ഈ ദിവസങ്ങളിൽ നടന്നത് ഇന്ത്യൻ ഭരണഘടനയ്ക്ക് എതിരായ പ്രവർത്തനങ്ങൾ ആണെന്ന് ഭരണകർത്താക്കൾ പറയണമെന്ന് മാർ ആൻഡ്രൂസ് താഴത്ത്. തീവ്രവാദികൾ നടത്തുന്നുവെന്ന് പറഞ്ഞ് നിഷ്ക്രിയത്വവും മൗനവും പാലിക്കുന്നത് ഭരണഘടനക്കെതിരാണെന്നും സിബിസിഐ അധ്യക്ഷൻ. 

തൃശൂർ: ക്രിസ്മസ് ദിനത്തിലെ ആക്രമണങ്ങൾക്കെതിരെ പ്രതികരണവുമായി സിബിസിഐ അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത്. ക്രൈസ്തവമതം ഭാരതത്തിന്റേത് കൂടിയാണെന്നും നിർബന്ധിത മതപരിവർത്തനം ഇവിടെ നടന്നിരുന്നെങ്കിൽ 2.7 ശതമാനത്തിൽ ക്രൈസ്തവർ ഒതുങ്ങില്ലായിരുന്നുവെന്നും മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. ഈ ദിവസങ്ങളിൽ നടന്നത് ഇന്ത്യൻ ഭരണഘടനയ്ക്ക് എതിരായ പ്രവർത്തനങ്ങൾ ആണെന്ന് ഭരണകർത്താക്കൾ പറയണം. തീവ്രവാദികൾ നടത്തുന്നു എന്ന് പറഞ്ഞ് നിഷ്ക്രിയത്വവും മൗനവും പാലിക്കുന്നത് ഭരണഘടനക്കെതിരാണ്. ഭരണകർത്താക്കൾ പ്രവർത്തിക്കാത്തത് വേദനാജനകമാണ്. എത്ര ആക്രമിച്ചാലും ഞങ്ങൾ രാജ്യത്തിനുവേണ്ടി നിലകൊള്ളുമെന്നും മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.

നേരത്തെ, ക്രൈസ്തവർക്കെതിരായ അതിക്രമത്തിൽ ക്രിസ്മസ് ദിനത്തിൽ ആശങ്കകൾ പങ്കുവെച്ച് സംസ്ഥാനത്തെ സഭാമേലധ്യക്ഷൻമാർ രം​ഗത്തെത്തിയിരുന്നു. വെറുപ്പുണ്ടാക്കുന്നവരുടെ ഹൃദയത്തിലും വെളിച്ചം വീശട്ടെയെന്ന് കർദ്ദിനാൾ ക്ലിമിസ് കാതോലിക്കാ ബാവ പറഞ്ഞു. ഇന്ത്യയെ മതരാഷ്ട്ര പട്ടികയിലേക്ക് മാറ്റാൻ ആരോ ശ്രമിക്കുകയാണെന്ന് സിറോ മലബാർസഭ പ്രതികരിച്ചു. സഭകളുടെ ആശങ്കകൾ ബിജെപിക്ക് എതിരായ ആയുധമാക്കുകയാണ് കോൺഗ്രസും സിപിഎമ്മും. ഉത്തർപ്രദേശിലും ഛത്തീസ്ഗഢിലും പാലക്കാടുമടക്കം ഉണ്ടായ വ്യാപക അക്രമങ്ങൾ ആഴത്തിൽ മുറിവേൽപ്പിച്ചെന്ന് കാണിക്കുന്ന പ്രതികരണങ്ങളാണ് പാതിരാ കുർബാനയിലും ക്രിസ്മസ് ദിനത്തിലും വിവിധ സഭകളുടെയും സഭാ മേലധ്യക്ഷൻമാരുടെയും വാക്കുകളിൽ പ്രകടമാകുന്നത്. ഒറ്റപ്പെട്ട സംഭവങ്ങൾ എന്ന് പറഞ്ഞ് ചുരുക്കിയത് ആവർത്തിക്കുകയാണ് രാജ്യത്തെന്ന് സിറോ മലബാർ സഭയുടെ പ്രതികരണം.

സഭാ നേതൃത്വത്തിന്റെ ആശങ്കൾ ബിജെപിയ്ക്ക് എതിരായ ആയുധമാക്കുകയാണ് സിപിഎമ്മും കോൺഗ്രസും. കേക്കുമായി വന്നവർ കരോൾ കണ്ടാൽ ആക്രമിക്കുന്നവരായി മാറിയെന്നായിരുന്നു പ്രതികരണം. സംസ്ഥാനത്ത് ക്രിസ്ത്യൻ വോട്ട് സമാഹരിക്കാനുള്ള ബിജെപി നീക്കം തദ്ദേശ തെരഞ്ഞെടുപ്പിൽ പാളിയെന്ന വിലയിരുത്തിലിലാണ് ബിജെപി നേതൃത്വം. ഇതിനിടയിലാണ് കേരളത്തിലും ഇത്തരം സംഭവങ്ങളുണ്ടാകുന്നത്. ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് ഒഴിയാൻ ശ്രമിക്കുന്നുണ്ടെങ്കിലും സഭാ നേതൃത്വം ഉയർത്തിയ ആശങ്ക ബിജെപിയെ പ്രതിരോധത്തിലാക്കും.

YouTube video player