കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പോരാട്ടം മുറുകുന്നതിനിടെ നേതാക്കൾ പ്രതിച്ഛായ വർദ്ധിപ്പിക്കാൻ പുതിയ വഴികൾ തേടുന്നു. രമേശ് ചെന്നിത്തല വീഡിയോയുമായും, കെ സി വേണുഗോപാൽ ഡോക്യുമെന്ററിയുമായും വി ഡി സതീശൻ പ്രസംഗങ്ങളുടെ പുസ്തകവുമായും രംഗത്തുണ്ട്.

തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോരില്‍ പ്രതിച്ഛായ കൂട്ടാൻ വീഡിയോയും ഡോക്യുമെൻ്ററിയും പുസ്തകങ്ങളുമായി നേതാക്കള്‍. വിവിധ രൂപത്തിലുള്ള വാഴ്ത്തുപാട്ടുകളും പോസ്റ്ററുകളും ആവേശത്തോടെയാണ് അണികൾ സമൂഹമാധ്യമങ്ങളിൽ കൊണ്ട് പിടിച്ച് പ്രചരിപ്പിക്കുന്നത്. രമേശ് ചെന്നിത്തലയെ വാഴ്ത്തി ജനനായകൻ വീഡിയോ രംഗത്തെത്തി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ കുറിച്ചുള്ള ഡോക്യൂമെന്‍ററി ഷൂട്ട് അവസാന ഘട്ടത്തിലാണ്. അതേസമയം, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ തെരെഞ്ഞെടുത്ത പ്രസംഗങ്ങളുടെ പുസ്തകം അണിയറയിൽ പുരോഗമിക്കുകയാണ്.

കെഎസ്‍യു കാലം മുതലുള്ള ജീവിതമാണ് രമേശ് ചെന്നിത്തലയെ വാഴ്ത്തി ജനനായകൻ വീഡിയോയിലെ പ്രമേയം. എഐ സാങ്കേതിക വിദ്യയുമുണ്ട്. ഇംഗ്ലീഷ്, ഹിന്ദി പ്രസംഗ ശകലങ്ങളും, ആഭ്യന്തരമന്ത്രിയായിരിക്കെ നടപ്പാക്കിയ പദ്ധതികളാണ്. വീഡിയോ മാത്രമല്ല, ഒസിയുടെ ദൗത്യം പൂർത്തിയാക്കാൻ ആർസി, കേരളത്തെ ആർസി നയിക്കട്ടെ, കൂലിപ്പടയാളികള്ള, പോരാളികളാണ് നായകനാകുന്നത്... അങ്ങനെ നായകൻ ചെന്നിത്തല ടാഗിൽ കാർഡുകളുടെ കുത്തൊഴുക്കാണ്. കെ സി വേണുഗോപാല്‍- വി ഡി സതീശന്‍ പോരായി ചുരുങ്ങുന്നത് കണ്ടാണ് കാഴ്ചക്കാരുടെ റോൾ വിട്ട് ആർസി ടീം കളത്തിലേക്ക് ഇറങ്ങിയത്.

മത്സരിച്ചില്ലെങ്കിലും നമ്പർ വൺ കസേരക്കുള്ള കിടമത്സരത്തിൽ സജീവമായുള്ള കെസി വേണുഗോപാലിനെ കുറിച്ചുള്ള ഡോക്യുമെൻ്ററി ഷൂട്ട് അന്തിമഘട്ടത്തിലാണ്. ദേശീയ അവാർഡ് ജേതാവ് വിനോദ് മങ്കര ഒരുക്കുന്ന ഡോക്യുമെൻ്ററിയുടെ ഷൂട്ട് ആലപ്പുഴയിൽ പുരോഗമിക്കുകയാണ്. കെസിയുടെ ജീവചരിത്രവും അണിയറയിലുണ്ട്. ലോകപുസ്തകദിനത്തിൽ വായനക്കാർക്കായി കെ സി പങ്ക് വെക്കുന്നത് തെരഞ്ഞെടുത്ത പ്രസംഗങ്ങളുടെ പുസ്തക രൂപം. നേരിനൊപ്പം പോരാട്ടങ്ങൾ, നിലപാടുകൾ. ട്രക്കിംഗും വനവാസം റിസോർട്ടിൻറെ ഉദ്ഘാടനവും ഒക്കെ കഴിഞ്ഞ് ഫലം കാത്തിരിക്കുന്ന വിഡി സതീശൻ്റെ പുസ്തകവും ഉടനെത്തും. കൃസ്ത്യൻ വിശ്വാസികളുടെ പരിപാടികളിലെ പ്രധാന പ്രസംഗങ്ങൾ ചേർത്തുള്ള പുസ്തകത്തിഴൻ്റെ പേര് ആദം നീ എവിടെയാകുന്നു. പല ഫോർമാറ്റുകളിൽ പ്രതിച്ഛായപ്പോര് കടുക്കുമ്പോൾ ഇതൊക്കെ പെട്ടി പൊട്ടിച്ചിട്ട് പോരെ എന്ന അഭിപ്രായ കോൺഗ്രസ്സിലുണ്ട്.

അതിനിടെ, കോണ്‍ഗ്രസില്‍ വീണ്ടും മുഖ്യമന്ത്രി ചർച്ചയ്ക്ക് തിരികൊളുക്കുകയാണ് മുതിർന്ന കോൺഗ്രസ് നേതാവ് അജയ് തറയിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. എൻ്റെ സ്വപ്നത്തിലെ കോൺഗ്രസ് മുഖ്യമന്ത്രി എന്ന തലക്കെട്ടോടെലാണ് അജയ് തറയില്‍ പോസ്റ്റിട്ടത്. വിദ്യാർത്ഥി യുവജന പോരാട്ടങ്ങളിലൂടെ കടന്നുവന്നവൻ ആകണം അടുത്ത മുഖ്യമന്ത്രി. ഒരു ദിവസമെങ്കിലും ജയിലിൽ കിടന്നവനും ഒരിറ്റ് വെള്ളമെങ്കിലും ജലപീരങ്കിയിൽ നിന്ന് ശരീരത്തിൽ പതിച്ച വനുമാകണം മുഖ്യമന്ത്രിയെന്ന് അജയ് തറയിൽ ഫേസ്ബുക്കില്‍ കുറിച്ചു. താഴെത്തട്ടിലുള്ള പ്രവർത്തകരെ മാന്യമായി പരിഗണിക്കുന്നവൻ ആകണം മുഖ്യമന്ത്രി. നിലപാടുകളിൽ സ്ഥിരതയുള്ളവൻ ആകണമെന്നും അജയ് തറയിൽ പറയുന്നു. കെ സി വേണുഗോപാൽ പക്ഷത്തെ പ്രധാന നേതാവാണ് അജയ് തറയിൽ.

YouTube video player