ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ വ്യാജ ബോംബ് ഭീഷണി. വിമാനത്തിലെ ശുചിമുറിയിൽ നിന്ന് 'ബോംബ്' എന്ന് എഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിനെ തുടർന്ന് വിമാനത്താവളത്തിൽ അതീവ ജാഗ്രത പുലർത്തി. പരിശോധനയിൽ വ്യാജ ഭീഷണിയെന്ന് വ്യക്തമായി
കൊച്ചി: ഒരു കടലാസ് തുണ്ടിൽ ബോംബ് എന്നെഴുതി കണ്ടാൽ ബോംബ് ഭീഷണിയാകുമോ? ഇല്ലെന്നാവും ഉത്തരം. പക്ഷെ ആകാശത്ത് പറന്നുകൊണ്ടിരിക്കുന്ന വിമാനത്തിലാണ് ഇത്തരമൊരു കടലാസ് കിട്ടുന്നതെങ്കിൽ അതീവ ജാഗ്രതയോടെ അധികൃതർ പെരുമാറും. അതാണ് ദുബായിൽ നിന്ന് കൊച്ചിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിലും സംഭവിച്ചത്. വിമാനത്തിലെ ശുചിമുറിക്കകത്ത് നിന്നും കിട്ടിയ ടിഷ്യു പേപ്പറിൽ ആരോ എഴുതിവച്ച ബോംബ് എന്ന വാക്കാണ് ആശങ്ക സൃഷ്ടിച്ചത്. വിമാനം അരിച്ചുപെറുക്കി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.
തിങ്കളാഴ്ച രാത്രി 7.14-ന് കൊച്ചിയിലെത്തിയ എയർ ഇന്ത്യ വിമാനത്തിലാണ് വ്യാജ ബോംബ് ഭീഷണി ഉണ്ടായത്. പേന ഉപയോഗിച്ച് ഇംഗ്ലീഷിലായിരുന്നു 'ബോംബ്' എന്ന് എഴുതിയിരുന്നത്. യാത്രാമധ്യേ വിമാനത്തിലെ ജീവനക്കാർ ടിഷ്യു പേപ്പർ കണ്ടു. എന്നാൽ യാത്രക്കാരെ ആശങ്കയിലാഴ്ത്താതെ കരുതലോടെയാണ് ജീവനക്കാർ പെരുമാറിയത്. യാത്രക്കാരെ വിവരം അറിയിക്കാതെ, ഉടൻ തന്നെ എയർ ട്രാഫിക് കൺട്രോൾ ടവർ മുഖേന വിമാനത്താവളം അധികൃതരെ ബന്ധപ്പെട്ടു. വിമാനത്താവളത്തിൽ സുരക്ഷാ ഏജൻസികളുടെ അടിയന്തര യോഗം ചേർന്നു.
കൊച്ചിയിലിൽ വിമാനം ഇറങ്ങിയ ഉടൻ യാത്രക്കാരെ അതിവേഗം പുറത്തിറക്കി. തുടർന്ന് സുരക്ഷാ സംഘം വിമാനത്തിൽ വിശദമായ പരിശോധന നടത്തി. എന്നാൽ സംശയിക്കാൻ തക്കതായ യാതൊന്നും കണ്ടെത്താനായില്ല. യാത്രക്കാരിൽ ആരെങ്കിലുമാകും ടിഷ്യു പേപ്പറിൽ ബോംബെന്ന് എഴുതിയതെന്നാണ് ഇപ്പോഴത്തെ നിഗമനം. ഇതാരാണെന്ന് വ്യക്തമായിട്ടില്ല. എന്തായിരുന്നു ഇങ്ങനെ എഴുതിയതിൻ്റെ ഉദ്ദേശമെന്നും വ്യക്തമല്ല. പരിശോധനകൾക്ക് ശേഷം വെല്ലുവിളിയൊന്നും ഇല്ലെന്ന് വ്യക്തമായതോടെ വിമാനം തുടർ സർവീസ് നടത്തി.


