സ്വകാര്യ ബസുകൾ ഓടുന്ന റൂട്ടുകളിൽ നിന്ന് കെഎസ്ആർടിസി ബസുകളെ ഒഴിവാക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രൈവറ്റ് ബസുകളോട് മത്സരിക്കാൻ ഇല്ലെന്നായിരുന്നു ഗതാഗത മന്ത്രിയുടെ പ്രഖ്യാപനം.
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് റൂട്ട് വിഷയത്തിൽ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെ നിയമസഭയിൽ പരസ്യമായി തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ ബസുകൾ ഓടുന്ന റൂട്ടുകളിൽ കെഎസ്ആർടിസി ഒഴിവാക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് സർക്കാർ നയമല്ലെന്നും അനാരോഗ്യകരമായ മത്സരം വേണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കെഎസ്ആർടിസി ബസുകൾ ഒഴിവാക്കുന്നത് വിഷമമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രൈവറ്റ് ബസുകളോട് മത്സരിക്കാൻ ഇല്ലെന്നായിരുന്നു ഗതാഗത മന്ത്രിയുടെ പ്രഖ്യാപനം.
പ്രൈവറ്റ് ബസുകളോട് മത്സര ഓട്ടത്തിന് ഇല്ലെന്നായിരുന്നു ഗതാഗത മന്ത്രിയുടെ നിലപാട്. പ്രൈവറ്റ് ബസ്സുകളോട് മത്സരിക്കേണ്ടെന്ന് കെഎസ്ആർടിസിക്ക് മന്ത്രി നിർദ്ദേശം നൽകിയിരുന്നു. സ്വകാര്യ ബസ് സർവീസ് ഒരു ബിസിനസ് ആണ്. അവരെ ബുദ്ധിമുട്ടിക്കാൻ ഇല്ല. ഒരു ബസും ഇല്ലാത്ത റൂട്ടിലേക്ക് ആ ബസുകൾ മാറ്റി. അത് വരുമാനം വർദ്ധിപ്പിച്ചു എന്നും മന്ത്രി പറഞ്ഞിരുന്നു. നിയമസഭയിൽ ഗതാഗത മന്ത്രി കത്തിക്കയറുന്നതിനിടെ മുഖ്യമന്ത്രി എഴുന്നേറ്റു. അനാരോഗ്യ മത്സരം വേണ്ടെന്നും എന്നാൽ സ്വകാര്യ ബസ് ഓടുന്ന റൂട്ടുകളിൽ നിന്ന് കെഎസ്ആർടിസിയെ പിൻവലിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘’ബസ്സോടാത്ത റൂട്ടുകളിൽ കെഎസ്ആർടിസി ബസ് ഓടിക്കുന്നത് ഒക്കെ കൊള്ളാം. പക്ഷെ അത് സ്വകാര്യ ബസ് റൂട്ടിൽ നിന്ന് പിന്മാറിക്കൊണ്ട് ആകരുതെന്നായിരുന്നു.'' മുഖ്യമന്ത്രിയുടെ തിരുത്ത്.
മുഖ്യമന്ത്രി പറഞ്ഞ് നിർത്തിയതിന് പിന്നാലെ അതുവരെ ഉണ്ടായിരുന്ന ആവേശത്തിന് ഗതാഗത മന്ത്രി ബ്രേക്കിട്ടു. നിലപാടില്‍ നിന്ന് മന്ത്രി യു ടേൺ എടുത്തു. കെഎസ്ആര്‍ടിസി ജീവനക്കാരുടേയും പെൻഷൻകാരുടേയും ക്ഷേമത്തിന് സർക്കാരും വകുപ്പും ചെയ്ത കാര്യങ്ങൽ ചോദ്യോത്തര വേളയിൽ ഗതാഗതമന്ത്രി അക്കമിട്ടു. എന്നാൽ മുഖ്യമന്ത്രി ഇടപെട്ടതിന് പിന്നാലെ ഗതാഗത മന്ത്രി നിലപാട് തിരുത്തി. ബസുകൾ പിൻവലിക്കില്ലെന്ന് മന്ത്രി അറിയിച്ചു. മത്സരയോട്ടത്തിന് ഇല്ലെന്ന് മാത്രമാണ് ഉദ്ദേശിച്ചതെന്നും കൂടി തിരുത്തിൽ ഉൾപ്പെടുത്തിയാണ് മന്ത്രി തലയൂരിയത്. കെഎസ്ആർടിസി ബസുകൾ പിൻവലിക്കാൻ കഴിയില്ലെന്നും മത്സര ഓട്ടത്തിന് ഇല്ലെന്ന് മാത്രമാണ് നിലപാടെന്നും കെ ബി ഗണേഷ് കുമാർ വ്യക്തമാക്കി.



