കർണാടകയിൽ വീടുകൾ പൊളിച്ചുനീക്കിയ ഇടം സന്ദർശിച്ച എഎ റഹീം എംപി, തന്റെ ഭാഷാ പരിമിതിയെ ട്രോളിയവർക്ക് മറുപടി നൽകി. പാവപ്പെട്ട മുസ്ലിങ്ങളുടെയും ദലിതരുടെയും 180-ലേറെ വീടുകൾ പൊളിച്ച കോൺഗ്രസ് സർക്കാരിന്റെ നടപടിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
തിരുവനന്തപുരം: ഇംഗ്ലീഷ് ഭാഷാ ഉപയോഗത്തിലെ പരിമിതിയിൽ സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ പരിഹാസങ്ങൾക്ക് ഇരയാവുകയാണ് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായ എ.എ.റഹീം എംപി. ട്രോളുന്നവരോട് പിണക്കമില്ലെന്നും ഭാഷ മെച്ചപ്പെടുത്താൻ ശ്രമിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ഇതാദ്യമായിട്ടല്ല. ഇംഗ്ലീഷ് ഭാഷാ പ്രയോഗത്തിലൂടെ റഹീം ട്രോളുകൾക്ക് ഇരയാകുന്നത്. പാർലമെന്റിന് അകത്തും പുറത്തുമുള്ള റഹീമിന്റെ ഇംഗ്ലീഷ് ഭാഷാ പ്രയോഗങ്ങൾ എതിരാളികൾ ആയുധമാക്കുന്നത് പതിവാണ്. ഇന്നലെ ബെംഗളൂരു യെലഹങ്കയിൽ വീട് നഷ്ടപ്പെട്ടവരെ സന്ദർശിക്കുന്നതിനിടെ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖമാണ് ഇപ്പോഴത്തെ ട്രോളുകൾക്ക് കാരണം.
ഈ വിഡിയോ പങ്കിട്ട് സമൂഹമാധ്യമങ്ങളിൽ പരിഹാസട്രോളുകളും കുറിപ്പുകളും സജീവമായി. കോണ്‍ഗ്രസ് സംഘപരിവാർ പേജുകൾ റഹീമിനെ ട്രോളി രംഗത്തെത്തി. ഇതോടെ വിഡിയോ പങ്കുവച്ച് സമൂഹമാധ്യമങ്ങളിലൂടെ തന്നെ റഹീം മറുപടി നൽകി. തനിക്ക് ഭാഷാപരിമിതകളുണ്ടെന്നും എന്നാൽ മനുഷ്യരുടെ സങ്കടങ്ങൾക്ക് ഒരു ഭാഷയേ ഉള്ളുവെന്നും റഹീം പറഞ്ഞു. പരിഹസിക്കുന്നവരോട് പിണക്കമില്ലെന്നും ഭാഷമെച്ചപ്പെടുത്താൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവഞ്ചൂരിനെ നിങ്ങളുടെ സൈബർപ്പട ട്രോളുന്നില്ലേ എന്ന വാദമാണ് കോണ്‍ഗ്രസ് സൈബർ ടീം ഇടതുസൈബർ ടീമുകളോട് ചോദിക്കുന്നത്. ഇംഗ്ലീഷിലും ഹിന്ദിയും അത്ര മിടുക്കില്ലാതിരുന്നിട്ടും തമിഴ്നാട് മുൻ മുഖ്യമന്ത്രി കാമരാജ് ദേശീയതലത്തിൽ പൊന്നുംവിലയുള്ള നേതാവായ രാജ്യമാണിതെന്ന് ചൂണ്ടിക്കാട്ടിയുള്ള കുറിപ്പുകളും സജീവമാണ്. ഏതായാലും ട്രോളുകളിൽ നോവാതെ ഭാഷ നന്നാക്കുമെന്ന റഹീമിന്റെ പോസിറ്റീവ് വൈബിനെ പ്രശംസിക്കുന്നവരെയും ഇപ്പോൾ സോഷ്യലിടത്ത് കാണാം.
എഎ റഹീം പറഞ്ഞത്
ഭാഷാ പരിമിതി എന്നെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് പറയുകയാണ് എഎ റഹീം. 'ഭാഷയുടെ പരിമിതി എന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കരുതെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ'. ഇംഗ്ലീഷിലെ പരിമിതിയെ ഊന്നിക്കൊണ്ട് ട്രോളുന്നവരോട് എനിക്ക് വിരോധമില്ല. താനത് മെച്ചപ്പെടുത്താൻ ശ്രമിക്കും. ഞാൻ ഭാഷ മെച്ചപ്പെടുന്നതുവരെ കാത്തിരുന്നെങ്കിൽ തനിക്ക് ഹരിയാനയിലെ നൂഹിലേക്ക് എത്തിച്ചേരാൻ കഴിയില്ലായിരുന്നു. മണിപ്പൂരിലേക്ക് പോകാൻ പാര്‍ട്ടി പറയുമ്പോൾ അതിനും ഭാഷ മെച്ചപ്പെടുത്തിയിട്ട് പോകാമെന്ന് പറയാൻ തനിക്ക് കഴില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം തന്നെ ഡിവൈഎഫ്ഐ സെൻട്രൽ കമ്മിറ്റി ഈ വാര്‍ത്ത അറിഞ്ഞ് അവിടേക്ക് പോകാൻ നിര്‍ദേശിച്ചപ്പോഴും ഭാഷ തടസമായില്ല. 'ഭാഷ അറിയില്ലെങ്കിലും അവരുടെ വിഷമത്തിന്റെയും സങ്കടത്തിന്റെയും ഭാഷ മനസിലാക്കാൻ എനിക്ക് പ്രയാസം ഉണ്ടായിരുന്നില്ല'. തന്റെ ഭാഷ മനസിലാക്കാൻ അവര്‍ക്കും തടസമുണ്ടായില്ല. ഇംഗ്ലീഷൊന്നും അറിയാത്ത ആളുകളാണ്. കന്നഡയോ പ്രാദേശിക ഭാഷയോ ആണ് അവര്‍ സംസാരിക്കുന്നത്. അവരിൽ ചിലര്‍ തന്നോട് പറഞ്ഞു, 'ഞാൻ ആദ്യമായാണ് ഒരു എംപിയെ നേരിട്ട് കാണുന്നത്' എന്ന്. ചേരികളിൽ താമസിക്കുന്നവരാണ്, ചിലര്‍ക്ക് ഭിക്ഷയെടുപ്പാണ് ജോലി. അവര്‍ അങ്ങനെ ഉണ്ടാക്കിയ വീടാണ് എന്നെ ട്രോളുന്നവരുടെ സര്‍ക്കാര്‍ പോയിട്ട് ഇടിച്ചുനിരത്തിയത്. വന്ന ട്രോളുകളെ, കടുത്ത ട്രോളുകളോട് എനിക്ക് വിരോധമില്ല. തീര്‍ച്ചയായും ഈ കല്ലേറുകൾ, എന്റെ വ്യക്തിപരമായ ഭാഷയെയും വളര്‍ത്താൻ എനിക്ക് പ്രചോദനമാകും. അതിന് അവരോട് ഞാൻ നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
180ലേറെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി
കർണാടകയിൽ അനധികൃത കൈയേറ്റത്തിന്റെ പേരിൽ കുടിയൊഴിപ്പിച്ച ഫക്കീർഖാൻ കോളനിയും വസീഫ് ലേഔട്ടും സന്ദർശിച്ച് സിപിഎം രാജ്യസഭ എംപി എഎ റഹീം. അനധികൃത കൈയേറ്റത്തിന്റെ പേരിൽ പാവപ്പെട്ട മുസ്ലിങ്ങളെയും ദലിതുകളെയുമാണ് ഒഴിപ്പിച്ചതെന്നും വെറും മൂന്ന് മണിക്കൂർ കൊണ്ട് 180ലേറെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റിയെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ താമസിക്കുന്നവർക്കെല്ലാം ആധാർ, റേഷൻ, വോട്ടർ കാർഡുണ്ട്. ഒമ്പത് മാസം ഗർഭണിയായ യുവതി മുതൽ പിഞ്ചുകുഞ്ഞുങ്ങളെ വരെ പുറത്താക്കി. ഗ്യാസ് സിലിണ്ടർ പുറത്തുവെക്കാൻ മാത്രമാണ് സമയം നൽകിയത്. വെറും മൂന്ന് മണിക്കൂറിൽ എല്ലാം നശിപ്പിച്ചെന്നും റഹീം പറഞ്ഞു. ഈ മനുഷ്യർക്ക് പോകാൻ സ്ഥലമില്ല.
ഇവരുടെ ഭരണഘടനാപരമായ അവകാശമാണ് കോൺഗ്രസ് സർക്കാർ ഇല്ലാതാക്കിയത്. കോൺഗ്രസ് സർക്കാറിന്റെ മുസ്ലിം, ദലിത് വിരുദ്ധ നേർ ചിത്രമാണ് ഇവിടെ കാണാനാകുക. ബിജെപി സർക്കാറിന്റെ നശീകരണത്തെ എങ്ങനെയാണ് കോൺഗ്രസിന് ചെറുക്കാനാകുക. എന്തുകൊണ്ട് ഈ കിരാത നടപടിയോട് സോണിയാഗാന്ധി പ്രതികരിക്കുന്നില്ല. രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവരാരും പ്രതികരിച്ചിട്ടില്ല. എന്താണ് നിങ്ങളുടെ മറുപടി. കഴിഞ്ഞ ദിവസവും ഇവിടേക്ക് ബുൾഡോസർ എത്തി. ഈ കിരാത നടപടിയിൽ നിന്ന് കോൺഗ്രസ് സർക്കാർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐ കർണാടക നേതാക്കളും റഹീമിനെ അനുഗമിച്ചു.



