മുഖ്യമന്ത്രി കസേര തർക്കത്തിൽ തൻ്റെ പേരിൽ വ്യാജസ്‌ക്രീൻ ഷോട്ടുകൾ പ്രചരിപ്പിക്കുന്നുവെന്നും വിമല പരാതിയിൽ പറയുന്നു. പ്രചരണം നടത്തിയവർക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം.
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട കോൺഗ്രസിലെ സൈബർ പോരിൽ ഡിജിപിക്ക് പരാതി നൽകി കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കോർഡിനേറ്റർ വിമല ബിനു. മുഖ്യമന്ത്രി കസേര തർക്കത്തിൽ തൻ്റെ പേരിൽ വ്യാജസ്‌ക്രീൻ ഷോട്ടുകൾ പ്രചരിപ്പിക്കുന്നുവെന്നും വിമല പരാതിയിൽ പറയുന്നു. പ്രചരണം നടത്തിയവർക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. അതേസമയം എറണാകുളത്തെ വി ഡി സതീശൻ ഗ്രൂപ്പിലെ പ്രധാനിയാണ് വിമല. കെ സി വേണുഗോപാലിനെ അനുകൂലിക്കുന്നവർക്കെതിരെ സൈബർ ആക്രമണത്തിന് വിമല ആഹ്വാനം ചെയ്തെന്ന തരത്തിൽ ചില സ്‌ക്രീൻ ഷോട്ടുകൾ കഴിഞ്ഞദിവസം പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ വിമല പരാതി നൽകിയിരിക്കുന്നത്.
മുഖ്യമന്ത്രി ആരാകണം എന്നതിനെ ചൊല്ലിയുള്ള സൈബർ പോര് അവസാനം ഇല്ലാതെ തുടരുകയാണ് സംസ്ഥാന കോൺഗ്രസിൽ. പ്രധാന നേതാക്കൾ കാര്യമായ പ്രതികരണം നടത്തുന്നില്ലെങ്കിലും സോഷ്യൽ മീഡിയയിൽ കെ സി വേണുഗോപാലിനെയും വിഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും അനുയായികൾ ചേരിതിരിഞ്ഞ് രൂക്ഷമായി ഏറ്റുമുട്ടുകയാണ്. ഇതിനിടെ ജയിച്ച് എംഎൽഎ ആകാൻ സാധ്യതയുള്ളവരുടെ പിന്തുണ ഉറപ്പിക്കാനുള്ള നീക്കങ്ങളും മൂന്ന് നേതാക്കളുടെയും വിശ്വസ്തർ അണിയറയിൽ തുടങ്ങിയിട്ടുണ്ട്.


