ഭൂരിപക്ഷമുണ്ടായിട്ടും പട്ടികവർഗ അംഗമില്ലാത്തതിനാൽ എരുമേലി പഞ്ചായത്തിൽ യുഡിഎഫിന് പ്രസിഡൻ്റ് സ്ഥാനം നഷ്ടമായി. 14 യുഡിഎഫ് അംഗങ്ങളും ഒരു സ്വതന്ത്രനും വോട്ടെടുപ്പിൽ പങ്കെടുത്തില്ല.

കോട്ടയം: യു ഡി എഫിന് ഭൂരിപക്ഷമുള്ള എരുമേലി പഞ്ചായത്തിൽ പ്രസിഡന്‍റ് സ്ഥാനം എൽ ഡി എഫിന്. സി പി എമ്മിലെ അമ്പിളി സജീവൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. 24 അംഗങ്ങളുള്ള പഞ്ചായത്തിൽ 9 പേർ മാത്രമാണ് ഇന്ന് നടന്ന വോട്ടെടുപ്പിൽ പങ്കെടുത്തത്. ഏഴ് വോട്ടാണ് എൽ ഡി എഫിന് കിട്ടിയത്. ബി ജെ പിയിലെ കെ കെ രാജന് രണ്ട് വോട്ടും കിട്ടി. 14 യു ഡി എഫ് അംഗങ്ങളും ഒരു സ്വതന്ത്രനും വോട്ടെടുപ്പിൽ പങ്കെടുത്തില്ല.

പട്ടികവർഗ സംവരണമാണ് പ്രസിഡന്‍റ് സ്ഥാനം. 14 സീറ്റുകളുള്ള യു ഡി എഫാണ് എരുമേലിയിൽ ഏറ്റവും വലിയ ഒറ്റ കക്ഷി. യു ഡി എഫിന് പഞ്ചായത്തിൽ ഭൂരിപക്ഷം ഉണ്ടെങ്കിലും പട്ടിക വർഗ വിഭാഗത്തിൽ നിന്ന് ആരും ജയിച്ചില്ല. എൽ ഡി എഫിനും ബി ജെ പിക്കും പട്ടിക വർഗ വിഭാഗത്തിൽ നിന്ന് ഓരോ അംഗമുണ്ട്. ഇതിനെ തുടർന്ന് കഴിഞ്ഞ ദിവസം നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ നിന്നും യു ഡി എഫ് വിട്ടുനിന്നിരുന്നു. അന്ന് ക്വാറം തികയാത്തതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റി വച്ചത്.

അതിനിടെ അഗളിയിൽ കോൺഗ്രസിൽ നിന്ന് കൂറുമാറി സി പി എം പിന്തുണയോടെ വിജയിച്ച പഞ്ചായത്ത് പ്രസിഡന്‍റ് രാജിവച്ചു. അഗളി പഞ്ചായത്ത് പ്രസിഡന്‍റ് മഞ്ജുവാണ് രാജിവച്ചത്. സി പി എം പിന്തുണയോടെയാണ് യു ഡി എഫ് അംഗം പഞ്ചായത്ത് പ്രസിഡൻ്റായത്. എന്നും കോൺഗ്രസ് പ്രവർത്തക എന്ന് മഞ്ജു വ്യക്തമാക്കി. പ്രസിഡന്‍റ് സ്ഥാനത്തേക്ക് എൽഡിഎഫ് മെമ്പർമാർ പിന്തുണയ്ക്കുക മാത്രം ആണ് ചെയ്തത്.കോൺഗ്രസ് പ്രവർത്തക എന്ന നിലയിൽ ആ പിന്തുണ സ്വീകരിക്കുന്നില്ലെന്നും മഞ്ജു വ്യക്തമാക്കി.