കൊല്ലം നീണ്ടകരയിൽ കടലിൽ കുളിക്കുന്നതിനിടെ ചുഴിയിൽപ്പെട്ട സഹോദരനെ രക്ഷിക്കാൻ ശ്രമിക്കവെ കാണാതായ പത്താം ക്ലാസുകാരൻ അമൽജിത്തിന്‍റെ മൃതദേഹം കണ്ടെത്തി.
കൊല്ലം: കടലിൽ കുളിക്കുന്നതിനിടെ കാണാതായ സഹോദരനെ രക്ഷിക്കാൻ ശ്രമിക്കവെ ചുഴിയിൽ പെട്ട പത്താം ക്ലാസുകാരന്‍റെ മൃതദേഹം കണ്ടെത്തി. നീണ്ടകര പുത്തൻതുറ ചെറുകരയിൽ രഞ്ജിത്തിന്‍റെയും പ്രിയങ്കയുടെയും മകൻ അമൽജിത്ത് (15) ആണ് മരിച്ചത്.
ഈ മാസം 20ന് വൈകിട്ട് 6 മണിക്ക് ബേക്കറി ജങ്ഷന് സമീപം കടലിൽ കുളിക്കാൻ എത്തിയതായിരുന്നു അമൽജിത്തും സഹോദരൻ സൂര്യജിത്തും. ഇരുവരെയും കൂടാതെ മൂന്ന് പേർ കൂടിയാണ് സംഘത്തിലുണ്ടായിരുന്നത്. കുളിക്കുന്നതിനിടെ ചുഴിയിൽ പെട്ട സഹോദരൻ സൂര്യജിത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അമൽജിത്തിനെ കാണാതായത്.
കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയ കട്ടമരം തൊഴിലാളികൾ സൂര്യജിത്തിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചു. സൂര്യജിത്തിനെ രക്ഷപ്പെടുത്തിയെങ്കിലും രക്ഷാപ്രവർത്തനത്തിനിറങ്ങിയ അമൽജിത്തിനെ കാണാതായി. രണ്ടു ദിവസമായി തീരദേശ പൊലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ പുത്തൻതുറ ഭാഗത്ത് കോവിൽത്തോട്ടം ലൈറ്റ് ഹൗസിനു സമീപം മൃതദ്ദേഹം കണ്ടെത്തി. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്.
നീണ്ടകര ഹാർബറിൽ എത്തിച്ച മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. തുടർന്ന് സ്കൂളിലും വീട്ടിലും പൊതുദർശനത്തിനുശേഷം സംസ്കരിച്ചു. നീണ്ടകര പുത്തൻതുറ അരയസേവ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് അമൽജിത്ത്.


