അട്ടപ്പാടിയിൽ കർഷകൻ ആത്മഹത്യചെയ്ത സംഭവത്തില്‍ റവന്യൂ ഡെപ്യൂട്ടി സെക്രട്ടറി അനു എസ് നായരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്
പാലക്കാട് അട്ടപ്പാടിയിൽ ആത്മഹത്യ ചെയ്ത കർഷകനായ കൃഷ്ണസ്വാമിയുടെ ഭൂമിയിൽ വില്ലേജ് അധികൃതർ ക്രമക്കേട് നടത്തിയെന്ന് ഗുരുതര കണ്ടെത്തൽ. കാവുണ്ടിക്കലെ കൃഷ്ണസ്വാമിയുടെ ആത്മഹത്യക്കു പിന്നാലെ റവന്യൂ ഡെപ്യൂട്ടി സെക്രട്ടറി അനു എസ് നായരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് കണ്ടെത്തൽ. കർഷകൻ ഭൂമി വിറ്റിട്ടില്ലെന്നും കൈമാറ്റം നടന്നപ്പോൾ റവന്യൂ രേഖകളിൽ കൃത്രിമത്വം കാണിച്ചെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
വിശദ വിവരങ്ങൾ
വർഷങ്ങളായി നികുതിയടച്ചുവന്ന ഭൂമി തന്‍റേതല്ലെന്ന് വില്ലേജ് അധികൃതർ എഴുതി നൽകിയതോടെയാണ് കഴിഞ്ഞ വർഷം ഒക്ടോബർ 20 ന് കർഷകനായ കൃഷ്ണസ്വാമി ആത്മഹത്യ ചെയ്തത്. ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ലാൻഡ് അക്വസിഷൻ ഡെപ്യൂട്ടി കലക്ടർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വില്ലേജ് ഓഫീസർക്ക് ക്ലീൻ ചിറ്റ് നൽകി. പിന്നാലെ റവന്യു ഡെപ്യുട്ടി സെക്രട്ടറി അനു എസ് നായരും സംഘവും നേരിട്ടെത്തി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. കൃഷ്ണസ്വാമി ആർക്കും ഭൂമി വിറ്റിട്ടില്ല, ഭൂമിയുടെ കൈമാറ്റം നടന്നപ്പോൾ, റവന്യൂ രേഖകളിൽ പഴയ ഉടമയുടെ പേര് മാറ്റി പുതിയ ഉടമയുടെ പേര് ചേർത്തു, ലൈസൻസുള്ള ആധാരം എഴുത്തുകാർ, സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥർ, വില്ലേജ് ഓഫീസിലെ ജീവനക്കാർ എന്നിവർ കൃത്രിമത്വം കാണിച്ചു, തുടങ്ങിയവയാണ് അന്വേഷണ റിപ്പോർട്ടിലെ സുപ്രധാന കണ്ടെത്തലുകൾ. സമാന സ്വഭാവത്തിലുള്ള കേസുകൾ ലാൻഡ് റവന്യൂ കമീഷണർ അന്വേഷിക്കണം, കൃഷ്ണസ്വാമിയുടെ രേഖകളിൽ തിരിമറി നടത്തിയ വില്ലേജ് ഓഫീസർക്കെതിരെ നടപടി വേണം, രജിസ്ട്രേഷൻ വകുപ്പ്, ആധാരം എഴുത്തുകാരുടെ പങ്കിനെ കുറിച്ച് അന്വേഷിക്കണം, അട്ടപ്പാടി താലൂക്കിലെ എല്ലാ വില്ലേജുകളിലേയും റീസർവേയിൽ നൽകിയ രേഖകൾ വീണ്ടും പരിശോധിക്കണം, ഭൂ സർവേ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് സർക്കാർ അനുമതി നിർബന്ധമാക്കണം, പരാതിയുള്ള രേഖകൾ പരിശോധിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നുണ്ട്. കൃഷ്ണസ്വാമിയുടെ ആത്മഹത്യക്കു പിന്നാലെ റവന്യുവകുപ്പ് ഭൂമിക്ക് നികുതിയടച്ച് നൽകി. അപ്പോഴും കർഷകന്‍റെ ഭൂമിക്ക് ആര് വ്യാജരേഖയുണ്ടാക്കി, എങ്ങനെ ഭൂമി തട്ടിയെടുത്തു എന്ന ചോദ്യം ബാക്കിയാണ്.


