എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസിന് സ്ഥലംമാറ്റം. ആലപ്പുഴ ജില്ലാ കോടതിയിലേക്കാണ് നിയമനം.
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവിച്ച എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസിന് സ്ഥലംമാറ്റം. ആലപ്പുഴ ജില്ലാ കോടതിയിലേക്കാണ് നിയമനം. നിലവിലെ ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായ കെ കെ ബാലകൃഷ്ണൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായി ചുമതലയേൽക്കും. സ്വഭാവിക സ്ഥലം മാറ്റമാണ് എന്നാണ് വിവരം. ഏറെ വിവാദമായ നടിയെ ആക്രമിച്ച കേസിൽ ഹണി എം വർഗീസിനെതിരെ ഏറെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസിന്റെ വിധിക്ക് എട്ടാം പ്രതിയായിരുന്ന ദിലീപിനെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെയാണ് ജഡ്ജി ഹണി എം. വർഗീസിനെതിരെ സൈബർ ആക്രമണം രൂക്ഷമായത്. പിന്നാലെ ഹണി എം വർഗീസിനെതിരായ എതിരായ സൈബർ ആക്രമണങ്ങളിലും വ്യക്തിഹത്യയിലും ഇടപെടൽ ആവശ്യപ്പെട്ട് കേരള ജുഡീഷ്യൽ ഓഫീസേഴ്സ് അസോസിയേഷന് ഹൈക്കോടതിയെ സമീപിച്ച് നിവേദനം നൽകിയിരുന്നു. ജഡ്ജിയെ പരസ്യമായി അപമാനിക്കുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കണമെന്നുമാണ് നിവേദനത്തിൽ പറയുന്നത്. അപകീർത്തികരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് നിർദ്ദേശം നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു.


