തിരുവനന്തപുരം കിംസ് ഹെൽത്തിൽ ആറുമാസം പ്രായമുള്ള പെൺകുഞ്ഞിന് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. മസ്തിഷ്കമരണം സംഭവിച്ച ഒൻപത് മാസം പ്രായമുള്ള ആലിൻ എന്ന കുഞ്ഞാണ് അവയവം ദാനം ചെയ്തത്. 

തിരുവനന്തപുരം: ആറുമാസം പ്രായമുള്ള പെൺകുഞ്ഞിന് തിരുവനന്തപുരം കിംസ് ഹെൽത്തിൽ അടിയന്തര കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ഒൻപത് മാസം പ്രായമുള്ള മസ്തിഷ്കമരണം സ്ഥിരീകരിച്ച ദാതാവായ ആലിന്‍റെ കരളാണ് മാറ്റിവെച്ചത്. കൊച്ചിയിലെ അമൃത ആശുപത്രിയിൽ നിന്നാണ് അവയവം ലഭ്യമായത്. പ്രൈമറി ബിലിയറി അത്രേസിയ മൂലമുള്ള ഗുരുതര രോഗം കാരണം കുട്ടിയുടെ കരളിന്‍റെ പ്രവർത്തനം തകരാറിൽ ആരുന്നു. മൂന്ന് മാസം പ്രായമുള്ളപ്പോൾ മറ്റൊരു ആശുപത്രിയിൽ കാസായ് ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാൽ പിന്നീട് കരൾ പ്രവർത്തനം ക്രമേണ മോശമാകുകയും ജീവൻ രക്ഷിക്കാൻ കരൾ മാറ്റിവെക്കൽ നിർദ്ദേശിക്കപ്പെടുക ആയിരുന്നു.

ഫെബ്രുവരി 13-ന് രാത്രി 10:30-ന് ആരംഭിച്ച ശസ്ത്രക്രിയ ഇന്ന് രാവിലെ 6:00-ന് വിജയകരമായി പൂർത്തിയാക്കി. കുഞ്ഞിന്‍റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. മാറ്റിവെച്ച കരളുമായി ബന്ധപ്പെട്ട മെറ്റബോളിക് ഘടകങ്ങളിൽ പുരോഗതി കാണപ്പെടുന്നുണ്ട്. ഈ അവയവ ദാനത്തിനു സന്നദ്ധത പ്രകടിപ്പിച്ച ആലിൻ ഷെറിൻ എബ്രഹാമിന്‍റെ കുടുംബത്തിനു നന്ദി രേഖപെടുത്തുന്നതിനോടൊപ്പം ഈ ദൗത്യത്തിൽ മികച്ച പിന്തുണയും ഏകപനവും നൽകിയ കേരള സർക്കാരിനും കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷനും, സിവിൽ-പോലീസ് അധികാരികൾക്കും, കൊച്ചി അമൃത ആശുപത്രിക്കും, കിംസ്ഹെൽത്തിലെ ട്രാൻസ്‌പ്ലാന്റ് സംഘത്തിനും, മാധ്യമങ്ങൾക്കും കിംസ്ഹെൽത്ത് നന്ദി അറിയിച്ചു.

സംസ്ഥാനത്ത് മരണാനാന്തര അവയവദാനത്തിലൂടെ കരൾ സ്വീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണിത്. ഇതോടെ സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിന്‍ ഷെറിനും കരൾ സ്വീകരിക്കുന്ന കുഞ്ഞും ചരിത്രത്തിന്‍റെ ഭാഗമായി. 10 മാസമുള്ള ഏക മകളുടെ അവയവങ്ങള്‍ എറണാകുളം അമൃത ആശുപത്രിയിൽ അച്ഛൻ അരുൺ എബ്രഹാമും അമ്മ ഷെറിൻ ആൻ ജോണുമാണ് ദാനം ചെയ്തത്. കരൾ, രണ്ട് വൃക്ക, ഹൃദയവാൽവ്, രണ്ട് നേത്ര പടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിൻ ഷെറിൻ എബ്രഹാം ഇനി 4 പേരിലൂടെയാണ് ജീവിക്കുക.

ഫെബ്രുവരി അഞ്ചാം തീയതി ഉച്ചയ്ക്ക് 2.30 മണിക്ക് റോഡപകടത്തെ തുടര്‍ന്നാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ 10 മാസം പ്രായമുള്ള മകള്‍ക്ക് മസ്തിഷ്ക മരണം സംഭവിച്ചത്. കോട്ടയത്ത് നിന്നും തിരുവല്ലയിലേക്ക് എം.സി. റോഡ് വഴി കാറിൽ യാത്ര ചെയ്യുന്നതിനിടെ, പള്ളം ബോർമ കവല ജംഗ്ഷന് സമീപം എതിർദിശയിൽ നിന്നുവന്ന കാർ വാഹനത്തിലേക്ക് ഇടിച്ചുകയറി അപകടം സംഭവിക്കുകയായിരുന്നു. കുട്ടിയ്ക്ക് ഗുരുതമായി പരിക്കേൽക്കുകയും കൂടെയുണ്ടായിരുന്ന കുട്ടിയുടെ അമ്മയ്ക്കും മാതാവിന്റെ മാതാപിതാക്കൾക്കും സാരമായ പരിക്കുകൾ സംഭവിക്കുകയും ചെയ്തു.