പവൻ ഖേരയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് ജസ്റ്റിസ് ജെ കെ മഹേശ്വരിയുടെ അദ്ധ്യക്ഷതയിലുള്ള ബഞ്ച് വ്യക്തമാക്കി. പവൻ ഖേരയുടെ അപേക്ഷ തള്ളിയ ഗുവാഹത്തി ഹൈക്കോടതി വിധിയിൽ പിഴവുകളുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ദില്ലി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യ റിനികി ഭുയാനെതിരെ വ്യാജ രേഖ ചമച്ചു എന്ന കേസിൽ കോൺഗ്രസ് നേതാവ് പവൻ ഖേരയ്ക്ക് മുൻകൂർ ജാമ്യം നൽകി സുപ്രീംകോടതി. പവൻ ഖേരയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് ജസ്റ്റിസ് ജെ കെ മഹേശ്വരിയുടെ അദ്ധ്യക്ഷതയിലുള്ള ബഞ്ച് വ്യക്തമാക്കി. പവൻ ഖേരയുടെ അപേക്ഷ തള്ളിയ ഗുവാഹത്തി ഹൈക്കോടതി വിധിയിൽ പിഴവുകളുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഹിമന്ത ബിശ്വ ശർമ്മ പവൻ ഖേരയ്ക്കെതിരെ പാർലമെൻററി മര്യാദയ്ക്ക് നിരക്കാത്ത പരാമർശങ്ങൾ നടത്തിയതും അറസ്റ്റു ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതും ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളാണ് കേസിന് അധാരമെന്നും വ്യക്തിസ്വാതന്ത്ര്യം കൂടി സംരക്ഷിച്ചു വേണം ഇത്തരം വിഷയങ്ങളിൽ തീർപ്പുണ്ടാക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു. ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യയ്ക്ക് മൂന്ന് പാസ്പോർട്ട് ഉണ്ടെന്ന പവൻ ഖേരയുടെ ആരോപണമാണ് കേസിന് ഇടയാക്കിയത്. ആസമിലെ വോട്ടെടുപ്പിന് തൊട്ടു മുമ്പ് പവൻ ഖേര വാർത്താ സമ്മേളനത്തിൽ കാണിച്ച പാസ്പോർട്ടുകൾ വ്യാജമാണെന്ന് ആസം പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ആസം പൊലീസ് അറസ്റ്റിനായി ദില്ലിയിൽ എത്തുന്നതറിഞ്ഞ് ഹൈദരാബാദിലേക്ക് രക്ഷപ്പെട്ട പവൻ ഖേരയ്ക്ക് ഇപ്പോൾ സുപ്രീംകോടതി ഉത്തരവ് ആശ്വാസമായി.


