പെൺകുട്ടി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ ഏറെ ദുരൂഹതയുണ്ടെന്നും കുടുംബം ആവർത്തിച്ച് ആരോപിക്കുന്നു. പൊലീസിൽ പരാതി നൽകുമെന്നും കുടുംബം അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത ആലത്തൂർ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പാലക്കാട്: ആലത്തൂരിലെ 20 വയസുകാരി അസ്നയുടെ മരണത്തിൽ ഭർത്താവ് അബ്ദുറഹ്മാനും കുടുംബത്തിനുമെതിരെ പെൺകുട്ടിയുടെ മാതാപിതാക്കൾ. അസ്ന ഭർതൃവീട്ടിൽ നേരിട്ടത് കൊടിയ മാനസിക പീഡനമെന്നും ഏക മകളായ അസ്ന ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും കുടുംബം പറയുന്നു. ഭർതൃകുടുംബത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകുമെന്ന് അസ്‌നയുടെ മാതാപിതാക്കൾ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.

ആലത്തൂർ ഇരട്ടക്കുളം സ്വദേശി അബ്ദുറഹ്മനുമായി ഒരു വർഷം മുമ്പാണ് അസ്‌നയുടെ വിവാഹം നടന്നത്. സ്കൂളിൽ ചേർക്കാൻ വൈകിയതിനാൽ ഇരുപതാം വയസിലും അസ്ന പ്ലസ് ടു പഠനം തുടരുകയായിരുന്നു. ഭർത്താവും വീട്ടുകാരും ചേർന്ന് കഠിന ജോലികൾ ചെയ്യിച്ചും പരിഹസിച്ചും വഴക്കുപറഞ്ഞും ഏക മകളായ അസ്നയെ നിരന്തരം ചൂഷണം ചെയ്തെന്നാണ് മാതാപിതാക്കളുടെ പരാതി. സഹിക്കവയ്യാതെ അസ്ന വീട് വീട്ടിറങ്ങിയെന്നും എന്നാൽ പിന്നാലെയെത്തിയ ഭർത്താവ് അബ്ദുറഹ്മാൻ തിരികെ കൂട്ടിക്കൊണ്ടുപോയെന്നും കുടുംബം പറയുന്നു. എലിവിഷം ഉള്ളിൽച്ചെന്നതും ആശുപത്രിയിൽ പ്രവേശിപ്പിച്ചതും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഭർതൃവീട്ടുകാർ മറച്ചുവച്ചെന്ന് ആരോപണമുണ്ട്. 

പരീക്ഷയ്ക്ക് മാർക്ക് കുറയും എന്ന പേടിയിൽ ആത്മഹത്യ ചെയ്തതാണ് എന്ന് വരുത്തിതീർക്കാൻ ഭർതൃവീട്ടുകാരുടെ ശ്രമമുണ്ടെന്നും അസ്‌നയുടെ കുടുംബം പറയുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത ആലത്തൂർ പൊലീസ് അന്വേഷണം തുടങ്ങി. ഭർതൃകുടുംബത്തിനെതിരെ പരാതി നൽകി കൂടുതൽ അന്വേഷണം ആവശ്യപ്പെടാനാണ് അസ്‌നയുടെ കുടുംബത്തിന്റെ തീരുമാനം.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News