തൃശ്ശൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരായ കൈക്കൂലി ആരോപണത്തിൽ ചികിത്സാ രേഖകളുമായി ഹാജരക്കാൻ സനൂപിന്‍റെ കുടുംബത്തിന് തൃശൂര്‍ ഡിഎംഒ നിര്‍ദേശം നൽകി. ഇതിനിടെ,സനൂപിന്‍റെ ചികിത്സാ ചെലവ് കെസി വേണുഗോപാൽ ഏറ്റെടുക്കും
തൃശൂര്‍: തൃശ്ശൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരായ കൈക്കൂലി ആരോപണത്തിൽ ചികിത്സാ രേഖകളുമായി ഹാജരക്കാൻ സനൂപിന്‍റെ കുടുംബത്തിന് തൃശൂര്‍ ഡിഎംഒ നിര്‍ദേശം നൽകി. തൃശ്ശൂർ ജില്ലാ ആശുപത്രിയിലെ ഡോക്ടർ പ്രവീണിനെതിരെ ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് സനൂപിന്‍റെ കുടുംബം പ്രതികരിച്ചത്. ചികിത്സയ്ക്ക് ഡോക്ടറെ കൈക്കൂലി വാങ്ങി എന്നും, സൗജന്യ മരുന്നുകൾ ലഭിക്കുന്നതിന് ഒപ്പിടേണ്ട ഫയലുകൾ വലിച്ചെറിഞ്ഞെന്നും സനൂപിന്റെ അമ്മ ആരോപിച്ചിരുന്നു. എന്നാൽ, തൃശ്ശൂർ മെഡിക്കൽ കോളേജിന് എതിരായ ചികിത്സാ പിഴവ് പരാതിയിൽ യാതൊരു നടപടിയും ഉണ്ടായിട്ടില്ല..
ചികിത്സ പിഴവിനെ തുടർന്ന്തൃശൂർ മെഡിക്കൽ കോളേജിൽ വെച്ച് തൃക്കൂര്‍ സ്വദേശി സനൂപിന്‍റെ കണ്ണിലെ കൃഷ്ണമണികൾ നീക്കേണ്ടി വന്നുവെന്നാണ് കുടുംബത്തിന്‍റെ പരാതി. ഇതിന്‍റെ തുടർചികിത്സയ്ക്കായി തൃശ്ശൂർ ജില്ലാ ജനറൽ ആശുപത്രിയിലെത്തിയപ്പോഴാണ് ഡോക്ടർക്ക് സനൂപിനെ ചികിത്സിക്കുന്നതിനായി കൈക്കൂലി നൽകേണ്ടി വന്നതെന്നായിരുന്നു ആരോപണം.
അതേസമയം, സനൂപിന്‍റെ ദുരവസ്ഥയിൽ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഇടപെട്ടു. സനൂപിന്‍റെ ചികിത്സാ ചെലവ് കെസി വേണുഗോപാൽ വഹിക്കുമെന്ന അറിയിച്ചെന്ന് അനിൽ അക്കരെ പറഞ്ഞു. മാർച്ച് രണ്ടിന് കോയമ്പത്തൂർ അരവിന്ദ് ഹോസ്പിറ്റലിൽ ചികിത്സയ്ക്കായി സനൂപിനെ പ്രവേശിപ്പിക്കും. സനൂപിന് അടിയന്തരമായി നൽകുന്ന സ്മാർട്ട് ഗ്ലാസിന്‍റെയും ആശുപത്രിയിലെ എല്ലാ ചികിത്സയുടെയും ചെലവ് വേണുഗോപാൽ ഏറ്റെടുത്തുവെന്നും അനിൽ അക്കരെ അറിയിച്ചു.ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിലൂടെ ദുരവസ്ഥ സനൂപും അമ്മയും പറഞ്ഞതിന് പിന്നാലെ എല്ലാവിധ സഹായങ്ങളും നൽകുമെന്ന് തൃക്കൂരിലെ വീട്ടിലെത്തിയ അനിൽ അക്കര ഉറപ്പു നൽകിയിരുന്നു.
സനൂപിനെ ഇരുട്ടിൽ ആക്കിയതാര് എന്ന ചോദ്യം ബാക്കിനിൽക്കെയാണ് ഇന്നലെ നമസ്തേ കേരളത്തിൽ സനൂപിന്‍റെ അമ്മ വത്സല തൃശൂര്‍ ജനറൽ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത്. ഇരു കൃഷ്ണമണികളും നീക്കം ചെയ്ത് മെഡിക്കൽ കോളേജിൽനിന്ന് തൃശ്ശൂർ ജില്ല ജനറൽ ആശുപത്രിയിൽ എത്തിയ സനൂപിനെ ആരും തിരിഞ്ഞു നോക്കിയില്ല. സൗജന്യമായി മരുന്നു ലഭിക്കാൻ ഡോക്ടറുടെ ഒപ്പ് വേണമായിരുന്നു. ഇതിനായി ഡോ. പ്രവീണിന്‍റെ മുറിയിൽ മുറിയിൽ കയറിയപ്പോൾ കണ്ടത് സ്ത്രീയുടെ കൈയിൽനിന്ന് 200രൂപ വാങ്ങുന്നതാണെന്നും ഇതിന് പിന്നാലെ ഒപ്പിട്ട് നൽകേണ്ടിയിരുന്ന തന്‍റെ കയ്യിലെ ഫയലുകൾ ഡോക്ടർ വലിച്ചെറിഞ്ഞുവെന്നുമായിരുന്നു സനൂപിന്‍റെ അമ്മയുടെ തുറന്നുപറച്ചിൽ. മൂന്നുദിവസം പിന്നിട്ടിട്ടും ചികിത്സ ലഭിക്കാതെ വന്നതോടെ ഡോക്ടറുടെ ക്ലിനിക്കിൽ എത്തി 1500 രൂപ നൽകി. ഇതിന് പിറ്റേന്ന് ഡോക്ടർ സനൂപിനെ നോക്കാനെത്തിയെന്നും വത്സല പറഞ്ഞു. തൃശ്ശൂർ മെഡിക്കൽ കോളേജ് മെഡിക്കൽ കോളേജിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥ വലിയ രീതിയിൽ ചർച്ച ആയിട്ടും യാതൊരുവിധത്തിലുള്ള പ്രതികരണവും അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. ഇതിനിടെ മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ ഓഫീസിനു മുന്നിൽ കോൺഗ്രസ് പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു.



