ഡിഎ വർദ്ധനവോടെ ശമ്പളത്തിൽ 2990 രൂപ മുതൽ 21,684 രൂപ വരെ ഉയർച്ചയുണ്ടാകും. ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ വർദ്ധനവും കുടിശ്ശികയും ഒരുമിച്ച് ലഭിക്കുന്നതോടെ ജീവനക്കാർക്ക് കൈയിൽ നല്ലൊരു തുകയെത്തും.

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഡിഎയും ഡിആറും വർധിപ്പിച്ചതോടെ ശമ്പളത്തിൽ ഏകദേശം മൂവായിരം മുതൽ 22000 രൂപയുടെ വരെ മാറ്റം. 13 ശതമാനമാണ് സംസ്ഥാന സർക്കാർ ഡിഎ വർധിപ്പിച്ചത്. ഇതോടെ ശമ്പളത്തിൽ 2990 മുതൽ 21,684 രൂപ വരെ വർധിക്കുമെന്ന് പറയുന്നു. ഫെബ്രുവരിയിലെയും മാർച്ചിലെയും ഡിഎ വർദ്ധന നടപ്പാക്കുന്നതോടെ ശമ്പളം ഉയരും. ഇതിനൊപ്പെ കുടിശ്ശിക കൂടി ലഭിക്കുമ്പോൾ നല്ലൊരു തുക കൈയിൽ വരും. 23000 രൂപയാണ് സർക്കാർ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം. 1,66,800 രൂപയാണ് ഏറ്റവും കൂടിയ അടിസ്ഥാന ശമ്പളം. സർക്കാർ ജീവനക്കാരിലെ ഏറ്റവും കുറഞ്ഞ ശമ്പളം വാങ്ങുന്ന ലാസ്റ്റ് ​ഗ്രേഡ് ജീവനക്കാരുടെ ശമ്പളത്തിൽ 2990 രൂപ വർധിക്കും. എൽഡി ക്ലർക്കുമാർക്ക് 3445 രൂപയും സിപിഒ ജീവനക്കാർക്ക് 4043 രൂപയും വർധിക്കും. ഹൈസ്കൂൾ അധ്യാപകർക്ക് 5369 രൂപയും ഹയർ സെക്കൻഡറി ടീച്ചർ 7176 രൂപയും വർധിക്കും. ജോയിന്റ് സെക്രട്ടറിക്ക് 16,081 രൂപയും അഡിഷണൽ സെക്രട്ടറിക്ക് 18,265 രൂപയും വർധിക്കും.

കുടിശ്ശിക ഈ സാമ്പത്തിക വര്‍ഷം തീര്‍ക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിന് മുന്‍കാല പ്രാബല്യമില്ല. പുതിയ ഉത്തരവ് പ്രകാരം സർക്കാർ ജീവനക്കാർക്ക് 35 ശതമാനം നിരക്കിൽ ഡി എ ലഭിക്കും. കഴിഞ്ഞ ആഴ്ച അനുവദിച്ച മൂന്ന് ശതമാനത്തിന് പിന്നാലെയാണ് ഇപ്പോൾ 10 ശതമാനം കുടിശ്ശിക കൂടി അനുവദിച്ചിരിക്കുന്നത്. ഇതിലൂടെ ബജറ്റിൽ വാഗ്ദാനം ചെയ്ത 13 ശതമാനം ഡിഎ കുടിശ്ശികയും സർക്കാർ അനുവദിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ക്ഷാമബത്ത, ക്ഷാമാശ്വാസ കുടിശ്ശിക വിതരണം ചെയ്യുമെന്ന് ഇക്കഴിഞ്ഞ ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. 35 ശതമാനം ക്ഷാമബത്തയാണ് ജീവനക്കാർക്ക് കിട്ടേണ്ടിയിരുന്നത്. പക്ഷേ 22 ശതമാനമാണ് കൊടുത്തുകൊണ്ടിരുന്നത്. 13 ശതമാനം കുടിശ്ശികയായിരുന്നു. ക്ഷാമബത്ത കൃത്യമായി അനുവദിച്ച് പോന്നിരുന്നില്ല. അത് ഗഡുക്കളായി നൽകും എന്നാണ് ബജറ്റിലെ പ്രഖ്യാപനം. ഇതു സംബന്ധിച്ച ഉത്തരവ് ഇനി ഇറങ്ങാനുണ്ട്. ശമ്പള കമ്മീഷനും ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതു സംബന്ധിച്ച ഉത്തരവും ഇനി ഇറങ്ങാനുണ്ട്.