നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്‍റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക വൈകിയേക്കും. സ്ഥാനാര്‍ത്ഥി പട്ടികക്ക് അന്തിമ രൂപം നല്‍കാന്‍ നാളെ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് സമിതിയുടെ യോഗം മാറ്റി വച്ചു.

ദില്ലി: നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്‍റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക വൈകിയേക്കും. സ്ഥാനാര്‍ത്ഥി പട്ടികക്ക് അന്തിമ രൂപം നല്‍കാന്‍ നാളെ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് സമിതിയുടെ യോഗം മാറ്റി വച്ചു. ഇതിനിടെ കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി പി കെ കുഞ്ഞാലിക്കുട്ടി നാളെ ദില്ലിയില്‍ ചര്‍ച്ച നടത്തും. അടുത്തയാഴ്ചയോടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിടാനായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നീക്കം. പാലക്കാടും, തൃപ്പൂണിത്തുറയും ഒഴിച്ചുള്ള സിറ്റിംഗ് മണ്ഡലങ്ങള്‍, സംവരണ മണ്ഡലങ്ങള്‍, ധാരണയായ മറ്റ് മണ്ഡലങ്ങള്‍ എന്നിവിടങ്ങളിലെ പ്രഖ്യാപനം നടത്താനായിരുന്നു നീക്കം. ഇത് മുന്നില്‍ കണ്ടാണ് ഹൈക്കമാന്‍ഡ് നേതാക്കളും കേരളത്തില്‍ നിന്നുള്ള നേതാക്കളും അടങ്ങുന്ന തെരഞ്ഞെടുപ്പ് സമിതി നാളെ ചേരാന്‍ നിശ്ചയിച്ചിരുന്നത്. 

എന്നാല്‍, സംസ്ഥാനത്ത് നിന്നുള്ള നിര്‍ദ്ദേശം കണക്കിലെടുത്ത് യോഗം മറ്റൊരു തീയതിലേക്ക് മാറ്റി. പുതുക്കിയ തീയതി നിശ്ചയിച്ചിട്ടില്ല. പ്രതിപക്ഷ നേതാവ് നയിക്കുന്ന യാത്രക്കിടെയുള്ള പ്രഖ്യാപനം പൊട്ടിത്തെറിക്ക് ഇടയാക്കിയാലോ എന്ന ആലോചന ഉയര്‍ന്നു. പാര്‍ട്ടി മാറ്റം ട്രെന്‍ഡായി നില്‍ക്കുമ്പോള്‍, മോഹഭംഗം നേരിടുന്ന ചിലരെങ്കിലും ചാടാനുള്ള സാധ്യതയുണ്ട്. പ്രഖ്യാപനം നടത്തി പ്രചാരണം നേരത്തെ തുടങ്ങിയാല്‍ അധിക സാമ്പത്തിക ബാധ്യതയും നേരിടേണ്ടി വരും. പട്ടിക വൈകാനുള്ള സാധ്യത കഴിഞ്ഞ ദിവസം ഹൈക്കമാന്‍ഡുമായി ചര്‍ച്ചക്കെത്തിയ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് നല്‍കുകയും ചെയ്തിരുന്നു.സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപനത്തിൽ യാതൊരു തിരക്കുമില്ലെന്നും തെരഞ്ഞെടുപ്പ് തീയതിയൊക്കെ പ്രഖ്യാപിക്കട്ടെയെന്നയിരുന്നു സണ്ണി ജോസഫിന്‍റെ പ്രതികരണം.

മുന്നണിയില്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പും, ലീഗുമായുള്ള ചര്‍ച്ചകളും മെല്ലെപ്പോക്കിലാണ്. സീറ്റ് കൈമാറ്റ ചര്‍ച്ചകളുടെ വേഗം കൂട്ടണമെന്നാണ് നാളെ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ കാണുന്ന കുഞ്ഞാലിക്കുട്ടിയുടെ ആവശ്യങ്ങളിലൊന്ന്. കോഴിക്കോട്ടെ തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസിന് നല്‍കിയാല്‍ പകരം കിട്ടേണ്ട സീറ്റിന്‍റെ കാര്യത്തില്‍ ചിത്രം തെളിഞ്ഞിട്ടില്ല. തവനൂര്‍ വേണമെന്ന ആവശ്യത്തിലും എതിര്‍പ്പ് ഉയരുന്നു. പട്ടാമ്പി വിട്ടു നല്‍കാന്‍ കോണ്‍ഗ്രസിന് താല്‍പര്യമില്ല. ചേലക്കരയും, കോങ്ങാടും കൈമാറാനുള്ള ചര്‍ച്ചകളും എവിടെയുമെത്തിയിട്ടില്ല. തമിഴ്നാട്ടിലെ ചര്‍ച്ചയില്‍ ഡിഎംകെക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താനായി കോണ്‍ഗ്രസിന്‍റെ ഇടപെടലും കുഞ്ഞാലിക്കുട്ടി തേടും. തമിഴ്നാട്ടില്‍ അഞ്ച് സീറ്റ് വേണമെന്നാണ് ഡിഎംകെയുമായുള്ള ചര്‍ച്ചയിലെ ഡിമാന്‍റ് . 16 സീറ്റുകളിലെങ്കിലും മുസ്ലീം പ്രാതിനിധ്യം ഉറപ്പ് വരുത്തണമെന്നും ആവശ്യമുണ്ട്.

YouTube video player