കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 22 ദിവസം നീണ്ട ജയില്‍വാസത്തിനൊടുവിലാണ് ഷിംജിത ഇന്ന് വൈകുന്നേരം പുറത്തിറങ്ങിയത്.
കോഴിക്കോട്: ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടതില്‍ മനംനൊന്ത് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയെന്ന കേസില്‍ പ്രതി ഷിംജിത മുസ്തഫക്ക് ജാമ്യം. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 22 ദിവസം നീണ്ട ജയില്‍വാസത്തിനൊടുവിലാണ് ഷിംജിത ഇന്ന് വൈകുന്നേരം പുറത്തിറങ്ങിയത്. മാസത്തില്‍ രണ്ടാമത്തെയും നാലാമത്തേയും വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ലെന്നും അമ്പതിനായിരം രൂപയുടെ രണ്ട് ആള്‍ജാമ്യം തുടങ്ങിയ ഉപധികളാണ് ജാമ്യവ്യവസ്ഥയിൽ പറയുന്നത്. പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയാണ് ഷിംജിതയ്ക്ക് ജാമ്യം അനുവദിച്ചത്. കോഴിക്കോട് ജില്ലാ ജയില്‍ നിന്നും പുറത്തിറങ്ങിയ ഷിംജിത മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല.
നേരത്തെ കുന്നമംഗലം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നെന്നും ലൈംഗിക അതിക്രമം ബസില്‍ നേരിട്ടെന്നും ഷിംജിത പ്രതികരിച്ചിരുന്നു. ഷിംജിത ജയിലില്‍ തുടരണമായിരുന്നെന്നായിരുന്നു ദീപക്കിന്റെ കുടുംബത്തിന്റെ പ്രതികരണം. പയ്യന്നൂരിലെ സ്വകാര്യ ബസില്‍ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാരോപിച്ചുള്ള വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ കഴിഞ്ഞ ജനുവരി 17നാണ് ദീപക്ക് വീട്ടില്‍ ജീവനൊടുക്കിയത്. ഒളിവില്‍പ്പോയ ഷിംജിതയെ 21 നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.


