പാമ്പുപിടിത്തത്തിലെ ശാസ്ത്രീയ വശങ്ങളെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും പറയുകയാണ് റോഷ്നി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലൂടെ.

പാമ്പുപിടിത്തത്തിലെ പെണ്‍കരുത്തും രാജവെമ്പലയെ വരെ വരുതിയിലാക്കിയ വനം വകുപ്പ് ഉദ്യോഗസ്ഥയുമാണ് ജി.എസ് റോഷ്‌നി. 18 അടിയോളം നീളമുള്ള രാജവെമ്പാലയെ ചാക്കിലാക്കിയ റോഷ്‌നിയെന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസറെ രാഷ്ട്രീയ-സിനിമ താരങ്ങള്‍ മുതല്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ വരെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ആര്യനാട് സ്വദേശിനിയായ റോഷ്‌നിക്ക് കേരള വനിതാ കമ്മീഷന്റെ ഈ വർഷത്തെ (2026) സ്ത്രീശക്തി പുരസ്‌കാരവും ലഭിച്ചു. പാമ്പുകളെ ഏറെ ഇഷ്ടമാണെന്നും അതുകൊണ്ടുതന്നെ വളരെ ആസ്വദിച്ചാണ് താന്‍ ഈ ജോലി ചെയ്യുന്നതെന്ന് പറയുകയാണ് റോഷ്നി. വനം വകുപ്പിലെ സര്‍വീസിനിടെ തന്നെ ആയിരത്തോളം പാമ്പുകളെ റോഷ്‌നി ഇതുവരെ റെസ്ക്യൂ ചെയ്തിട്ടുണ്ട്. പാമ്പുപിടിത്തത്തിലെ ശാസ്ത്രീയ വശങ്ങളെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും പറയുകയാണ് റോഷ്നി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലൂടെ.

പാമ്പ് പിടുത്തമല്ല പാമ്പ് റെസ്‌ക്യൂ!

2019 മുതല്‍ ഞാന്‍ പാമ്പ് റെസ്ക്യൂ ചെയ്യുന്നു. ആയിരത്തോളം പാമ്പുകളെ ഇതുവരെ റെസ്ക്യൂ ചെയ്തിട്ടുണ്ട്. പാമ്പിന്‍റെ ആവാസവ്യവസ്ഥ എന്ന് പറയുന്നത് വനത്തിനുള്ളിൽ മാത്രമല്ല. നാട്ടിന്‍പുറങ്ങളിലുമൊക്കെ കാണപ്പെടുന്ന ഒരു ജീവിയാണ് പാമ്പ്. അപ്പോൾ ജനവാസ മേഖലയിൽ കാണപ്പെടുന്ന ഈ പാമ്പുകളെ നമ്മൾ ശരിക്കും എന്ത് ചെയ്യണം? പാമ്പ് പിടുത്തം എന്ന് പറയുന്നത് അതിനെ കൊല്ലാന്‍ വേണ്ടിയാകരുത്. പാമ്പ് റെസ്ക്യൂ ചെയ്യുന്നു എന്ന് പറഞ്ഞാൽ ഒരു ജനവാസ മേഖലയിൽ മനുഷ്യർക്ക് അപകടപരമായ രീതിയിൽ ഒരു പാമ്പിനെ കാണുമ്പോൾ ആ പാമ്പിനെ അവിടെ നിന്നും റെസ്ക്യൂ ചെയ്ത് മാറ്റുകയാണ് ചെയ്യുന്നത്. എന്ന് പറഞ്ഞാൽ അതിനെ അവിടുന്ന് സംരക്ഷിച്ച് സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക്, അതിന്‍റെ തന്നെ ഒരു ആവാസവ്യവസ്ഥയിലേക്ക് മാറ്റുന്നതിനോടൊപ്പം ആ പാമ്പിന്‍റെ ജീവനെ രക്ഷിക്കുകയും ആ സ്ഥലത്തുണ്ടായിരുന്ന മനുഷ്യരുടെ ജീവനെ രക്ഷിക്കുക കൂടിയാണ് ചെയ്യുന്നത്.

പാമ്പ് പിടുത്തം എന്ന് പറഞ്ഞ് അശാസ്ത്രീയമായ രീതിയിൽ പാമ്പിനെ എടുക്കുക, പിടിക്കുക, പിടിച്ചിട്ട് ഷോ കാണിക്കുക, അതിനെ പ്രകോപിപ്പിക്കുന്ന രീതിയിൽ അനാവശ്യമായി അതിനെ വെച്ച് ഉപദ്രവിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യരുത്. നമ്മൾ നിയമപരമായി വന്യജീവിയെ റെസ്ക്യൂ ചെയ്യുന്നതിന് ലൈസൻസ് കൊടുക്കുന്നുണ്ട്. ശാസ്ത്രീയമായ രീതിയിൽ അതിനെ റെസ്ക്യൂ ചെയ്ത് സ്ഥലത്ത് നിന്ന് മാറ്റണം എന്നുള്ളത് സർക്കാരിന്റെ നിയമമായിട്ട് വന്നിട്ടുണ്ട്.

ധൈര്യം ഇഷ്ടം കൊണ്ട് വന്നത്!

പാമ്പ് എന്ന് പറയുന്നത് മനുഷ്യ ജീവന് ആപത്തുണ്ടാകുന്ന രീതിയിൽ ഒരാളെ നശിപ്പിക്കാനുള്ള കഴിവുള്ളവരാണ്. നമ്മുടെ എല്ലാവരുടെയും മനസ്സിൽ പണ്ടുമുതലേ പാമ്പ് എന്ന് പറയുമ്പോള്‍ തന്നെ പേടിയാണ്. അപ്പോൾ ശരിക്കും ധൈര്യം ഉണ്ടെങ്കിൽ മാത്രമേ നമുക്ക് പാമ്പുകളെ റെസ്ക്യൂ ചെയ്യാൻ പറ്റൂ. എനിക്ക് പാമ്പുകളെ വളരെയധികം ഇഷ്ടമാണ്. അതുകൊണ്ട് തന്നെ അതിനെ തൊടുന്നതിന് എനിക്ക് വേറെ ബുദ്ധിമുട്ടോ അറപ്പോ തോന്നാറില്ല. പാമ്പുകളെ മാത്രമല്ല എല്ലാ വന്യജീവികളെയും ഞാൻ റെസ്ക്യൂ ചെയ്യാറുണ്ട്. ഇവരോട് എനിക്ക് വലിയ ഇഷ്ടമാണ്. അതുകൊണ്ട് തന്നെ അവരെ പിടിക്കുന്നതിനോ തൊടുന്നതിനോ എനിക്ക് ഒരു ബുദ്ധിമുട്ട് ഇതുവരെയും തോന്നിയിട്ടില്ല.

സ്നേക് റെസ്‌ക്യൂവര്‍മാര്‍ക്ക് ശാസ്‌ത്രീയ പരിശീലനം നിര്‍ബന്ധം

പാമ്പിനെ റെസ്ക്യൂ ചെയ്യണമെങ്കിൽ കൃത്യമായ ലൈസൻസും അതിനെ ശാസ്ത്രീയമായ രീതിയിൽ റെസ്ക്യൂ ചെയ്യണമെന്നും നിയമമുണ്ട്. ആ നിയമം അനുസരിക്കാൻ നമ്മൾ എല്ലാ പൗരന്മാരും ബാധ്യസ്ഥരാണ്. ഇതൊരു മനുഷ്യ ജീവന് ആപത്തുണ്ടാക്കുന്ന ഒരു ജീവിയാണ്. അപ്പോൾ അതുമായിട്ടുള്ള ഒരു ഇടപെടൽ എന്ന് പറയുന്നത് അത്രയും ശ്രദ്ധിച്ച് ചെയ്തില്ലെങ്കില്‍ നമ്മുടെ ജീവന് തന്നെ ആപത്തുണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. പാമ്പിന്റെ കടിയേറ്റ് മരിച്ച ഒരുപാട് റെസ്ക്യൂവേഴ്സുണ്ട്. അതുകൊണ്ട് ശാസ്‌ത്രീയമായി തന്നെ ഇവയെ പിടിക്കുകയും വനവാസ മേഖലയിലേക്ക് ഇവരെ മാറ്റുകയും വേണം.

വനംവകുപ്പിന്‍റെ 'സർപ്പാ' ആപ്പ്

പൊതുജനങ്ങള്‍ക്ക് ഒരാവശ്യം വന്നാല്‍, വനംവകുപ്പിന്‍റെ കീഴില്‍ പരിശീലനം ലഭിച്ച സ്നേക് റെസ്‌ക്യൂവര്‍മാരെ തന്നെ ആശ്രയിക്കേണ്ടത് പ്രധാനമാണ്. വനം വകുപ്പിന്‍റെ തന്നെ സർപ്പാ എന്ന് പറയുന്ന ഒരു ആപ്ലിക്കേഷൻ ഉണ്ട്. അതിൽ ഏറ്റവും അടുത്തുള്ള റെസ്ക്യൂവർ ഉൾപ്പെടെയുള്ള കേരളത്തിലെ എല്ലാ റെസ്ക്യൂവേഴ്സിന്റെയും ലൈസൻസുള്ള റെസ്ക്യൂവേഴ്സിന്റെയും നമ്പർ ഉണ്ടാകും. അല്ലെങ്കിൽ പൊലീസിൽ വിളിച്ച് പറഞ്ഞാൽ അവർ ഫോറസ്റ്റ് ഓഫീസിന്റെ നമ്പർ തരും. ഏത് രീതിയില്‍ വേണമെങ്കിലും നിങ്ങള്‍ക്ക് വനം വകുപ്പിനെ ബന്ധപ്പെടാം.

പാമ്പിനെ റെസ്‌ക്യൂ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നമ്മൾ ശാസ്ത്രീയമായ രീതിയിലാണ് റെസ്ക്യൂ ചെയ്യുന്നത്. നമ്മള്‍ ഒരു പാമ്പിനെ റെസ്ക്യൂ ചെയ്യുമ്പോൾ ആദ്യം നമ്മുടെ സേഫ്റ്റിയാണ് നോക്കേണ്ടത്. അത് കഴിഞ്ഞ് പാമ്പിന്‍റെ സേഫ്റ്റിയും. അപ്പോൾ ശാസ്ത്രീയമായ രീതിയിൽ നമ്മൾ റെസ്ക്യൂ ചെയ്യുമ്പോൾ നമ്മുടെ കയ്യിൽ ഹുക്ക് പോലെ ഇരിക്കുന്ന ഒരു സ്റ്റിക്ക് ഉണ്ടാകും, ഒരു ചെറിയൊരു പിവിസി പൈപ്പ് ഉണ്ടാകും, ഒരു ബാഗ് ഉണ്ടാകും. നീളമുള്ള സ്റ്റിക്ക് ആയതിനാല്‍ പാമ്പുമായിട്ട് അത്രയും ദൂരം നമുക്കുണ്ടാവും. അപ്പോൾ ഈ പാമ്പ് നമ്മുടെ അടുത്തേക്ക് വരുമ്പോൾ ഈ സ്റ്റിക്ക് വെച്ച് ഇതിനെ നിയന്ത്രിക്കാന്‍ കഴിയും. പിന്നെ ഒരു ചെറിയ പിവിസി പൈപ്പ് വെച്ചിട്ട് അതിനുള്ളിലേക്ക് പാമ്പിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവാത്ത രീതിയിൽ ഈ സ്റ്റിക്ക് വെച്ച് എടുത്ത് പൈപ്പിന്റെ ആർട്ടിഫിഷ്യൽ മാളത്തിലേക്ക് കയറ്റും. എന്നിട്ട് നമ്മൾ ആ ബാഗ് ടൈറ്റ് ചെയ്ത് എടുക്കുകയാണ് ചെയ്യുന്നത്.

പാമ്പ് ഇരിക്കുന്നത് പല സാഹചര്യങ്ങളിൽ ആയിരിക്കും. പാമ്പ് ചിലപ്പോള്‍ കിണറിനകത്ത് കിടക്കാറുണ്ട്, വിറകിനിടയിൽ, മതിൽക്കെട്ടിനകത്ത് അങ്ങനെ പല സാഹചര്യങ്ങളിലാകും പാമ്പ് ഇരിക്കുന്നത്. അപ്പോൾ ആ സാഹചര്യം അനുസരിച്ചും പാമ്പിന്‍റെ സേഫ്റ്റി നോക്കിയും അതിനെ ബുദ്ധിമുട്ടിക്കാതെയുമാകും നമ്മള്‍ റെസ്ക്യൂ ചെയ്യുന്നത്. പിന്നെ നമുക്ക് ചുറ്റും ഒത്തിരി ആൾക്കാരുണ്ടാവും. അപ്പോൾ അവരുടെ സേഫ്റ്റി എന്ന് പറയുന്നതും പ്രധാനമാണ്. ഇതെല്ലാം നോക്കിയിട്ട് വേണം നമ്മൾ സുരക്ഷിതമായിട്ട് പാമ്പിനെ അവിടെ നിന്നും റെസ്ക്യൂ ചെയ്യേണ്ടത്.

ഉദാഹരണത്തിന് കിണറിനകത്താണാണ് പാമ്പ് കിടക്കുന്നതെങ്കിൽ ആദ്യം നമ്മൾ കയ്യിലിരിക്കുന്ന പൈപ്പും ബാഗും കൂടി വെച്ച് ഒരു ആർട്ടിഫിഷ്യൽ മാളം ക്രിയേറ്റ് ചെയ്യും. ആ പൈപ്പ് വെച്ചിട്ട് ഒരു ഹോൾ ഉണ്ടാക്കി, പാമ്പിനെ സേഫ് ആയിട്ട് റെസ്ക്യൂ ചെയ്ത് ഈ മാളത്തിനുള്ളിലേക്ക് കാണിക്കുമ്പോൾ ഇത് അതിനകത്ത് കയറിപ്പോകും. അപ്പോൾ നമ്മൾ ആ ബാഗ് കെട്ടി അതിനെ സേഫ് ആക്കി എടുക്കുകയാണ് ചെയ്യുന്നത്.

24 മണിക്കൂറും ഡ്യൂട്ടി ടൈം

റാപ്പിഡ് റെസ്പോൺസ് ടീം എന്ന വിങ്ങിലാണ് ഞാന്‍ ജോലി ചെയ്യുന്നത്. അപ്പോൾ രാത്രിയും പകലും എന്നൊരു വ്യത്യാസം ഇല്ലാതെ എപ്പോള്‍ ആവശ്യം വന്നാലും റെസ്ക്യൂ ചെയ്യാന്‍ പോകേണ്ടി വരും. പിന്നെ സ്നേക്ക് റെസ്ക്യൂ എന്ന് പറയുന്നത് വനം വകുപ്പ് ആരെയും നിർബന്ധിച്ച് ചെയ്യിക്കുന്നതല്ല. അത് താല്പര്യമുള്ളവർ മാത്രമാണ് ചെയ്യുന്നത്. നമ്മുടെ വനം വകുപ്പിൽ പാമ്പിനെ റെസ്ക്യൂ ചെയ്യുന്ന വളരെ കുറച്ച് ആൾക്കാർ മാത്രമേയുള്ളൂ. നമുക്കത് താല്പര്യമുണ്ടെങ്കിൽ മാത്രം ചെയ്താൽ മതി. അതുകൊണ്ട് ഇപ്പോൾ രാത്രി വിളിച്ചിട്ട് പോയില്ല എന്ന് പറഞ്ഞ് പ്രശ്നമൊന്നുമില്ല. നമുക്ക് ഇഷ്ടമാണെങ്കിൽ മാത്രം നമ്മൾ ചെയ്താൽ മതി.

മുമ്പ് ദൂരദര്‍ശനില്‍ വാര്‍ത്താ അവതാരകയായിരുന്നു

ഞങ്ങൾ മൂന്ന് പെൺകുട്ടികളാണ്. ഞങ്ങള്‍ മൂന്നുപേരും ഒരു സർക്കാർ ജോലി വാങ്ങണം എന്നു അമ്മയ്ക്ക് ഭയങ്കര താല്പര്യമായിരുന്നു. എന്‍റെ രണ്ട് ചേച്ചിമാരും സർക്കാർ ഉദ്യോഗസ്ഥരാണ്. 2007 മുതൽ ഞാൻ തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രത്തിലും ആകാശവാണിയിലും അനൗൺസറും ന്യൂസ് റീഡറും ആയിരുന്നു. പിഎസ്സി വഴി 2017-ലാണ് വനം വകുപ്പിൽ ഫോറസ്റ്റ് ഓഫീസർ ആയി ജോലി കിട്ടുന്നത്. ഫാമിലി നല്ല സപ്പോർട്ടാണ്. തുടക്കത്തിൽ അമ്മയ്ക്ക് ബുദ്ധിമുട്ടായിരുന്നു. വാവ സുരേഷിനെ കോട്ടയത്ത് വെച്ച് പാമ്പ് കടിച്ച് ഭയങ്കര സീരിയസ് ആയിട്ട് മെഡിക്കൽ കോളേജിൽ കിടക്കുന്ന സമയത്താണ് എന്റെ ആദ്യത്തെ വീഡിയോ വൈറലാകുന്നത്. അപ്പോള്‍ അമ്മ കരച്ചിലും വിളിയും ഒക്കെ ആയിരുന്നു. ഈ ജോലി വേണ്ട എന്ന് പറയുമായിരുന്നു. രാജവെമ്പാലയെ വരെ പിടിച്ചല്ലോ, ഇനിയെങ്കിലും ഇത് മതിയാക്കിക്കൂടെ എന്ന് ചോദിക്കാറുണ്ട്. പക്ഷേ സമൂഹം നമുക്ക് തരുന്ന ഒരു അംഗീകാരം എന്ന് പറയുന്നത് നമ്മുടെ ഉത്തരവാദിത്വം കൂട്ടുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ അത് മതിയാക്കാൻ എന്തായാലും തീരുമാനിച്ചിട്ടില്ല. കഴിയുന്നിടത്തോളം എത്ര നാൾ പറ്റുമോ അത്രയും സമയം വരെ വന്യജീവികളുടെ സംരക്ഷണം എന്ന് പറയുന്നതാണ് എന്റെ ജോലി. നമ്മളെപ്പോലെ ഭൂമിയിൽ ജീവിക്കാൻ അവകാശമുള്ളവരാണ് അവർ. അപ്പോൾ അവരെ സംരക്ഷിക്കുക എന്ന് പറയുന്നത്, ദൈവം എനിക്ക് അതിനൊരു അവസരം തന്നതായിട്ട് കരുതുന്നു. അത് ഭംഗിയായി വിനിയോഗിക്കണം എന്നുള്ളത് എനിക്ക് ഇഷ്ടമുള്ള കാര്യമാണ്.

രാജവെമ്പാലയെ പിടിക്കുന്ന വീഡിയോ സച്ചിന്‍ ഷെയര്‍ ചെയ്‌തപ്പോള്‍

അതിലും വലിയൊരു അംഗീകാരം കിട്ടാനില്ല എന്നുള്ളതാണ്. ഒരു സ്ത്രീ എന്ന നിലയിൽ ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചാണ് ഇവിടം വരെ എത്തിയത്. നമ്മുടെ കൂടെ ഇരിക്കുന്ന ഒരാൾ പോലും ചിലപ്പോൾ നമ്മളെ പ്രശംസിക്കാന്‍ മടി കാണിക്കുമ്പോഴും സച്ചിൻ തെൻഡുൽക്കറിനെ പോലെ ഒരാള്‍ നമ്മളെ അഭിനന്ദിക്കുമ്പോള്‍, അഭിമാനവും സന്തോഷവുമാണ് തോന്നിയത്. എനിക്കൊരു ഓസ്കാർ അവാർഡ് കിട്ടുന്നതിനേക്കാൾ വലിയ ഒരു അംഗീകാരമായാണ് കാണുന്നത്.

വിഷമം ഉണ്ടാക്കിയ അനുഭവം

ഞാൻ എല്ലാത്തിനെയും റെസ്ക്യൂ ചെയ്യാറുണ്ട്. കുരങ്ങന്‍, മാൻ, മയിൽ, മരപ്പട്ടി, മുള്ളംപന്നി അങ്ങനെയുള്ള എല്ലാ ജീവികളെയും, പിന്നെ രാത്രി ആന, കടുവ, പുലി എന്നിവ ഇറങ്ങുമ്പോൾ ഓടിക്കാൻ പോകും, ഒരിക്കല്‍ കരടിയെ കെണിറ്റില്‍ നിന്നും റെസ്ക്യൂ ചെയ്യാന്‍ പോയിട്ടുണ്ട്. എനിക്ക് ഇതുവരെ ഞാൻ ചെയ്തിട്ടുള്ള ഒരു റെസ്ക്യൂവും ബുട്ടിമുട്ടായി തോന്നിയിട്ടില്ല. എല്ലാം ഞാൻ അത്രത്തോളം ഇഷ്ടപ്പെട്ട് ചെയ്യുന്നതാണ്. കരടി കിണറിൽ വീണപ്പോള്‍ റെസ്ക്യൂ ചെയ്യാൻ വേണ്ടി പോയത് വിഷമത്തിലാണ് അവസാനിച്ചത്. മയക്കുവെടി വെച്ചപ്പോൾ അത് കിണറിനകത്ത് വെച്ച് ചത്തുപോയിരുന്നു. അത് ശരിക്കും ജീവിതത്തിൽ ഏറ്റവും വിഷമം ഉണ്ടാക്കിയ ഒരു സംഭവമായിരുന്നു. അതിന്റെ മരണം എന്ന് പറയുന്നത് മാനസികമായി വളരെയധികം തളർത്തിക്കളഞ്ഞ ഒരു സംഭവമായിരുന്നു.

വീടുകളില്‍ പാമ്പ് വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വീടുകളില്‍ പാമ്പ് വരാതിരിക്കാൻ വീടും വീടിന് ചുറ്റുമുള്ള പരിസരവും വൃത്തിയായി സൂക്ഷിക്കണം. കാരണം പാമ്പുകൾ കൂടുതൽ പുറത്തിറങ്ങുന്നത് ഭക്ഷണം തേടിയാകും. വീടിന് ചുറ്റും ഫുഡിന്റെ വേസ്റ്റോ മറ്റോ കിടക്കുമ്പോൾ എലി വരാനുള്ള സാധ്യതയുണ്ട്. എലിയുടെ പുറകെ പാമ്പ് വരാനുള്ള സാധ്യതയും കൂടുതലാണ്. അതുപോലെ ചൂടുള്ള സ്ഥലങ്ങളിൽ ഇരിക്കാൻ പാമ്പുകള്‍ക്ക് താല്പര്യം ഉണ്ടാവില്ല. ചൂട് ഭയങ്കരമായിട്ട് കൂടുമ്പോൾ ഇവർ പുറത്തോട്ട് ഇറങ്ങി വരാനുള്ള സാധ്യത കൂടുതലാണ്. അപ്പോൾ നമ്മൾ ഈ വീട്ടിൽ ഇൻഡോർ പ്ലാന്റ്, ഔട്ട്ഡോർ പ്ലാന്റ്, ക്ലൈംബേഴ്സ് ഇങ്ങനെയൊക്കെ വീട്ടിൽ വളർത്തിയിട്ടുണ്ടെങ്കില്‍, ചെടി ചട്ടിയിലും വെള്ളത്തിന്റെ നനവുള്ള സ്ഥലങ്ങളിലും ഇവ വന്നിരിക്കാന്‍ സാധ്യതയുണ്ട്. അപ്പോൾ അങ്ങനെയുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക. പിന്നെ പാമ്പ് വരാതിരിക്കാൻ പെട്രോൾ, വെളുത്തുള്ളി, മണ്ണെണ ഒഴിക്കുന്നവരൊക്കെയുണ്ട്. പാമ്പിന് മൂക്ക് എന്ന് പറയുന്നത് ശ്വസിക്കാൻ വേണ്ടിയിട്ടാണ്. അതിന് മണം പിടിക്കാനുള്ള കഴിവില്ല. അതുകൊണ്ട് ഇതിലൊന്നും കാര്യമില്ല. പിന്നെ ഈ പറ‍ഞ്ഞതെല്ലാം അസിഡിക് നേച്ചറുള്ള സാധനങ്ങളാണ്. ഇത് ശരീരത്തിൽ വീണു കഴിഞ്ഞാൽ അതിന്‍റെ ശരീരം പൊള്ളലേറ്റ് അത് ചത്തു പോകാനുള്ള സാഹചര്യമുണ്ട്. അല്ലാതെ അതിന്‍റെ മണം കൊണ്ട് ഒരിക്കലും അത് വരാതിരിക്കില്ല. ഇങ്ങനെ പാമ്പുകളെ കൊല്ലുന്നത് 3 വർഷം മുതൽ 7 വർഷം വരെ തടവും ₹25000 പിഴയും വരെ കിട്ടുന്ന കേസാണ്.

പാമ്പ് കടിച്ചാൽ എന്ത് ചെയ്യും?

പാമ്പ് കടിയേറ്റു കഴിഞ്ഞാൽ നമുക്ക് ഫസ്റ്റ് എയ്ഡ് ശരിക്കും പറഞ്ഞാൽ ഇല്ല. പാമ്പ് കടിച്ചു കഴിഞ്ഞാൽ എത്രയും പെട്ടെന്ന് ആന്റി വെനം കൊടുക്കുന്ന ഹോസ്പിറ്റലിൽ എത്തിക്കുക എന്നുള്ളതാണ് ചെയ്യേണ്ടത്. മുറിവ് കെട്ടി വയ്ക്കാനോ അതില്‍ എന്തെങ്കിലും മരുന്ന് പുരട്ടാനോ ശ്രമിച്ച് സമയം കളയാതെ എത്രയും പെട്ടെന്ന് കടിയേറ്റയാളെ ആശുപത്രിയില്‍ കൊണ്ടുപോവുകയാണ് ചെയ്യേണ്ടത്.