ഡോ. സി ജെ റോയ് ആത്മഹത്യ മുൻകൂട്ടി തീരുമാനിച്ചിരുന്നതായി സംശയം. ആദായനികുതി വകുപ്പിന്റെ റെയ്ഡിനെ തുടർന്നുള്ള സമ്മർദ്ദമാണ് മരണകാരണമെന്ന് സൂചനയുണ്ടെന്നും പ്രത്യേക സംഘം.
ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോക്ടർ സി ജെ റോയ് ആത്മഹത്യ ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നെന്ന് സംശയം. ഒമ്പത് പേജുകളുള്ള ആത്മഹത്യാക്കുറിപ്പ് കുടുംബാംഗങ്ങൾക്ക് ലഭിച്ചതായി വിവരം. വിദേശ നിക്ഷേപങ്ങളിൽ തിരിച്ചടി നേരിട്ടിരുന്നു എന്ന വിവരം കുറിപ്പിലുണ്ട്. ജനുവരി 31ന് സഹോദരനെ വിളിച്ചത് ജീവനൊടുക്കാൻ തീരുമാനിച്ച ശേഷമാണ് എന്നാണ് സൂചന. ആദായനികുതി വകുപ്പിന്റെ ഇടപെടലിൽ റോയ് സമ്മർദ്ദത്തിലായിരുന്നു. അതേസമയം, പ്രത്യേക സംഘം അന്വേഷണം ഊർജ്ജിതമാക്കി. അന്വേഷണസംഘം ഐടി ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്യാൻ വീണ്ടും വിളിപ്പിക്കും. പ്രാഥമിക വിവരശേഖരണം മാത്രമാണ് ഇന്നലെ നടത്തിയതെന്ന് എസ്ഐടി അറിയിച്ചു. ബെംഗളൂരു വിട്ടു പോകരുതെന്ന് ഐടി ഉദ്യോഗസ്ഥരോട് രേഖാമൂലം നിർദ്ദേശം നൽകി.
സ്വന്തം ഓഫീസ് മുറിയിൽ ഡോക്ടർ സി ജെ റോയ് സ്വയം വെടിയുതിർത്ത് മരിച്ച് നാലാം ദിവസമാണ് അദ്ദേഹം ആത്മഹത്യ ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നു എന്ന വിവരം പുറത്തുവരുന്നത്. മരണത്തിന് മുമ്പ് അദ്ദേഹം തയ്യാറാക്കി വെച്ചിരുന്ന 9 പേജുകൾ അടങ്ങിയ കുറിപ്പാണ് കുടുംബാംഗങ്ങൾക്ക് ലഭിച്ചത്. താൻ നേരിട്ടിരുന്ന പ്രതിസന്ധികളെ കുറിച്ച് ഈ കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കുടുംബാംഗങ്ങളോട് മാപ്പ് ചോദിച്ച് തയ്യാറാക്കിയ കുറിപ്പിൽ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് നേരിട്ട തിരിച്ചടികളെ കുറിച്ച് അദ്ദേഹം വിവരിക്കുന്നുണ്ട്. പരിശോധനയുമായി ബന്ധപ്പെട്ട് നേരിട്ട സമ്മർദ്ദങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. മുന്നോട്ട് എങ്ങനെ പോകണമെന്ന നിർദ്ദേശങ്ങളും ഈ കുറിപ്പിൽ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. തന്നെ വിശ്വസിച്ച നിക്ഷേപകരെ ഒരു ഘട്ടത്തിലും കയ്യൊഴിയരുത് എന്നും റോയ് ആവശ്യപ്പെടുന്നു. കുറിപ്പ് ലഭിച്ചതിന് പിന്നാലെ ആണോ കൊച്ചിയിൽ നാളെ വിളിച്ച വാർത്താസമ്മേളനം കുടുംബം നീട്ടി വെച്ചത് എന്ന് വ്യക്തമല്ല.
ഇതിനിടയിൽ അന്വേഷണവുമായി മുന്നോട്ടു പോവുകയാണ് പ്രത്യേക സംഘം. കോൺഫിഡൻസ് ഗ്രൂപ്പിന്‍റെ ആസ്ഥാന ഓഫീസിൽ ഇന്നും ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തി. സംഭവം പുനരാവിഷ്കരിക്കാനും ആലോചിക്കുന്നുണ്ട്. സി ജെ റോയ് ബംഗളൂരുവിൽ ചികിത്സ തേടിയിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡോക്ടറുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി. ആദായനികുതി വകുപ്പുദ്യോഗസ്ഥരുടെ വിശദമായ മൊഴി എസ്ഐടി വീണ്ടും രേഖപ്പെടുത്തും. കൊച്ചിയിൽ നിന്ന് പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരോട് ബംഗളൂരു വിടരുത് എന്ന് രേഖാമൂലം നിർദ്ദേശം നൽകിയിട്ടുണ്ട്. കോൺഫിഡന്റ് ഗ്രൂപ്പിലെ ജീവനക്കാരുടെ മൊഴി വീണ്ടും രേഖപ്പെടുത്താനും നീക്കമുണ്ട്. റോയിയുടെ ഫോൺവിളികളുടെ വിശദംശങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളുടെ രേഖകളും അന്വേഷണസംഘം ശേഖരിച്ചു.
ആദായനികുതി വകുപ്പിന്റെ റെയ്ഡിനിടെ ജീവനൊടുക്കിയ സി ജെ റോയിയുടെ മൃതദേഹം ഇന്നലെ ബെംഗളൂരുവിൽ സംസ്കരിച്ചു. രാവിലെ 10 മുതൽ 2 മണി വരെ റോയിയുടെ പ്രിയപ്പെട്ട നേച്ചേഴ്സ് ലക്ഷ്വറി കാസ്കേഡിൽ പൊതുദർശനം നടത്തിയ ശേഷമായിരുന്നു സംസ്കാരം. നാട്ടുകാരും വ്യവസായ പ്രമുഖരുമടക്കം സിനിമാ പ്രവർത്തകരുമടക്കം ആയിരക്കണക്കിനാളുകൾ റോയിക്ക് അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തി. ശേഷം വൈകിട്ട് നാലരയോടെ നേച്ചേഴ്സ് ലക്ഷ്വറിയിൽ തന്നെയാണ് സംസ്കാരവും നടത്തിയത്. നേച്ചർസ് ലക്ഷ്വറിയിൽ വികാര നിർഭര രംഗങ്ങളായിരുന്നു പൊതുദർശനത്തിനിടെ കണ്ടത്. കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്‌ഡി, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, സംവിധായകൻ വി കെ പ്രകാശ്, നടനും അവതാരകനുമായ മിഥുൻ തുടങ്ങി വിവിധ രംഗങ്ങളിൽ നിന്നുള്ള പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു. ഏഷ്യാനെറ്റ് ന്യൂസിന് വേണ്ടി സീനിയർ വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ബി ജെ പുഷ്പചക്രം സമർപ്പിച്ചു.
റോയിയുടെ സംസ്കാര ചടങ്ങുകൾക്ക് പിന്നാലെ കുടുംബത്തിന്‍റെ നിലപാട് വ്യക്തമാക്കി സഹോദരൻ സി ജെ ബാബുവാണ് രംഗത്തെത്തിയത്. കമ്പനിയുടെ എല്ലാ പ്രോജക്ടുകളും മുൻനിശ്ചയിച്ച പ്രകാരം തന്നെ തുടരുമെന്നും കേരളത്തിലെ ചുമതലയുള്ള ജോസഫും റോയിയുടെ മകൻ രോഹിത്തും ചേർന്ന് ഇനി കമ്പനിയെ നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. റോയിക്ക് കടബാധ്യതകളോ മറ്റ് സാമ്പത്തിക പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്നും മരണവുമായി ബന്ധപ്പെട്ട കുടുംബത്തിന്റെ ആശങ്കകൾ പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും ബാബു വിവരിച്ചു. കർണാടക പൊലീസ് അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തിയ അദ്ദേഹം, തന്നെ മൂന്ന് തവണ വിളിച്ചിരുന്നെന്നും കൂട്ടിച്ചേർത്തു.


