യു ഡി എഫിന്റെ വിജയം നൂറ് സീറ്റിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരായ ജനവികാരം പൂര്‍ണമായും പ്രതിഫലിച്ചിട്ടില്ല. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ വെറുപ്പും വിരോധവും അതിശക്തമായി പ്രതിഫലിക്കും

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെ നേരിൽ കണ്ട് യു ഡി എഫ് മുന്നണിയുടെ ഭാഗമായതിന്‍റെ സന്തോഷം അറിയിച്ച് പി വി അൻവർ. യു ഡി എഫിൽ അസോസിയേറ്റ് അംഗമായി പി വി അന്‍വന്‍ നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെ ഇന്നലെയാണ് ഉൾപ്പെടുത്തിയതായി പ്രതിപക്ഷ നേതാവ് അറിയിച്ചത്. ഇതിന് പിന്നാലെ ഇന്ന് നേരിൽ കണ്ടപ്പോൾ പരസ്പരം കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവയ്ക്കുകയായിരുന്നു ഇരുവരും. സന്ദർശനത്തിന്‍റെ വീഡിയോ പി വി അൻവർ ഫേസ്ബുക്കിലും പങ്കുവച്ചിട്ടുണ്ട്. 2026 ൽ സെഞ്ച്വറി അടിക്കുന്ന ടീം യു ഡി എഫിന്‍റെ ഭാഗമായതിൽ സന്തോഷമെന്നും അൻവർ കുറിച്ചു.

100 സീറ്റ് നേടുമെന്ന് പ്രതിപക്ഷ നേതാവ്

മൂന്നാം പിണറായി സര്‍ക്കാര്‍ ഉറപ്പായും വരില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഇന്നലെ പ്രതിപക്ഷ നേതാവ് യു ഡി എഫിന്‍റെ പുതിയ അസോസിയേറ്റ് അംഗങ്ങളെ പ്രഖ്യാപിച്ചത്. യു ഡി എഫിന്റെ വിജയം നൂറ് സീറ്റിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരായ ജനവികാരം പൂര്‍ണമായും പ്രതിഫലിച്ചിട്ടില്ല. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ വെറുപ്പും വിരോധവും അതിശക്തമായി പ്രതിഫലിക്കും. അത് കൂടിയാകുമ്പോള്‍ യു ഡി എഫിന്റെ സീറ്റ് നൂറിലേക്ക് അടുക്കുമെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. ഇപ്പോള്‍ കാണിക്കുന്ന അസഹിഷ്ണുതയും അക്രമമവും ജനങ്ങളെ കബളിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളും വീണ്ടും തിരിച്ചടിയാകും. തോറ്റെന്ന് ഇതുവരെ അവര്‍ മനസിലാക്കിയിട്ടില്ല. തോറ്റിട്ടില്ലെന്നാണ് ഇപ്പോഴും പറയുന്നത്. ഒരു തിരുത്തലും വരുത്തില്ലെന്നാണ് പറയുന്നത്. തിരുത്തല്‍ വരുത്താതെ ഇങ്ങനെ തന്നെ പോകണമെന്നാണ് ഞങ്ങളും പറയുന്നത്. പരസ്യമായാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ന്യൂനപക്ഷ പ്രീണനം വിട്ട് ഭൂരിപക്ഷ പ്രീണനം തുടങ്ങിയത്. ഞങ്ങള്‍ക്ക് ഇത് രണ്ടുമില്ല. ആര് വിഭാഗീയതയും വിദ്വേഷവും പകര്‍ത്താന്‍ ശ്രമിച്ചാലും യു ഡി എഫ് അതിനെ ചെറുക്കും. തീപ്പൊരി ആളിപ്പടര്‍ത്താതിരിക്കാനുള്ള ശ്രമമാണ് മുമ്പത്തും പള്ളുരുത്തിയിലും യു ഡി എഫ് ചെയ്തത്. എന്നാല്‍ മുനമ്പത്തും പള്ളുരുത്തിയിലും വിദ്വേഷം ആളിക്കത്തിക്കാന്‍ ബി ജെ പി ശ്രമിച്ചപ്പോള്‍ തീ ഊതിക്കൊടുക്കുകയായിരുന്നു സി പി എം. തീ കെടുത്താനാണ് യു ഡി എഫ് ശ്രമിച്ചത്. കൃത്യമായ നിലപാടുകളില്‍ ആകാശം ഇടിഞ്ഞു വീണാലും യു ഡി എഫ് വെള്ളം ചേര്‍ക്കില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.