കോഴിക്കോട് മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗം അധ്യാപകർക്കെതിരായ പരാതിയിൽ അന്വേഷണം. ഇതിനായി മൂന്നംഗ അന്വേഷണ സമിതിയെ ഡയറക്ടര്‍ ഓഫ് മെഡിക്കൽ എജ്യുക്കേഷൻ നിയോഗിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് നിര്‍ദേശം. ഡോ.അനിത കുമാരി, ഡോ. സിഎൽ സ്മിത എന്നിവർക്കെതിരായ പരാതിയിലാണ് അന്വേഷണം.
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗം അധ്യാപകർക്കെതിരായ പരാതിയിൽ അന്വേഷണം. ഇതിനായി മൂന്നംഗ അന്വേഷണ സമിതിയെ ഡയറക്ടര്‍ ഓഫ് മെഡിക്കൽ എജ്യുക്കേഷൻ നിയോഗിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് നിര്‍ദേശം. ഡോ.അനിത കുമാരി, ഡോ. സിഎൽ സ്മിത എന്നിവർക്കെതിരായ പരാതിയിലാണ് അന്വേഷണം. കോളേജ് ഗ്രീവിയൻസ് സെല്ലിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രിന്‍സിപ്പാള്‍ ഡിഎംഇക്ക് കൈമാറിയിരുന്നു. അധ്യാപകർ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പിജി വിദ്യാർത്ഥികൾ പരാതി നൽകിയിരുന്നു. പൊതുവേദിയിലും രോഗികൾക്ക് മുൻപിലും
വിദ്യാർത്ഥികളെ അപമാനിക്കുന്നുവെന്നാരോപിച്ചാണ് സൈക്യാട്രി വിഭാഗത്തിലെ അധ്യാപകരായ ഡോ. അനിത കുമാരി, ഡോ. സ്മിത എന്നിവർക്കെതിരെ പിജി വിദ്യാർത്ഥികൾ രേഖാമൂലം പ്രിൻസിപ്പാളിന് പരാതി നൽകിയത്. തീസിസ് ഒപ്പിട്ട് നൽകില്ലെന്നും, മാർക്ക് കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. സൈക്യാട്രി വിഭാഗത്തിലെ 12 വിദ്യാർത്ഥികളും പരാതി നൽകിയതോടെ പ്രിൻസിപ്പാളിന്റെ നിർദേശപ്രകാരം മെഡിക്കൽ കോളേജ് ഗ്രീവിയൻസ് സെൽ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണ റിപ്പോർട്ട് ഡിഎംഇക്ക് കൈമാറിയെന്നും തുടർനടപടി സ്വീകരിക്കേണ്ടത് ഡിഎംഇ ആണെന്നുമാണ് പ്രിൻസിപ്പാളിന്റെ വിശദീകരണം. അധ്യാപകർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് എസ്എഫ്ഐ ഇന്ന് മെഡിക്കൽ കോളേജ് ക്യാംപസിൽ പ്രതിഷേധം സംഘടിപ്പിച്ചു. നടപടിയില്ലെങ്കിൽ തിങ്കളാഴ്ച പ്രിൻസിപ്പൽ ഓഫീസ് ഉപരോധിക്കുമെന്നാണ് വിദ്യാർത്ഥികളുടെ മുന്നറിയിപ്പ്.


