കെസി വേണുഗോപാലിനെ പുകഴ്ത്തി കെ സുധാകരൻ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് താഴെ കോൺഗ്രസിൽ മുഖ്യമന്ത്രി കസേരക്കായുള്ള തർക്കം രൂക്ഷമായി. വിഡി സതീശനെ അനുകൂലിക്കുന്നവർ രംഗത്തെത്തിയതോടെ കമന്റ് ബോക്സിൽ തർക്കം രൂക്ഷമാവുകയും ഒടുവിൽ സുധാകരൻ കമന്റ് ബോക്സ് പൂട്ടുകയും ചെയ്തു
കണ്ണൂർ: വോട്ടെണ്ണലിന് മുന്നേ തന്നെ യു ഡി എഫിന് അധികാരമുറപ്പിച്ചുകൊണ്ടുള്ള കോൺഗ്രസ് നേതാക്കളുടെ 'മുഖ്യമന്ത്രി കസേരക്കായുള്ള വടംവലി' ശക്തമാകുന്നു. കെ പി സി സി മുൻ അധ്യക്ഷൻ കെ സുധാകരൻ, എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ വാനോളം പുകഴ്ത്തി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഇപ്പോൾ 'മുഖ്യമന്ത്രി കസേര' പോര് രൂക്ഷമായിരിക്കുന്നത്. വി ഡി സതീശനെ പരോക്ഷമായി കുത്തിക്കൊണ്ടുള്ള സുധാകരന്റെ പോസ്റ്റിലെ കമന്റുകളിൽ സതീശൻ അനുകൂലികളുടെ രോഷമാണ് കാണുന്നത്. മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യൻ സതീശൻ ആണെന്നും കെ സിക്കൊപ്പം നിന്ന് സുധാകരൻ വിലകളയരുതെന്നുമൊക്കെ കമന്റുകളുണ്ട്. ഒരുപാട് കഴിവുള്ള കെ സി വേണുഗോപാൽ ഇന്ത്യ നോക്കട്ടെയെന്നും സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയാകട്ടെയെന്നും ചിലർ കുറിച്ചിട്ടുണ്ട്. കെ സിയെ അടുത്ത കെ പി സി സി അധ്യക്ഷനാക്കാം എന്നടക്കമുള്ള ഓഫറുകളും കമന്റുകളിൽ നിറഞ്ഞിട്ടുണ്ട്. കമന്റ് യുദ്ധം കനത്തതോടെ സുധാകരൻ കമന്റ് ബോക്സ് പൂട്ടിയിട്ടുണ്ട്. കമന്റ് ബോക്സ് പൂട്ടിയെങ്കിലും 'ഇന്ന് കേരളത്തിനാവശ്യം കെ സിയുടെ നേതൃത്വം' എന്ന സുധാകരന്റെ കുറിപ്പ് കോൺഗ്രസിലും യു ഡി എഫിലും വലിയ തോതിൽ ചർച്ചയായിട്ടുണ്ട്.
കെ സുധാകരന്റെ കുറിപ്പ് പൂർണരൂപത്തിൽ
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അനിഷേധ്യനായ സംഘാടകനും ശക്തനായ നേതാവുമായ കെ സി വേണുഗോപാൽ ദേശീയ തലത്തിൽ നിർണ്ണായക ചുമതലകൾ നിർവഹിച്ച് രാഹുൽജിയുടെ കരങ്ങൾക്ക് ശക്തി പകരുമ്പോഴും, അദ്ദേഹത്തിന്റെ സാന്നിധ്യം കേരള രാഷ്ട്രീയത്തിന് എത്രത്തോളം ആവശ്യമാണെന്ന് ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് വീണ്ടും തെളിയിച്ചു. കേരളത്തിലെ അങ്ങോളമിങ്ങോളം പ്രവർത്തകരെ ഉണർത്തിയും, എല്ലാ സ്ഥാനാർത്ഥികൾക്കും ആത്മവിശ്വാസം പകരുന്ന ശക്തിയായി മാറിയും, പാർട്ടിയുടെ വിജയത്തിന് പിന്നിലെ പ്രേരകശക്തിയായി അദ്ദേഹം പ്രവർത്തിച്ചു. അത് ഒരു നേതാവിന്റെ സംഘടനാ മികവിന്റെ തെളിവാണ്. ഇന്ന് കേരളത്തിന് ആവശ്യം അത്തരമൊരു ദൂരദർശിയുള്ള നേതൃത്വമാണ്. ലീഡർ കെ കരുണാകരൻ, എ കെ ആന്റണി, ഉമ്മൻചാണ്ടി, വയലാർജി തുടങ്ങി… സംസ്ഥാന രാഷ്ട്രീയത്തെ ദിശാബോധത്തോടെ നയിച്ച മഹാനേതാക്കളുടെ പാത പിന്തുടർന്ന്, കേരള രാഷ്ട്രീയത്തിലെ മുടിചൂടാമന്നനായി ഉയരാൻ കെ സിയ്ക്ക് കഴിയും എന്ന ആത്മവിശ്വാസം കോൺഗ്രസ് പ്രവർത്തകരിൽ ശക്തമാണ്.
ഒരു നേതാവിന്റെ മഹത്വം പദവികളിൽ അല്ല, അദ്ദേഹത്തിന്റെ പ്രവർത്തന പാരമ്പര്യത്തിലാണ് പ്രതിഫലിക്കുന്നത്. താഴെത്തട്ടിൽ നിന്ന് സംഘടനയുടെ ഓരോ ഘട്ടവും അനുഭവിച്ച് വളർന്നുവരുന്ന ഒരു നേതാവിന് മാത്രമേ പ്രവർത്തകരുടെ മനസ്സറിയാനും അവരുടെ പ്രതീക്ഷകൾക്ക് മറുപടി നൽകാനും കഴിയൂ. പാർട്ടിയോടുള്ള അചഞ്ചലമായ ആത്മാർത്ഥത, പ്രതിസന്ധികളിൽ പോലും പിന്നോട്ടില്ലാത്ത ഉറച്ച നിലപാട്, പ്രവർത്തകരോട് കാണിക്കുന്ന വിനയവും, ആദരവുമാണ് കെ സി വേണുഗോപാലിനെ വ്യത്യസ്തനാക്കുന്നത്. നേതാവെന്ന നിലയിൽ മാത്രമല്ല, ഒരാളുടെ സഹയാത്രികനായും പ്രവർത്തകരുടെ ഇടയിൽ നിലകൊള്ളാൻ കഴിയുന്നത് തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി. അത്തരം നേതാക്കൾ ഒരു പ്രസ്ഥാനത്തിന്റെ കരുത്താണ്. അവരുടെ പ്രവർത്തന ശൈലിയും, ആത്മാർത്ഥതയും തന്നെയാണ് ഭാവിയെ നിർണ്ണയിക്കുന്നത്. കോൺഗ്രസിനും യു ഡി എഫിനും ശക്തമായ ദിശാബോധം നൽകാൻ, ദേശീയ നേതൃത്വത്തിന് കരുത്ത് പകരുന്നത് പോലെ, കേരളത്തിലെ ജനങ്ങളെയും, പ്രവർത്തകരെയും പ്രചോദിപ്പിച്ച്, നാളെയുടെ ഭരണത്തിന് ദിശാബോധം നൽകാൻ കഴിയുന്ന നേതാവായി കെ സി വേണുഗോപാലൻ ഉയരട്ടെ! ആ നേതൃകാലത്തിനായി പ്രതീക്ഷയോടെ…

