അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളായ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും.  

കണ്ണൂർ : അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ ബി.ഡി.എസ്. വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും. ഡോ. എം.കെ. റാം, ഡോ. കെ.ടി. സംഗീത നമ്പ്യാർ എന്നിവരാണ് കേസിലെ പ്രതികൾ.തലശ്ശേരി സെഷന്‍സ് കോടതിയില്‍ കേസിന്റെ വാദം പൂര്‍ത്തിയായിരുന്നു.

ദളിത് വിഭാഗത്തിൽപ്പെടുന്ന വ്യക്തിയായതിനാൽ തനിക്കെതിരെ എസ്.സി / എസ്.ടി. അതിക്രമ നിയമം ബാധകമല്ലെന്നായിരുന്നു ഡോ. എം.കെ റാമിന്റെ പ്രധാന വാദം. എന്നാൽ, ജാതി അധിക്ഷേപം നടത്തിയ ആൾ ഏത് ജാതിയിൽപ്പെടുന്നു എന്നതിനേക്കാൾ ഇരയുടെ ജാതിയാണ് ഇത്തരം കേസുകളിൽ പ്രധാനമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. 

ഏപ്രിൽ പത്തിനാണ് നിതിൻ രാജ് കോളജ് കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കിയത്. അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ നിരന്തരമായ ജാതി അധിക്ഷേപവും മാനസിക പീഡനവുമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം.

നിതിൻ രാജിന്റെ മരണത്തിന് കാരണം അധ്യാപകരുടെ പീഡനമല്ലെന്നും, ലോൺ ആപ്പുകാരുടെ ഭീഷണിയാണെന്നുമാണ് കോളജ് മാനേജ്‌മെന്റ് കോടതിയെ അറിയിച്ചത്. വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട് അധ്യാപികയ്ക്ക് നിരന്തരം കോളുകൾ വന്നിരുന്നതിനെക്കുറിച്ച് സംസാരിക്കാനാണ് നിതിനെ പ്രിൻസിപ്പലിന്റെ മുറിയിലേക്ക് വിളിച്ചതെന്നും ഇവർ വാദിക്കുന്നു. 

പ്രതിഷേധം ശക്തമായതിനെത്തുടർന്ന് ആരോപണവിധേയരായ അധ്യാപകരെ കോളേജ് മാനേജ്‌മെന്റ് സ്ഥാനത്തുനിന്ന് പുറത്താക്കിയിരുന്നു. ഇരുവരും നിലവിൽ ഒളിവിലാണെന്നാണ് റിപ്പോർട്ടുകൾ. കോടതി വിധി വരുന്നതോടെ പ്രതികളുടെ അറസ്റ്റ് ഉൾപ്പെടെയുള്ള തുടർന്നുള്ള നടപടികളിൽ വ്യക്തത വരും.

2026 ഏപ്രിൽ 10-ന് ഉച്ചയ്ക്ക് 1.20-ന് പ്രിൻസിപ്പലിന്റെ മുറിയിൽനിന്ന് കരഞ്ഞുകൊണ്ട് പുറത്തിറങ്ങിയ നിതിൻ രാജ്, കോളജ് കെട്ടിടത്തിന്റെ അഞ്ചാം നിലയിൽനിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു. അധ്യാപകരായ ഡോ. എം.കെ. റാം, ഡോ. സംഗീത നമ്പ്യാർ എന്നിവരിൽനിന്നുണ്ടായ നിരന്തരമായ ജാതി അധിക്ഷേപവും നിറത്തിന്റെ പേരിലുള്ള പരിഹാസവുമാണ് മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിക്കുന്നു. നിതിൻ നേരിട്ട പീഡനങ്ങൾ വിവരിക്കുന്ന ശബ്ദരേഖകളും പിന്നീട് പുറത്തുവന്നു. 

പ്രതികളായ അധ്യാപകർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റവും എസ്.സി/എസ്.ടി. അതിക്രമ നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.