കള്ളിമുണ്ടുടുത്ത് ടിവിഎസിൽ യാത്ര ചെയ്യുന്ന ഫോട്ടോ സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ച് തൃശ്ശൂർ ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ്. ലാലി ജെയിംസിന്റെ ആരോപണങ്ങൾക്ക് പിന്നാലെയാണ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.
തൃശ്ശൂർ: ലാലി ജെയിംസിന്റെ ആരോപണങ്ങൾക്ക് പിന്നാലെ സാമൂഹിക മാധ്യമത്തിലൂടെ ഫോട്ടോ പങ്കുവെച്ച് തൃശ്ശൂർ ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ്. കള്ളിമുണ്ടുടുത്ത് ടിവിഎസിൽ യാത്ര ചെയ്യുന്ന ഫോട്ടോ ആണ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. തൃശ്ശൂർ മേയർ പദവി പണം വാങ്ങി വിറ്റെന്നും പണമില്ലാത്തതിന്റെ പേരിൽ പാർട്ടി തന്നെ തഴഞ്ഞെന്നും തുടങ്ങി ഗുരുതര ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം ലാലി ജെയിംസ് ഉന്നയിച്ചിരുന്നത്.
കൂടാതെ, മേയർ ആക്കാൻ ഡിസിസി അധ്യക്ഷൻ പാർട്ടി ഫണ്ട് ചോദിച്ചുവെന്നും ഇന്ന് രാവിലെ ലാലി ജെയിംസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഡിസിസി അധ്യക്ഷൻ ഫോട്ടോയുമായി രംഗത്തുവന്നത്.`എന്താ പ്രസിഡന്റേ,യാത്ര ഇങ്ങനെയാക്കിയോ' എന്ന തലക്കെട്ടോടെയാണ് ടാജറ്റിന്റെ അടുത്ത വൃത്തങ്ങൾ ഫോട്ടോ പങ്കുവെച്ചത്. പാർട്ടി ഫണ്ട് ചോദിച്ചെന്ന് ആരോപണം നേരിടുന്ന തന്റെ യഥാർത്ഥ അവസ്ഥ ഇതാണ് എന്ന തരത്തിലുള്ള മറുപടിയാണ് ജോസഫ് ടാജറ്റ് ഫോട്ടോയിലൂടെ പങ്കുവെക്കുന്നത്.


