മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണു​ഗോപാലിനെ പരി​ഗണിക്കണമെന്ന് മല്ലിഖാർജുൻ ഖർ​ഗെയോട് ആവശ്യപ്പെട്ടതായി കെ സുധാകരൻ. പാർലമെന്റിൽ വെച്ചായിരുന്നു ഖർ​ഗെയുമായുള്ള കൂടിക്കാഴ്ച.

ദില്ലി: മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണു​ഗോപാലിനെ പരി​ഗണിക്കണമെന്ന് ആവശ്യപ്പെട്ടതായി കെ സുധാകരൻ. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖർ​ഗെയോടാണ് ആവശ്യപ്പെട്ടത്. കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ തന്റെ അഭിപ്രായം അറിയിച്ചുവെന്നും കെസിയെ പരി​ഗണിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് എന്നുമായിരുന്നു കെ സുധാകരൻ്റെ പ്രതികരണം. പാർലമെന്റിൽ വെച്ചായിരുന്നു ഖർ​ഗെയുമായുള്ള കൂടിക്കാഴ്ച നടന്നത്.

രമേശ്‌ ചെന്നിത്തലയുടെ പേര് ആദ്യം പറഞ്ഞത് ഭരണപരമായ പ്രവൃത്തി പരിചയം കൊണ്ടാണ്. ചടുലമായ പ്രവർത്തനമാണ് ഇപ്പോൾ ആവശ്യം. കെ സി വേണുഗോപാലിന് അതിന് കഴിയും. താൻ എവിടെയും മൈക്ക് വെച്ച് പ്രസംഗിച്ചിട്ടില്ല. പ്രചരണം മാധ്യമങ്ങളാണ് നടത്തിയതെന്നും ചർച്ചകളിൽ കെസിയുടെ പേര് മാത്രം മതി എന്ന് താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തൻ്റെ അഭിപ്രായം തുറന്ന് പറയാൻ പറ്റിയില്ലെങ്കിൽ താൻ എന്തിനാണ് ജീവിക്കുന്നത് എന്ന് ചോദിച്ച കെ സുധാകരൻ കൂടിക്കാഴ്ചയിൽ വളരെ തൃപ്തൻ ആണെന്നും മാധ്യമങ്ങളോട് പറഞ്ഞു.

കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച രൂക്ഷമായി തുടരവേയാണ് പാർലമെന്റിൽ വെച്ച് കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രി ആരാകണമെന്ന അഭിപ്രായം കെ സുധാകരൻ ഖാർഗെയെ അറിയിക്കുകയായിരുന്നു. കെ സി വേണുഗോപാൽ മുഖ്യമന്ത്രിയാകണമെന്ന താൽപര്യം കെ സുധാകരൻ സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും നേരത്തെ പ്രകടിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം വരും മുൻപുള്ള മുഖ്യമന്ത്രി ചർച്ചകളിൽ തെറ്റില്ല എന്നാണ് സുധാകരന്റെ വാദം. അതിനിടെ കേരളത്തിന്റെ ചുമതലയുള്ള നേതാവ് ദീപ ദാസ് മുൻഷി കോൺഗ്രസ് സംഘടനാ കാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ, കെ സുധാകരൻ ഖാർഗെ കൂടിക്കാഴ്ചയിൽ പ്രതികരിക്കാൻ കെസി വേണുഗോപാൽ തയ്യാറായിട്ടില്ല.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming