പയ്യന്നൂർ നഗരസഭ തെരഞ്ഞെടുപ്പിൽ ജയിലിൽ കഴിയവെ വിജയിച്ച സിപിഎം നേതാവ് വികെ നിഷാദിന്റെ ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്. സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാത്തതും ഗുരുതര കുറ്റകൃത്യത്തിൽ ശിക്ഷിക്കപ്പെട്ടതും ചൂണ്ടിക്കാട്ടിയാണ് പരാതി
കണ്ണൂർ: പയ്യന്നൂരിൽ സിപിഎമ്മിന് തലവേദനയായി കോൺഗ്രസിൻ്റെ പരാതി. പയ്യന്നൂർ നഗരസഭയിലെ 46ാം വാർഡിലെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്. പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ് പൊലീസുകാരെ വധിക്കാൻ ശ്രമിച്ചെന്ന ഗുരുതര കുറ്റത്തിൽ ജയിലിൽ കഴിയുന്ന സിപിഎം നേതാവ് വികെ നിഷാദ് ജയിച്ച വാർഡാണിത്. തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായ വികെ നിഷാദ്, വോട്ടെടുപ്പ് നടക്കും മുൻപ് ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്നു.
എന്നാൽ തെരഞ്ഞെടുപ്പിൽ സിപിഎം ശക്തികേന്ദ്രമായ വാർഡിൽ മികച്ച ഭൂരിപക്ഷത്തോടെ നിഷാദ് ജയിച്ചു. പക്ഷെ വാർഡ് കൗൺസിലറായി നിഷാദിന് സ്ഥാനമേൽക്കാനായില്ല. ജയിലിലായതിനാൽ സത്യപ്രതിജ്ഞ നടത്താൻ കഴിയാത്തതാണ് തിരിച്ചടിയായത്. പിന്നീട് കേസിൽ വികെ നിഷാദിന് തുടരെ പരോള്‍ അനുവദിക്കുന്നത് വിവാദമായിരുന്നു. കൗൺസിലർ സത്യപ്രതിജ്ഞ നടത്താത്ത സാഹചര്യത്തിൽ, ഗുരുതരമായ കുറ്റകൃത്യം നടത്തിയ കുറ്റവാളിയെന്ന സാഹചര്യം കൂടെ പരിഗണിച്ച് തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാണ് കോൺഗ്രസ് പരാതിയിൽ ആവശ്യപ്പെടുന്നത്. പയ്യന്നൂരിലെ കോൺഗ്രസ് നേതാവ് രൂപേഷാണ് പരാതിക്കാരൻ.
