ഭക്തരിൽ നിന്ന് സ്വീകരിച്ച സ്വർണത്തിന്റെ കണക്കിൽ വീഴ്ചയില്ലെന്നും 412 ഗ്രാം സ്വർണം അധിക സംഭാവനയായി ലഭിച്ചുവെന്നും അജയ് തറയിൽ. ഹൈക്കോടതി നിർദേശ പ്രകാരമാണ് ശബരിമലയിൽ അറ്റകുറ്റപ്പണി നടത്തിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എറണാകുളം: ശബരിമല കൊടിമര നിർമാണ ക്രമക്കേടിൽ മറുപടിയുമായി ദേവസ്വം ബോർഡ് മുൻ അംഗം അജയ് തറയിൽ. ഭക്തരിൽ നിന്ന് സ്വീകരിച്ച സ്വർണത്തിന്റെ കണക്കിൽ വീഴ്ചയില്ലെന്നും 412 ഗ്രാം സ്വർണം അധിക സംഭാവനയായി ലഭിച്ചുവെന്നും അജയ് തറയിൽ മാധ്യമങ്ങളോട് പറഞ്ഞു. ഹൈക്കോടതി നിർദേശ പ്രകാരമാണ് ശബരിമലയിൽ അറ്റകുറ്റപ്പണി നടത്തിയത്. തന്നെയും ചോദ്യം ചെയ്യുമെന്ന് ഒരു സിപിഎം നേതാവ് മുന്നറിയിപ്പ് നൽകി. അറസ്റ്റിനെ ഭയക്കുന്നില്ലെന്നും രാഷ്ട്രീയ നീക്കം ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കണക്കുകൾ കൃത്യമാണ്. ഇത് ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. വഴിപാടായി ലഭിച്ച സ്വർണത്തിന് രസീത് കൊടുക്കേണ്ട ജോലി പ്രസിഡൻ്റിനും മെംബർമാർക്കുമല്ല. തന്നെ ചോദ്യം ചെയ്യാൻ പദ്ധതിയുണ്ടെന്ന് സിപിഎം നേതാവ് നേരത്തെ വിളിച്ചു പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ യാത്ര എറണാകുളത്ത് എത്തുമ്പോഴാണ് ചോദ്യം ചെയ്യാനുള്ള നീക്കം. പ്രാഥമിക അന്വേഷണം നടത്താനുള്ള ഹൈക്കോടതി തീരുമാനത്തെ സന്തോഷത്തോടെ കാണുന്നുവെന്നും തൻ്റെ നിരപരാധിത്വം തെളിയിക്കാനുള്ള അവസരമാണെന്നും അജയ് തറയിൽ മാധ്യമങ്ങളോട് പറഞ്ഞു.
മുൻ അഡ്വ. കമ്മീഷണർ എഎസ്പി കുറുപ്പിന് കുരുക്ക്
ശബരിമല കൊടിമര നിർമ്മാണത്തിലെ സ്വർണം സ്വീകരിച്ചതിൽ മുൻ അഡ്വക്കേറ്റ് കമ്മീഷണർ എഎസ്പി കുറുപ്പ് ഗുരുതര ചട്ടലംഘനം നടത്തിയെന്ന് കണ്ടെത്തൽ. എക്സിക്യൂട്ടീവ് ഓഫീസറെ ബോർഡ് ചുമതലപ്പെടുത്തിയിട്ടും ഭക്തരിൽ നിന്ന് സ്വർണം സ്വീകരിച്ചത് കുറുപ്പാണെന്നാണ് ദേവസ്വം വിജിലൻസ് കണ്ടെത്തൽ. രേഖകളിൽ സ്വർണം കൈമാറിയവരുടെ പേര് വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും കണ്ടെത്തി.

