എച്ച്ആർഡിഎസ് സ്ഥാപക ചെയർമാൻ അജി കൃഷ്ണന് പോക്സോ കേസിൽ ദില്ലി സാകേത് കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. ഏഴാം തീയ്യതി വരെയാണ് കോടതി പരിരക്ഷ നൽകിയിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കാനും ഇരയ്ക്ക് സംരക്ഷണം നൽകാനും കോടതി നിർദേശിച്ചു.
ദില്ലി: എച്ച്ആർഡിഎസ് സ്ഥാപക ചെയർമാൻ അജി കൃഷ്ണന് പോക്സോ കേസിൽ ദില്ലി സാകേത് കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. സാകേത് കോടതിയിലെ പോക്സോ കേസുകൾ പരിഗണിക്കുന്ന അഡീഷണൽ സെഷൻസ് ജഡ്ജി ദിനേശ് കുമാർ ആണ് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചത് കേസിൽ ഏഴാം തീയ്യതി വരെയാണ് അജി കൃഷ്ണന് പരിരക്ഷ നൽകിയത്. അന്വേഷണവുമായി സഹകരിക്കാൻ കോടതി അജി കൃഷ്ണന് നിർദേശം നൽകി. കേസിലെ ഇരയായ പെൺകുട്ടിക്ക് സംരക്ഷണം നൽകാനും കോടതി ദില്ലി പോലീസിനോട് നിർദേശിച്ചു.കേസിൽ അജി കൃഷ്ണണനായി അഭിഭാഷകൻ പ്രണവ് കൃഷ്ണാ ഹാജരായി.
പതിനൊന്ന് വയസുള്ള തന്റെ മകളെ അജി കൃഷ്ണൻ ലൈംഗിക അതിക്രമത്തിനിരയാക്കി എന്നാണ് എച്ചആർഡിഎസിലെ ജീവനക്കാരൻ നൽകിയിരിക്കുന്ന പരാതി. 2024-ൽ തന്റെ വീട്ടിൽ വെച്ചാണ് അതിക്രമം നടത്തിയത് എന്നാണ് പരാതി. തന്നെ ജോലിക്കായി ത്രിപുര, ബംഗാൾ സംസ്ഥാനങ്ങളിൽ അയച്ചതിന് ശേഷം ഒറ്റക്കായ മകൾക്കൊപ്പം താൻ നിന്നുകൊള്ളാമെന്ന് വിശ്വസിപ്പിച്ചാണ് അതിക്രമം നടത്തിയതെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. തന്നെ ആന്ധ്രയിലേക്ക് സ്ഥലം മാറ്റിയത് അറിഞ്ഞപ്പോഴാണ് മകൾ നേരത്തെ നടന്ന കാര്യം ഭയത്തോടെ പറഞ്ഞെന്നും അച്ഛൻ പോയാൽ വീണ്ടും അതിക്രമം നടത്തുമെന്ന് മകൾ പറഞ്ഞെന്നും പരാതിയിൽ പറയുന്നു.
പെൺകുട്ടി കാര്യങ്ങൾ വെളിപ്പെടുത്തിയതോടെ കൗൺസിലിംഗ് നടത്തിയ ശേഷം വനിത കമ്മീഷന് പരാതി നൽകുകയും ചെയ്തു. നിലവിൽ പോക്സോ വകുപ്പ് ചുമത്തിയാണ് എഫ്ഐഐആർ. പെൺകുട്ടി സാകേത് കോടതിയിൽ ജഡ്ജിക്ക് മുൻപാകെ രഹസ്യമൊഴി നൽകി. മൊഴിയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. എഫ്ഐറിൽ എന്നാൽ ആരെയും പ്രതിചേർത്തിട്ടില്ല. പരാതി കെട്ടിച്ചമച്ചതാണെന്നാണ് എച്ച്ആർഡിഎസ് ആരോപിക്കുന്നത്. പരാതി നൽകിയ ജീവനക്കാരനെതിരെ നിരന്തരം പരാതികൾ ലഭിച്ച സാഹചര്യത്തിൽ നേരത്തെ അച്ചടക്ക നടപടിയെടുത്തിരുന്നു. ജീവനക്കാരന് ആന്ധ്രയിലേക്ക് സ്ഥലംമാറ്റം നൽകി. ഇതിന്റെ പകപ്പോക്കലാണ് കേസ് എന്നാണ് സംഘടനയുടെ വിശദീകരണം. സ്ഥാപനത്തിൻറെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണെന്നും ഭാരവാഹികൾ ആരോപിച്ചു. നേരത്തെ ആദിവാസി ഭൂമി കയ്യേറിയെന്ന പരാതിയിലടക്കം അജി കൃഷ്ണനെതിരെ കേസ് എടുത്തിരുന്നു. സ്വർണ്ണകടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് എച്ച്ആർഡിഎസിന്റെ പാലക്കാട് ഓഫീസിൽ ജോലി ചെയ്തതിനെ ചൊല്ലിയും വിവാദങ്ങൾ നടന്നിരുന്നു.


