‘’വയനാട് പുനരധിവാസം ഏപ്രിൽ 30-നകം പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. ദുരന്തബാധിതർക്ക് വീടും തൊഴിലവസരവും ഉറപ്പാക്കും. വോട്ട് ലക്ഷ്യം വച്ചുള്ള പുനരധിവാസമല്ല വയനാട്ടിൽ നടന്നത്. ദുരിതമനുഭവിച്ച മനുഷ്യരോടുള്ള വാക്കുപാലിക്കലാണ്''
തൃശ്ശൂർ :വയനാട് പുനരധിവാസം വേഗത്തിൽ പൂർത്തിയാക്കുമെന്നാവർത്തിച്ച് റവന്യു മന്ത്രി കെ രാജൻ. ഏപ്രിൽ 30ന് മുമ്പ് എല്ലാവർക്കും വീട് കൈമാറും. ദുരന്തബാധിതരുടെ കുടുംബത്തിൽ ഒരാൾക്കെങ്കിലും ഏതെങ്കിലും തൊഴിൽ സംരംഭത്തിൽ പങ്കാളികളാകാനുള്ള അവസരം ഒരുക്കും. കടമുറികൾ നഷ്ടപ്പെട്ടവർക്കും, കച്ചവടക്കാർക്കും പുന:രധിവാസത്തിന് നടപടി തുടങ്ങിയെന്നും മന്ത്രി കെ രാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വോട്ട് ലക്ഷ്യം വച്ചുള്ള പുനരധിവാസമല്ല വയനാട്ടിൽ നടന്നത്. ദുരിതമനുഭവിച്ച മനുഷ്യരോടുള്ള വാക്കുപാലിക്കലാണ്. വീടുകൾ നിർമ്മിച്ച കൈമാറും വരെ ദുരിതബാധിതർക്ക് വാടക ഇനത്തിൽ നൽകുന്ന തുക തുടരുമെന്നും റവന്യു മന്ത്രി വ്യക്തമാക്കി. ദുരന്തബാധിതർക്ക് വീട് നിർമ്മിച്ച് നൽകുന്നത്, സർക്കാരിന് ഏതെങ്കിലും തട്ടുകേടുകളിൽ നിന്ന് രക്ഷപ്പെടാനുള്ള മറയല്ല. വയനാട് പുനരധിവാസത്തിൽ ലാഭനഷ്ടത്തിന്റെ കണക്കില്ല. എല്ലാം നഷ്ടപ്പെട്ട ചൂരൽമലക്കാരോടുള്ള ബാധ്യത നിറവേറ്റാൻ കഴിഞ്ഞുവെന്ന സംതൃപ്തിയാണുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
മാതൃകാ ടൗൺഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരി 25 ന്
അതേ സമയം, ണ്ടക്കൈ ചുരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ ഒരുക്കുന്ന വയനാട് മാതൃകാ ടൗൺഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരി 25 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഉരുൾപൊട്ടി വന്ന വിപത്തിൽ എല്ലാം നഷ്ടപ്പെട്ട് പകച്ചുനിന്നവർക്ക് സർക്കാർ നൽകിയ ഉറപ്പാണ് പാലിക്കപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൂർത്തിയായ 178 വീടുകളുടെ താക്കോൽ ദാനമാണ് നടക്കുക. ഫെബ്രുവരി 25 വൈകിട്ട് 4 ന് എൽസ്റ്റൺ എസ്റ്റേറ്റിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ടൗൺഷിപ്പിന്റെ ഉദ്ഘാടനവും ഗുണഭോക്താക്കൾക്കുള്ള പട്ടയ വിതരണവും നിർവഹിക്കും.


