ഈ സംഭവം ജോസ് കെ. മാണിയുടെ നേതൃത്വത്തെ ദുർബലപ്പെടുത്തുന്നുണ്ടോ എന്നും റോഷി പാർട്ടിയിലെ പുതിയ അധികാര കേന്ദ്രമായി മാറുന്നുണ്ടോ എന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. വരാനിരിക്കുന്ന പാലാ തെരഞ്ഞെടുപ്പിലെ കടുത്ത മത്സരസാധ്യതകളും ലേഖനം ചർച്ച ചെയ്യുന്നു.
കോട്ടയം: കേരള രാഷ്ട്രീയത്തിൽ അച്ചടക്കത്തിനും പാർട്ടി ചെയർമാന്റെ അപ്രമാദിത്വത്തിനും പേരുകേട്ട പാർട്ടിയായിരുന്നു കെഎം മാണി നയിച്ചിരുന്ന കേരള കോൺഗ്രസ് എം. എന്നാൽ, ഇന്നലെ നടന്ന വികസന മുന്നേറ്റയാത്രയുടെ വാർത്താ സമ്മേളനത്തിൽ കണ്ട കാഴ്ചകൾ പാർട്ടിയുടെ ആ പഴയ കീഴ്വഴക്കങ്ങളെ പാടെ പൊളിച്ചെഴുതുന്നതായിരുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിൽ ജോസ് കെ. മാണി മത്സരിക്കുമെന്ന പ്രഖ്യാപനം വന്ന രീതി പാർട്ടിക്കുള്ളിലും അണികൾക്കിടയിലും വലിയ ചർച്ചകൾക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.
ജോസ് കെ മാണി മത്സരിക്കുമോ? പാലായിൽ ആര് മത്സരിക്കും? എന്നിങ്ങനെയുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പാർട്ടി ചെയർമാൻ ജോസ് കെ. മാണി മറുപടി നൽകിക്കൊണ്ടിരിക്കെയാണ് മന്ത്രി റോഷി അഗസ്റ്റിൻ ഇടപെട്ടത്. ജോസിന്റെ കൈയിൽ നിന്ന് മൈക്ക് തട്ടിപ്പറിച്ച്,ജോസ് കെ. മാണി മത്സരിക്കും, സംശയമെന്ത് എന്ന് റോഷി പ്രഖ്യാപിച്ചു. പാർട്ടി തീരുമാനിക്കും" അല്ലെങ്കിൽ "പാർട്ടി ചെയർമാനെ യോഗം ചുമതലപ്പെടുത്തി" എന്ന് മറുപടി നൽകുന്നതായിരുന്നു മാണി സാറിന്റെ കാലം മുതലുള്ള പാരമ്പര്യം. ആ പാരമ്പര്യത്തെ മറികടന്നുള്ള റോഷിയുടെ ഇടപെടൽ അണികൾക്കിടയിൽ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.
പ്രഖ്യാപന സമയത്ത് ജോസ് കെ. മാണിയുടെ ശരീരഭാഷ ദുർബലമായിരുന്നുവെന്നും അദ്ദേഹം അപ്രസക്തനാക്കപ്പെട്ടുവെന്നും സോഷ്യൽ മീഡിയയിൽ നിരീക്ഷണങ്ങൾ ഉയര്‍ന്നു. സിപിഎം നേതാവ് കെകെ. ശൈലജയുടെ സാന്നിധ്യത്തിലായിരുന്നു ഈ നാടകീയ രംഗങ്ങൾ എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ജോസ് കെ. മാണിയേക്കാൾ പാർട്ടിയിലും മുന്നണിയിലും റോഷി അഗസ്റ്റിൻ സ്വാധീനമുറപ്പിക്കുന്നു എന്ന ചർച്ചകൾക്കാണ് ഈ സംഭവം ആക്കം കൂട്ടുന്നത്.
ഇടതുമുന്നണി വിടാനുള്ള നീക്കങ്ങൾ പാർട്ടിയിൽ ഉയർന്നപ്പോൾ അതിനെ ശക്തമായി പ്രതിരോധിച്ച് എൽഡിഎഫിൽ തന്നെ പാര്‍ട്ടി തുടരാൻ ചരടുവലികൾ നടത്തിയത് റോഷിയായിരുന്നു. ഇത് മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം നേതൃത്വത്തിന്റെയും പ്രീതി റോഷിക്ക് ലഭിക്കാൻ കാരണമായി. മന്ത്രിയെന്ന നിലയിലുള്ള പ്രവർത്തനവും പാർട്ടിക്കാര്യങ്ങളിലെ ഇടപെടലും റോഷിക്ക് ഒരു താരപരിവേഷം നൽകിയിട്ടുണ്ട്. ചെയർമാനെക്കാൾ ശക്തമായി കാര്യങ്ങൾ തീരുമാനിക്കാനുള്ള ആർജ്ജവം റോഷി കാണിക്കുന്നുവെന്നത് പാർട്ടിയിലെ രണ്ടാമത്തെ അധികാരകേന്ദ്രത്തിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.
കഴിഞ്ഞ മാസം കോട്ടയത്ത് നടന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷവും ജോസിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത് റോഷിയായിരുന്നു. ആവർത്തിച്ചുള്ള ഇത്തരം ഇടപെടലുകൾ ജോസ് കെ. മാണിയുടെ നേതൃത്വത്തെ ചോദ്യം ചെയ്യുന്നതാണോ എന്ന് എതിരാളികൾ ചോദിക്കുന്നു. ജോസ് കെ. മാണി പാലായിൽ മത്സരിക്കുന്നത് അണികൾക്ക് ആവേശമാണെങ്കിലും, അത് പ്രഖ്യാപിക്കപ്പെട്ട രീതി അവരെ അലോസരപ്പെടുത്തുന്നുണ്ട്. കെഎം. മാണി ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കുമോ?" എന്ന ചോദ്യം അണികൾക്കിടയിൽ സജീവമാണ്. പാർട്ടിക്കുള്ളിൽ ഭിന്നതയുണ്ടെന്ന പ്രതീതി ഇത് സൃഷ്ടിക്കുമോ എന്നാണ് ഒരു വിഭാഗം ഭയപ്പെടുന്നത്. ഒരു പടി കൂടി കടന്ന് പാലായിൽ ഒരിക്കൽ കൂടി ജോസ് കെ മാണി പരാജയപ്പെട്ടാൽ പാര്‍ട്ടിയിൽ അധികാര കേന്ദ്രമായി മാറാൻ റോഷിക്ക് വലിയ അവസരമാകുമെന്ന വിലയിരുത്തൽ നടത്തുന്നവരും ഉണ്ട്.
അതേസമയം, റോഷി അഗസ്റ്റിൻ സ്നേഹം കൂടിയത് കൊണ്ട് പറഞ്ഞതാണെന്നാണ് ജോസ് കെ മാണി ഇന്ന് കോതമംഗലത്തെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. മത്സരിക്കുന്ന കാര്യമൊക്കെ പാർട്ടി ആലോചിച്ച് തീരുമാനിക്കും. റോഷി ചോര തിളപ്പുള്ള നേതാവാണ്. മത്സരിക്കണം എന്ന് പറഞ്ഞത് സ്നേഹ കൂടുതല്‍ കൊണ്ടാണെന്നും ജോസ് കെ മാണി പറഞ്ഞു.
പാല എങ്ങോട്ട്
പാലായിലെ രാഷ്ട്രീയ പോരാട്ടം2019-ലെ ഉപതെരഞ്ഞെടുപ്പിൽ മാണി സി. കാപ്പൻ പാലാ പിടിച്ചെടുത്തത് വലിയ അട്ടിമറിയായിരുന്നു. പിന്നീട് 2021-ലെ പൊതുതെരഞ്ഞെടുപ്പിൽ ജോസ് കെ. മാണി എൽഡിഎഫ് സ്ഥാനാർത്ഥിയായി എത്തിയെങ്കിലും 15,378 വോട്ടുകൾക്ക് മാണി സി. കാപ്പനോട് പരാജയപ്പെട്ടു. കഴിഞ്ഞ പരാജയത്തിന് ശേഷം രാജ്യസഭാ അംഗമെന്ന നിലയിൽ കിട്ടിയ ഫണ്ട് അധികവും പാലായിൽ ചെലവഴിച്ചും മണ്ഡലത്തിൽ സജീവമായി പ്രവർത്തിച്ചും സീറ്റ് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ജോസ് കെ. മാണി. ഇത്തവണ സിപിഎമ്മിനും ജോസിനോട് വലിയ താല്പര്യമുണ്ടെന്നത് അനുകൂല ഘടകമാണ്. അതേസമയം, യുഡിഎഫ് അധികാരത്തിലെത്തിയാൽ പാലായ്ക്ക് മന്ത്രിയുണ്ടാകുമെന്ന് ഉയർത്തിക്കാട്ടിയാണ് മാണി സി. കാപ്പൻ പ്രചാരണം നടത്തുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്നേറ്റവും അദ്ദേഹത്തിന് പ്രതീക്ഷ നൽകുന്നു. ബിജെപി ഏറ്റവും കൂടുതൽ പ്രതീക്ഷ വെക്കുന്ന കോട്ടയം ജില്ലയിലെ മണ്ഡലം കൂടിയാണ് പാലാ എന്നതിനാൽ വരും ദിവസങ്ങളിൽ മത്സരം കൂടുതൽ കടുക്കും.


