മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്ന 19 പേരാണ് കേസിലെ പ്രതികൾ. കൊലപാതകം നടന്നു 13 വർഷങ്ങൾക്ക് ശേഷമാണ് വിധി വന്നത്.

ആലപ്പുഴ: ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാൽ വധക്കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്. കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളെ വെറുതെ വിട്ടത്. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്ന 19 പേരാണ് കേസിലെ പ്രതികൾ. കൊലപാതകം നടന്നു 13 വർഷങ്ങൾക്ക് ശേഷമാണ് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വന്നത്. കോന്നി എൻഎസ്എസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്ന വിശാലിന് 2012 ജൂലൈ പതിനാറിനാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ വിശാൽ പിറ്റേന്നാണ് മരിച്ചത്. 

നിരാശാജനകമായ വിധിയാണെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പ്രതികരിച്ചു. കോടതിക്ക് മുന്നിൽ തെളിവുകളും സാക്ഷികളേയും ഹാജരാക്കിയിരുന്നു. എന്നാൽ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി നിരാശ നൽകുന്നതാണെന്നും വിധിക്കെതിരെ അപ്പീൽ പോവുമെന്നും പ്രോസിക്യൂട്ടർ വ്യക്തമാക്കി. നിരാശാജനകമായ വിധിയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി പികെ ഗോപകുമാർ പ്രതികരിച്ചു. പ്രതികളെ രക്ഷിക്കാൻ ആദ്യ ഘട്ടത്തിൽ സർക്കാരും പൊലീസും ഗൂഢാലോചന നടത്തി. കോടതി വേണ്ട രീതിയിൽ വിശകലനം ചെയ്തില്ല. പ്രതികൾക്ക് രക്ഷപ്പെടാൻ പഴുതൊരുക്കി. വിജയിച്ചത് സർക്കാർ ആണെന്നും പികെ ഗോപകുമാർ പറഞ്ഞു.

എബിവിപിയുടെ ചെങ്ങന്നൂരിലെ സജീവ പ്രവർത്തകനായിരുന്നു 19കാരനായ വിശാൽ. സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി ആദ്യവർഷ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യാൻ എബിവിപി സംഘടിപ്പിച്ച ക്രിസ്ത്യൻ കോളേജിലെ പരിപാടിക്കായി എത്തിയപ്പോൾ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. എബിവിപി പ്രവർത്തകരായ വിഷ്ണുപ്രസാദിനും ശ്രീജിത്തിനുമുൾപ്പെടെ പത്തോളം പേർക്ക് അന്ന് ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പ്രതികളുടെ അറസ്റ്റ് വൈകുന്നുവെന്ന പരാതിയെ തുടർന്ന് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 20 പേരാണ് കേസിൽ അറസ്റ്റിലായത്. സാക്ഷികളായ ക്യാമ്പസിലെ കെ എസ് യു- എസ് എഫ് ഐ പ്രവർത്തകർ വിചാരണവേളയിൽ മൊഴി മാറ്റിയിരുന്നു. കേസിലെ 19 പ്രതികളും നിലവിൽ ജാമ്യത്തിലാണ്.

ആദ്യത്തെ 12 പ്രതികളാണ് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തത്. പന്തളം സ്വദേശികളായ നാസിം, ഷെഫീഖ്, അൻസാർ ഫൈസൽ, ആസിഫ് മുഹമ്മദ്, സനൂജ്, ചെറിയനാട് സ്വദേശികളായ ആഷിക്ക്, നാസിം, അൽ താജ്, സഫീർ, അഫ്സൽ, വെൺമണി സ്വദേശിയായ ഷമീർ റാവുത്തർ തുടങ്ങിയവരാണ് കേസിലെ പ്രധാന പ്രതികൾ. കേസിൽ പ്രായപൂർത്തിയാകാത്ത ഒരു പ്രതിയും ഉൾപ്പെട്ടിരുന്നു. കേസിൽ 19 പ്രതികളുടെ വിധിയാണ് ഇന്ന് പ്രഖ്യാപിച്ചത്. 

YouTube video player