സമൂഹമാധ്യമങ്ങളിലെ സൈബർ ആക്രമണത്തിനെതിരെ നടിയെ ആക്രമിച്ച കേസിലെ അതിജീവിത നൽകിയ പരാതിയിൽ കേസെടുക്കും.

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലെ സൈബർ ആക്രമണത്തിനെതിരെ നടിയെ ആക്രമിച്ച കേസിലെ അതിജീവിത നൽകിയ പരാതിയിൽ കേസെടുക്കും. അതിജീവിതയെ അപമാനിക്കും വിധമുള്ള പ്രതി മാർട്ടിന്റെ വീഡിയോ സന്ദേശത്തിനെതിരെ നൽകിയ പരാതിയിലാണ് കേസെടുക്കുക. തൃശൂർ റെയിഞ്ച് ഡിഐജി പരാതി സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറിയിട്ടുണ്ട്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ നകുൽ ദേശ്മുഖ് അറിയിച്ചു. പരാതി അന്വേഷണസംഘം പരിശോധിച്ച ശേഷം ആയിരിക്കും കേസെടുക്കുക.

സമൂഹമാധ്യമങ്ങളിലെ സൈബറാക്രമണത്തിനെതിരെ അതിജീവിത പോലീസിൽ പരാതി നൽകിയിരുന്നു. കോടതി ശിക്ഷിച്ച മാർട്ടിൻ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചതിൽ അടക്കമാണ് പരാതി നൽകിയത്. ആക്ഷേപിക്കുന്ന വീഡിയോ പ്രചരിപ്പിച്ച 16 ലിങ്കുകൾ പരാതിക്കൊപ്പം ഹാജരാക്കുകയും ചെയ്തിരുന്നു. 

വിചാരണ കോടതി വിധിയ്ക്ക് പിറകെ സമൂഹമാധ്യമങ്ങളിലൂടെ ദിലീപ് അനുകൂലികൾ രൂക്ഷമായ സൈബർ ആക്രമണം നടത്തുന്നുവെന്ന് അതിജീവിത മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിച്ചിരുന്നു. കേസിൽ 20 വർഷം കഠിന തടവിന് ശിക്ഷിച്ച 2 ആം പ്രതി മാർട്ടിന്‍റെ വീഡിയോ അടക്കം ചൂണ്ടികാട്ടിയായിരുന്നു പരാതി. വീഡിയോയിൽ ദിലീപിനെതിരെ ഗൂഢാലോചന നടത്തിയത് അതിജീവിത അടക്കമുള്ളവരാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും മാർട്ടിൻ ആരോപിക്കുന്നു. 

ഈ വീഡിയോ അടക്കം ഹാജരാക്കിയാണ് കഴിഞ്ഞ ദിവസം അതിജീവിത നേരിട്ട് എറണാകുളം പോലീസിൽ പരാതി നൽകിയത്. വീഡിയോ പങ്കുവെച്ചവരും അധിക്ഷേപകരമായ വീഡിയോ പ്രചരിപ്പിച്ചതുമായ 16 ഐഡികളുടെ ലിങ്കും പരാതിയോടൊപ്പം ഹാജരാക്കിയിട്ടുണ്ട്. പരാതിയിൽ ശക്തമായ നടപടിക്കാണ് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുള്ളത്. അതിജീവിതയുടെ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തൽ, വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാകും കേസ്. വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കാനും പോലീസ് നടപടിയെടുക്കും. മാർട്ടിൻ വീഡിയോ തയ്യാറാക്കിയത് ശിക്ഷിക്കപ്പെടുന്നതിന് മുൻപാണ്. വീഡിയോ ചിത്രീകരിക്കാൻ മറ്റൊരാളുടെ സഹായവും നിർദ്ദേശവും ലഭിച്ചിരുന്നതായും പോലീസ് കരുതുന്നു. ഇവർക്കെതിരെയും നടപടി വരും. 

നടിയെ ആക്രമിച്ച കേസ്: അതിജീവിതയെ അപമാനിച്ചു, പ്രതി മാർട്ടിന്റെ വീഡിയോ സന്ദേശത്തിൽ കേസെടുക്കും