞ്ഞ 3 മാസത്തിനിടെ 18 പശുക്കൾ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് കർഷകരുടെ കണക്ക്. മൂന്നാറിലെ പ്രതിദിന പാലുൽപാദനത്തിൽ 1500 ലിറ്ററിലേറെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്
ഇടുക്കി: മൂന്നാറിൽ അടിക്കടിയുണ്ടാകുന്ന വന്യമൃഗാക്രമണം ക്ഷീരമേഖലക്ക് വൻ തിരിച്ചടി. കഴിഞ്ഞ 3 മാസത്തിനിടെ 18 പശുക്കൾ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് കർഷകരുടെ കണക്ക്. മൂന്നാറിലെ പ്രതിദിന പാലുൽപാദനത്തിൽ 1500 ലിറ്ററിലേറെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കാട്ടിലെ സ്വാഭാവിക ഇരകളെ ഉപേക്ഷിച്ച് കടുവകൾ നാട്ടിലിറങ്ങുന്നതിനെക്കുറിച്ച് വിദഗ്ധ പഠനം വേണമെന്ന ആവശ്യം ശക്തമാണ്. ഇടുക്കിയിലെ തോട്ടംമേഖലയിൽ കന്നുകാലികൾക്ക് നേരെ കടുവകളുടെ ആക്രമണം ആവർത്തിക്കുന്ന സംഭവമായി മാറിയിരിക്കുകയാണിപ്പോള്‍.
ഉപജീവനമാർഗ്ഗമായ പശുക്കൾക്ക് നേരെയുളള ആക്രമണങ്ങൾ ഗുരുതരമായ ആശങ്കകളാണ് കര്‍ഷകര്‍ പങ്കുവെക്കുന്നത്. പാൽ ഉത്പാദനത്തിന് കൂടി പ്രാധാന്യമുളള മൂന്നാറിൽ നിലവിൽ ഉത്പാദനം വലിയരീതിയിലാണ് കുറഞ്ഞിരിക്കുന്നത്. ലക്ഷ്മി മിൽക് പ്രൊഡ്യൂസേഴ്സ് സൊസൈറ്റിയുടെ കഴിഞ്ഞവർഷത്തെ കണക്ക് പ്രകാരം പ്രതിദിന ഉത്പാനം 5000 ലിറ്ററായിരുന്നു. നിലവിൽ 3500നും 4000ത്തിനുമിടയിലാണ് ഇടയിലാണിത്.പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞതും, കടുവപ്പേടിയിൽ കർഷകർ മേഖലയിൽ നിന്ന് പിന്തിരിയുന്നതുമാണ് പാൽ ഉത്പാദനം ഗണ്യമായി കുറയാൻ കാരണമെന്ന് ലക്ഷ്മി മിൽക് പ്രൊഡ്യൂസേഴ്സ് സൊസൈറ്റി പ്രസിഡന്‍റ് പരമശിവം പറയുന്നു.
മൂന്നാറിലെ നെയ്മക്കാട്, ലക്ഷ്മി, തലയാർ തുടങ്ങിയ ഇടങ്ങളിലാണ് കടുവകളുടെ ആക്രമണം രൂക്ഷമായിരിക്കുന്നത്. അടുത്തിടെ ആരോഗ്യമുളള അഞ്ച് വയസ്സ് മാത്രം പ്രായമുളള കടുവയാണ് വനംവകുപ്പിന്‍റെ കൂട്ടിലായത്. സമാന പ്രായത്തിലുളള കടുവകളാണ് കാട്ടിലെ ഇരകളെവിട്ട് തോട്ടത്തിൽ മേയുന്ന പശുക്കളെ തേടി നാട്ടിലേക്കിറങ്ങുന്നതെന്നതാണ് യാഥാർത്ഥ്യം. മൂന്നാർ മേഖലയിൽ നിലവിൽ എത്രകടുവകളുണ്ടെന്നോ ആവാസ വ്യവസ്ഥയിലുൾപ്പെടെ മാറ്റമുണ്ടോ എന്നതിനെക്കുറിച്ച് ഇതുവരെ ഒരുപഠനവും നടന്നിട്ടുമില്ല.



