നടിയെ ആക്രമിച്ച വാഹനത്തിൽ താൻ ഉണ്ടായിരുന്നില്ലെന്നും ഗൂഢാലോചനയിൽ പങ്കാളിയായെന്ന് മാത്രമാണ് തനിക്കെതിരായ കുറ്റമെന്നും മാർട്ടിൻ ഹർജിയിൽ. സമാന ആരോപണം ഉണ്ടായ എട്ടാംപ്രതി ദിലീപിനെ വെറുതെ വിട്ടെന്നും തന്നെയും വെറുതെ വിടണമെന്നും മാർട്ടിൻ. 

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയിൽ ഹർജി നൽകി. നടിയെ ആക്രമിച്ച വാഹനത്തിൽ താൻ ഉണ്ടായിരുന്നില്ലെന്നും ഒന്നാം പ്രതിയായ പൾസർ സുനിയുമായി ഗൂഢാലോചനയിൽ പങ്കാളിയായെന്ന് മാത്രമാണ് തനിക്കെതിരായ കുറ്റമെന്നും മാർട്ടിൻ ഹർജിയിൽ പറയുന്നു. സമാന ആരോപണം ഉണ്ടായ എട്ടാംപ്രതി ദിലീപിനെ വെറുതെ വിട്ടു. ദിലീപിനെ വെറുതെവിട്ട അതേ ആനുകൂല്യം തനിക്കും ലഭിക്കണമെന്നും മാർട്ടിൻ ഹർജിയിൽ പറയുന്നു. നിലവിൽ കേസിലെ മൂന്നുപ്രതികളും ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. പ്രദീപ്, വടിവാൾ സലീം എന്നിവരാണ് ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയിലെത്തിയ മറ്റു രണ്ടുപേർ. ഈ ഹർജിയിൽ നാലാഴ്ച്ചക്കുള്ളിൽ മറുപടി നൽകാൻ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

അതേസമയം, നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ മാര്‍ട്ടിന്‍റെ വീഡിയോ ഷെയര്‍ ചെയ്ത മൂന്നുപേര്‍ അറസ്റ്റിലായി. പണം വാങ്ങി വീഡിയോ പ്രചരിപ്പിച്ചവരുള്‍പ്പടെയാണ് അറസ്റ്റിലായതെന്ന് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍ അറിയിച്ചു. വീഡിയോ ഷെയര്‍ ചെയ്ത നൂറിലേറെ സൈറ്റുകള്‍ പൊലീസ് ഇല്ലാതാക്കി. കൂടുതല്‍ പേരെ വരും ദിവസങ്ങളില്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു

അതിജീവിതയെ അപമാനിക്കുന്ന വീഡിയോ പണം വാങ്ങി പങ്കുവച്ചവരുള്‍പ്പടെയാണ് അറസ്റ്റിലായത്. തൃശൂര്‍, എറണാകുളം, ആലപ്പുഴ സ്വദേശികളെയാണ് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍ നകുല്‍ ദേശ്മുഖിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പു ചുമത്തിയായിരുന്നു അറസ്റ്റ്. ഫേസ് ബുക്ക് പേജുകളില്‍ വാണിജ്യ അടിസ്ഥാനത്തില്‍ മാര്‍ട്ടിന്‍റെ വീഡിയോ ഷെയര്‍ ചെയ്തു എന്ന ​ഗുരുതരമായ കണ്ടെത്തലും അന്വേഷണ സംഘത്തിനുണ്ട്. ഇതു കൂടാതെ വീഡിയോ ഷെയര്‍ ചെയ്ത നൂറിലേറെ സൈറ്റുകള്‍ അന്വേഷണ സംഘം ഇല്ലാതാക്കി. ഇരുനൂറിലേറെ പ്ലാറ്റ്ഫോമുകളില്‍ വീഡിയോ പങ്കുവയ്ക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെയും വരും ദിവസങ്ങളില്‍ നടപടി തുടങ്ങുമെന്ന് അന്വേഷണ സംഘം അറിയിക്കുന്നത്.

നടിയെ ആക്രമിച്ച കേസില്‍ വിധി വന്നതിന് പിന്നാലെയാണ് കേസില്‍ ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി മാര്‍ട്ടിന്‍ അതിജീവിതയെ അപമാനിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ഇതിനെതിരെ അതിജീവിത തൃശൂര്‍ റേഞ്ച് ഡിഐജിക്ക് നല്‍കിയ പരാതി സിറ്റി പൊലീസ് കമ്മീഷ്ണര്‍ക്ക് കൈമാറിയിരുന്നു. അന്വേഷണത്തിന്‍റെ തുടക്കത്തില്‍ തന്നെ മാര്‍ട്ടിനെ പ്രതിയാക്കി കേസെടുത്തിരുന്നു. വിയ്യൂര്‍ ജയിലിലാണ് മാര്‍ട്ടിന്‍ ശിക്ഷ അനുഭവിക്കുന്നത്.

YouTube video player