പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിയ ഓമല്ലൂർ സ്വദേശി എൻ ഗംഗാധരൻ നായരുടെ തലയിൽ ചക്ക വീണു. അത്യാഹിത വിഭാഗത്തിന് മുന്നിലെ പ്ലാവിൽ നിന്നാണ് ചക്ക വീണത്.
പത്തനംതിട്ട: ആശുപത്രിയിൽ എത്തിയ ആളുടെ തലയിൽ ചക്ക വീണു. പത്തനംതിട്ട ജനറൽ ആശുപത്രി പരിസരത്താണ് സംഭവം. ഓമല്ലൂർ സ്വദേശി എൻ ഗംഗാധരൻ നായർക്ക് (78) പരിക്കേറ്റു. അത്യാഹിത വിഭാഗത്തിനു മുൻപിലുള്ള പ്ലാവിൽ നിന്നാണ് ചക്ക അടർന്നു വീണത്. ഇന്നലെ ഉച്ചയ്ക്ക് 1.15നാണ് സംഭവം. ചക്ക വീണതോടെ ഗംഗാധരൻ നായർ ബോധരഹിതനാവുകയായിരുന്നു. ഗംഗാധരൻ നായർ ചികിത്സയിൽ തുടരുകയാണ്.
ആശുപത്രിയിൽ മരുന്നു വാങ്ങാൻ വന്ന രോഗിയുടെ ദേഹത്താണ് ചക്ക വീണത്. ഉടൻ തന്നെ അത്യാഹിത വിഭാഗത്തിൽ രോഗിയെ പ്രവേശിപ്പിച്ച് മതിയായ ചികിത്സ നൽകിയെന്ന് പത്തനംതിട്ട ജനറൽ ആശുപത്രി സൂപ്രണ്ട് ഷാനി എം എം പറഞ്ഞു. ആശുപത്രി കോമ്പൗണ്ടിലെ അപകടകരമായ മരങ്ങൾ വെട്ടാൻ സോഷ്യൽ ഫോറസ്ട്രിക്ക് അപേക്ഷ നൽകിയിട്ടുണ്ടെന്നും കഴിഞ്ഞ വർഷം മുതലാണ് ആ പ്ലാവിൽ ചക്ക ഉണ്ടാകാൻ തുടങ്ങിയതെന്നും ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു.


