പോലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ പാസിംഗ് ഔട്ട് പരേഡിൽ  മന്ത്രി കെ.ബി. ഗണേഷ് കുമാർ. അച്ചടക്കവും സത്യസന്ധതയും മുഖമുദ്രയാക്കണമെന്നും ജനങ്ങളോട് മാന്യമായി പെരുമാറണമെന്നും ഓർമ്മിപ്പിച്ചു. 

തിരുവനന്തപുരം : പൊലീസ് ട്രെയിനിംഗിലൂടെ മികച്ച പരിശീലനം ലഭിച്ചിട്ടുള്ള അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ അച്ചടക്കവും സത്യസന്ധതയും മുഖമുദ്രയാക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന മോട്ടോർ വാഹന വകുപ്പ് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിഫോം സേനയ്ക്ക് അച്ചടക്കം നിർബന്ധമാണെന്നും ഇത് ഔദ്യോഗിക ജീവിതത്തോടൊപ്പം വ്യക്തിജീവിതത്തിലും ഉദ്യോഗസ്ഥർ തുടരണം. ജനങ്ങളോടുള്ള പെരുമാറ്റം എപ്പോഴും മാന്യമായിരിക്കണം. സാമ്പത്തിക ക്രയവിക്രയങ്ങൾ നടക്കുന്ന വകുപ്പെന്ന നിലയിൽ ഉദ്യോഗസ്ഥർ പ്രത്യേക ശ്രദ്ധ പുലർത്തണം. ഭയമില്ലാതെ സത്യസന്ധമായി ജോലി ചെയ്യാനുള്ള സാഹചര്യം നിലവിൽ ഉദ്യേഗസ്ഥർക്കുണ്ടെന്ന് മന്ത്രി പറഞ്ഞു.

കെ.എസ്.ആർ.ടി.സി ഇന്ന് പൂർണ്ണമായും ഡിജിറ്റലായി മാറി. കമ്പ്യൂട്ടർ രംഗത്ത് ഗതാഗത വകുപ്പ് ഇനിയും മുന്നേറാനുണ്ട്. ഗതാഗത നിയമലംഘനങ്ങളുടെ ഫോട്ടോയും വീഡിയോയും കൈകാര്യം ചെയ്യുന്നതുൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും കൂടുതൽ ലളിതമാക്കി. പുതിയ നിയമനങ്ങളെല്ലാം ആദ്യം ഓഫീസുകളിലായിരിക്കും നൽകുകയെന്നും ഇത് ഓഫീസ് പ്രവർത്തനങ്ങൾ കൃത്യമായി മനസ്സിലാക്കാൻ ഉദ്യോഗസ്ഥർ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ ഒഴിവുകൾ വരുന്ന മുറയ്ക്ക് നിയമനം വേഗത്തിലാക്കി. ജനങ്ങളുടെ പിന്തുണയാണ് വകുപ്പിന്റെ കരുത്തെന്നും മന്ത്രി പറഞ്ഞു.

ഐ.ജി ഗുഗുലോത്ത് ലക്ഷ്മണൻ, ട്രാൻസ്പോർട്ട് കമ്മീഷണർ നാഗരാജു ചക്കിലം, പോലീസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ജയശങ്കർ, വൈസ് പ്രിൻസിപ്പൽ അജയകുമാർ, അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ ഡോ. പ്രമോജ് ശങ്കർ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അസി. ട്രാൻസ്പോർട്ട് കമ്മീഷണർ ജോയ് വി നന്ദി അറിയിച്ചു.