കേരളത്തിന്‍റെ വികസന കുതിപ്പിനുള്ള ഏഷ്യാനെറ്റ് ന്യൂസ് ഗ്ലോബൽ കേരള ബിസിനസ് സമ്മിറ്റ് ഇന്ന് തിരുവനന്തപുരത്ത്. കഴിഞ്ഞ വർഷം അബുദബിയിൽ തുടക്കമിട്ട സമ്മിറ്റിന്റെ തുടർച്ചയാണ് തലസ്ഥാനത്ത് വികസന സംവാദം. വൈകിട്ട് ആറിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: കേരളത്തിന്‍റെ വികസന കുതിപ്പിനുള്ള ഏഷ്യാനെറ്റ് ന്യൂസ് ഗ്ലോബൽ കേരള ബിസിനസ് സമ്മിറ്റ് ഇന്ന് തിരുവനന്തപുരത്ത്. കഴിഞ്ഞ വർഷം അബുദബിയിൽ തുടക്കമിട്ട സമ്മിറ്റിന്റെ തുടർച്ചയാണ് തലസ്ഥാനത്ത് വികസന സംവാദം. 2050ലെ കേരളം എങ്ങിനെയായിരിക്കണമെന്ന ആശയം മുന്നോട്ട് വെക്കുന്ന സമ്മിറ്റ് ഇന്ന് വൈകിട്ട് ആറിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.തിരുവനന്തപുരം ഹോട്ടൽ ഹയാത്തിലാണ് പരിപാടി. വിവിധ മേഖലകളിലെ പ്രമുഖർ അണിചേരും. നമ്മുടെ കേരളത്തിനായി മലയാളികളുടെ സ്വന്തം ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന വിശാല സംവാദമാണ് ഗ്ലോബല്‍ കേരള ബിസിനസ് സമ്മിറ്റ്. കഴിഞ്ഞ വർഷം അബുദബിയിൽ ആയിരുന്നു ജികെബിഎസിന്‍റെ തുടക്കം. ആഗോളനിക്ഷേപം കേരളത്തിന്‍റെ വികസനത്തിന് എങ്ങനെ ഉപയോഗിക്കാമെന്ന് അന്ന് തുടങ്ങിയ സംവാദത്തിന്‍റെ തുടർച്ചയാണ് സംസ്ഥാനത്ത് സമ്മിറ്റ് സംഘടിപ്പിക്കുന്നത്.
കേരളത്തിലെ ആദ്യ സമ്മിറ്റാണ് ഇന്ന് തലസ്ഥാനത്ത് നടക്കുക. രാഷ്ട്രീയത്തിനപ്പുറത്തേക്ക് നാടിന്‍റെ വികസനത്തിനായുള്ള വലിയ കൈകോർക്കലാണ് സമിറ്റിന്‍റെ ലക്ഷ്യം. വികസനകുതിപ്പിനായി മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ എന്തൊക്കെ ആശയം മുന്നോട്ട് വെക്കുമെന്നതിലാണ് ആകാംക്ഷ. പിണറായി വിജയനൊപ്പം ഉദ്ഘാടന സെഷനിൽ മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുൻ കേന്ദ്രമന്ത്രി വി മുരളീധരനുമുണ്ട്. ഒപ്പം ഗ്ലോബൽ ഡിജിറ്റൽ ടെക്നോളജി ലീഡർ അഡ്വൈസർ ഇക്യൂടി ഗ്രൂപ്പ് ടോണി തോമസും പങ്കെടുക്കും. ലോകത്തിന്‍റെ ചരക്ക് നീക്ക ഭൂപടത്തിലേക്ക് നങ്കൂരമിട്ട വിഴിഞ്ഞം അടിസ്ഥാനമാക്കിയുള്ള വിഴിഞ്ഞം വികസനത്തിന്‍റെ നിധി നിക്ഷേപം എന്ന പേരിൽ മറ്റൊരു സംവാദവും നടക്കും.
തുറമുഖമന്ത്രി വിഎൻ വാസവൻ, കിഎഫ് ബി സിഇഒ കെഎം എബ്രഹാം, അദാനി വിഴിഞ്ഞം പോർട്ട് സിഇഒ പ്രദീപ് ജയരാമൻ, കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം മുൻ സെക്രട്ടറി കെ മോഹൻദാസ് എന്നിവരാണ് പാനലിലുണ്ടാകുക. എ-ഐ ആൻറ് ഐടി വിഷൻ ഫോർ ഫ്യൂച്ചർ എന്ന വിഷയത്തിലെ ചർച്ചയിൽ യുഎസ് ഗ്ലോബൽ പ്രസിഡന്‍റ് അലക്സാണ്ടർ വർഗ്ഗീസ്, കേരള സ്പേസ് പാർക്ക് അഡ്വൈസർ ഹരി ഗോപിനാഥ്, ഐബിഎം ഡാറ്റാ ആൻറ് എഐ ഡയറക്ടർ മാധുരി ഡി മാധവൻ, ടെക്നോപാർക്ക് മുൻ സിഇഒ ജി വിജയരാഘവൻ, കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് പി അംബിക എന്നിവർ ചേരും. കേരളത്തിനകത്തും പുറത്തും മികച്ച ബിസിനസ് മാതൃക തീർത്ത പ്രമുഖരാണ് സംവാദത്തിൽ പങ്കെടുത്ത് അവരുടെ അനുഭവം പങ്ക് വെക്കുന്നത്.



