കോഴിക്കോട് തിരുവള്ളൂരിൽ ഗുഡ്സ് ഓട്ടോ ഡ്രൈവർക്ക് നേരെ ആൾക്കൂട്ട മർദനമെന്ന് പരാതി

കോഴിക്കോട്: കോഴിക്കോട് തിരുവള്ളൂരില്‍ ഗുഡ്സ് ഓട്ടോ ഡ്രൈവറായ യുവാവിന് നേരെ ആള്‍ക്കൂട്ട ആക്രമണം. ഗുഡ്സ് ഓട്ടോ ബൈക്കില്‍ തട്ടിയെന്നാരോപിച്ചാണ് കല്‍പ്പത്തൂര്‍ സ്വദേശിയായ യുവാവിനെ ഒരു സംഘം മര്‍ദിച്ചത് . ബന്ധുക്കളുടെ പരാതിയില്‍ വടകര പൊലീസ് അന്വേഷണം തുടങ്ങി. തിങ്കളാഴ്ച വൈകിട്ട് ഏഴരയോടെ വടകരയിലേക്ക് ഗുഡ്സ് ഓട്ടോറിക്ഷയുമായി പോകുമ്പോഴായിരുന്നു യുവാവിന് നേരെ അക്രമണം ഉണ്ടായത്. ബൈക്ക് ഗുഡ്സ് ഓട്ടോ ബൈക്കില്‍ തട്ടിയെന്നാരോപിച്ച് ബൈക്കിലെത്തിയവരും യുവാവും തമ്മില്‍ തര്‍ക്കമുണ്ടായി. പിന്നാലെ യുവാവിനെ ഒരു സംഘം അക്രമിക്കുകയായിരുന്നു.

ഗുഡ്സ് ഓട്ടോറിക്ഷയില്‍ നിന്നും വലിച്ചിട്ട് മര്‍ദിക്കുകയായിരുന്നു നാട്ടുകാരാണ് പിടിച്ചു മാറ്റിയത്. ബന്ധുക്കളെത്തി യുവാവിനെ വീട്ടിലേക്ക് കൊണ്ടു പോയി. സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ബന്ധുക്കള്‍ വടകര പൊലീസില്‍ പരാതി നല്‍കി. മാനസിക പ്രശ്നത്തെത്തുടര്‍ന്ന് യുവാവ് നേരത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സുഖം പ്രാപിച്ച ശേഷം ജോലിക്ക് പോയിരുന്ന യുവാവ് മര്‍ദനമേറ്റതോടെ മാനസികമായി തകര്‍ന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

YouTube video player