ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം പലതവണ സമയം മാറ്റിയതിന് ശേഷം റദ്ദാക്കി. പിതാവിൻ്റെ മരണാനന്തര ചടങ്ങുകൾക്ക് പോകേണ്ടവർ ഉൾപ്പെടെ നൂറ്റമ്പതോളം യാത്രക്കാർ ഇതോടെ ദുരിതത്തിലായി.
ദില്ലി : യാത്രക്കാരെ ദുരിതത്തിലാക്കി വീണ്ടും എയർ ഇന്ത്യ എക്സ്പ്രസ്സ്. ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനം റദ്ദാക്കി. ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഒരു പകൽ മുഴുവൻ യാത്രക്കാരെ അനിശ്ചിതത്വത്തിലാക്കി, ഒടുവിൽ റദ്ദാക്കി. വിമാനം ഇനി നാളെയാണ് പുറപ്പെടുക. പിതാവിന്റെ മരണത്തെത്തുടർന്ന് അടിയന്തരമായി യാത്ര ചെയ്യുന്നവരുൾപ്പടെയാണ് വിമാനത്തിലുള്ളത്.
ഇന്ന് രാവിലെ 06.05 ന് ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്കായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. മോശം കാലാവസ്ഥ കാരണം തിരുവനന്തപുരത്ത് എത്തേണ്ടിയിരുന്ന വിമാനം മറ്റൊരിടത്ത് ഇറക്കി. ശേഷം രാവിലെ പത്തരയ്ക്ക് പോകുമെന്നറിയിച്ച് മറ്റൊരു വിമാനത്തിൽ യാത്രക്കാരെ കയറ്റി. മൂന്ന് മണിക്കൂർ വിമാനത്തിൽ ഇരുത്തിയ ശേഷം വീണ്ടും ഇറക്കി. വിമാനം റദ്ദാക്കിയെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ 150ഓളം വരുന്ന യാത്രക്കാർ പ്രതിഷേധിച്ചു.
പിന്നീട് വൈകിട്ട് 4.30 ന് വിമാനം യാത്രതിരിക്കുമെന്ന് അറിയിപ്പ് വന്നു. ഇതിനും ശേഷമാണ് യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി, നാളെ പുറപ്പെടുമെന്നറിയിച്ചത്. അടിയന്തര ആവശ്യങ്ങൾക്ക് പുറപ്പെട്ടവരുടെയെല്ലാം യാത്ര മുടങ്ങി. പുതിയ പരിഷ്കാരങ്ങൾ അനവദി നടപ്പാക്കിയിട്ടും യാത്രകൾ മുടങ്ങുന്ന അടിയന്തര ഘട്ടങ്ങളിൽ യാത്രാക്കാർക്കൊപ്പം നിൽക്കുന്നതിലും പകരം സംവിധാനം ഒരുക്കുന്നതിലും എയർ ഇന്ത്യ എക്സ്പ്രസിന്റെ പിഴവുകൾ തുടരുകയാണ്.
ദുബായിലെ മോശം കാലാവസ്ഥയും വിമാന ജീവനക്കാരുടെ ജോലിസമയ പരിധി അവസാനിച്ചതും ഉൾപ്പെടെയുള്ള സാങ്കേതിക കാരണങ്ങളാണ് സർവീസ് മുടങ്ങാൻ ഇടയാക്കിയതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് അറിയിച്ചു. ദുബായിലെ മോശം കാലാവസ്ഥയെത്തുടർന്ന് വരേണ്ടിയിരുന്ന വിമാനം റാസൽഖൈമയിലേക്ക് തിരിച്ചുവിട്ടിരുന്നു. ഇത് പിന്നീട് വൻ വിമാന ഗതാഗതക്കുരുക്കിന് കാരണമായി. വൈകിയെത്തിയ വിമാനത്തിലെ ജീവനക്കാരുടെ ഡ്യൂട്ടി സമയം ഇതിനകം കഴിഞ്ഞിരുന്നതിനാൽ വിമാനം പറത്താൻ നിയമപരമായ തടസമുണ്ടായി.
കൂടാതെ, തിരുവനന്തപുരം വിമാനത്താവളം നിശ്ചിത സമയത്തേക്ക് അടച്ചിടുമെന്ന അറിയിപ്പ് ലഭിച്ചതും വിമാനം പുനഃക്രമീകരിക്കാൻ കാരണമായി. വിമാനം റദ്ദാക്കിയതിനെത്തുടർന്ന് യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ എയർലൈൻ ഖേദം പ്രകടിപ്പിച്ചു. പുതുക്കിയ സമയത്ത് യാത്ര ചെയ്യാൻ താല്പര്യമുള്ളവർക്ക് ദുബായിൽ ഹോട്ടൽ താമസം ഒരുക്കിയതായും സർവീസ് റദ്ദാക്കാൻ ആഗ്രഹിക്കുന്നവർക്ക് ടിക്കറ്റ് തുക പൂർണ്ണമായും തിരികെ നൽകുമെന്നും കമ്പനി അറിയിച്ചു.


