കണ്ണമാലിയില്‍ വാഹന പരിശോധനയ്ക്കിടെ ഉണ്ടായ അപകടത്തില്‍ പൊലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി യുവാക്കള്‍. പൊലീസ് കുടുക്കാൻ ശ്രമിക്കുകയാണെന്നാണ് ആരോപണം. അതേസമയം, യുവാക്കളുടെ വാദം തള്ളുകയാണ് പൊലീസ്. ഇതിന് തെളിവായി ദൃശ്യങ്ങളും പുറത്തുവിട്ടു

എറണാകുളം: എറണാകുളം കണ്ണമാലിയില്‍ വാഹന പരിശോധനയ്ക്കിടെ ഉണ്ടായ അപകടത്തില്‍ പൊലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി യുവാക്കള്‍. പൊലീസ് കുടുക്കാൻ ശ്രമിക്കുകയാണെന്ന് അപകടത്തിൽ പരിക്കേറ്റ അനിലിന്‍റെ സുഹൃത്ത് രാഹുൽ പറഞ്ഞു. അപകട സമയത്ത് മദ്യപിച്ചിരുന്നില്ല. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പരിശോധനയിൽ മദ്യത്തിന്റെ സാന്നിധ്യമില്ല. ബൈക്കിൽ വേഗത്തിൽ പോയത് അപകടത്തിൽ പെട്ട അനിലിനെ ഉടൻ ആശുപത്രിയിൽ എത്തിക്കാൻ വേണ്ടിയാണ്. പ്രാഥമിക ചികിത്സയ്ക്ക് മാത്രമാണ് ചെട്ടിക്കാട് ആശുപത്രിയിൽ എത്തിച്ചത്. പട്ടി കുറുകെ ചാടി എന്നു പറഞ്ഞത് പേടികൊണ്ടാണ്. വണ്ടാനത്ത് എത്തിച്ചപ്പോൾ ഡോക്ടറോട് കൃത്യമായ വിവരങ്ങൾ പറഞ്ഞിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. ചെട്ടികാട് ആശുപത്രിയിൽ നിന്ന് പൊലീസിന് നൽകിയ റിപ്പോർട്ടിൽ മാത്രമാണ് മദ്യത്തിന്‍റെ സാന്നിധ്യമുള്ളതെന്നും രാഹുൽ പറഞ്ഞു. അതേസമയം, കണ്ണമാലിയിലെ പൊലീസിനെതിരായ ആരോപണം തള്ളുകയാണ് എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ. യുവാക്കൾ മദ്യപിച്ചിരുന്നു എന്നാണ് പരിശോധനയിൽ മനസ്സിലാക്കുന്നതെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോയില്ല എന്ന വാദം ശരിയല്ലെന്നും

വാഹനത്തിലേക്ക് കയറാൻ പറഞ്ഞെങ്കിലും യുവാക്കൾ വഴങ്ങിയില്ലെന്നും യുവാക്കൾ ആലപ്പുഴ എസ് പിക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഇതിൽ അന്വേഷണം ഉണ്ടാകുമെന്നും പുട്ട വിമലാദിത്യ പറഞ്ഞു.അതേസമയം, പരിക്കേറ്റ യുവാവിനെ വഴിയിലുപേക്ഷിച്ചെന്ന വാദം പൊളിക്കാന്‍ സിസിടിവി ദൃശ്യങ്ങളും മെഡിക്കല്‍ രേഖകളും പൊലീസ് പുറത്തുവിട്ടു. പരിക്കേറ്റ യുവാവിനെ ബെല്‍റ്റ് കൊണ്ട് ബൈക്കിന് പിന്നില്‍ കെട്ടിവച്ചാണ് ആശുപത്രിയിലെത്തിച്ചതെന്ന കൂട്ടുകാരന്‍റെ വാദം പൊളിക്കുന്നതാണ് പുറത്തുവന്ന സിസിടിവി ദൃശ്യം. പരിക്കുണ്ടായ സാഹചര്യത്തെ കുറിച്ച് ആശുപത്രിയില്‍ നല്‍കിയ വിവരങ്ങള്‍ തെറ്റാണെന്നും പരിക്കേറ്റ യുവാവിന്‍റെ ശരീരത്തില്‍ നിന്ന് മദ്യത്തിന്‍റെ ഗന്ധം ഉയര്‍ന്നിരുന്നെന്നും വ്യക്തമാക്കുന്നതാണ് പുറത്തുവന്ന മെഡിക്കല്‍ രേഖകള്‍. റോഡില്‍ വീണു പരിക്കേറ്റ കൂട്ടുകാരനെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് തയാറാകാതെ വന്നപ്പോള്‍ ബൈല്‍റ്റ് കൊണ്ട് ബൈക്കിന് പിന്നില്‍ കെട്ടിവച്ച് ചെട്ടികാടെ ആശുപത്രിയിലെത്തിച്ചെന്നായിരുന്നു രാഹുല്‍ ഇന്നലെ പറഞ്ഞത് . എന്നാല്‍, ചെട്ടികാട് ആശുപത്രിയില്‍ രാഹുലും പരിക്കേറ്റ കൂട്ടുകാരന്‍ അനിലും ബൈക്കില്‍ വന്നിറങ്ങിയ ദൃശ്യത്തിൽ എവിടെയും ബെല്‍റ്റ് കൊണ്ടു കെട്ടിവച്ച് അനിലിനെ ആശുപത്രിയില്‍ കൊണ്ടുവന്നതിന് തെളിവില്ല. എന്നാല്‍, അനിലിന്‍റെ മുഖത്ത് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് ദൃശ്യത്തിൽ വ്യക്തവുമാണ്.

പരിക്കേറ്റ അനിലും രാഹുലും അമിത വേഗത്തിലാണ് ബൈക്ക് ഓടിച്ച് വന്നിരുന്നത് എന്ന വാദത്തിനു തെളിവായി അപകടത്തിന് തൊട്ടു മുമ്പുളള സിസിടിവി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. നായ വട്ടം ചാടിയുണ്ടായ അപകടമെന്നാണ് ചെട്ടികാട് ആശുപത്രിയിലെ ഡോക്ടറോട് യുവാക്കള്‍ പറഞ്ഞതെന്ന് ആശുപത്രി രേഖകള്‍ വ്യക്തമാക്കുന്നു. എന്തുകൊണ്ട് പൊലീസ് പരിശോധനയ്ക്കിടെയാണ് അപകടമുണ്ടായതെന്ന വിവരം മറച്ചുവെച്ചു എന്നാണ് പൊലീസിന്‍റെ ചോദ്യം. പരിക്കേറ്റ അനിലിന്‍റെ ശരീരത്തില്‍ മദ്യത്തിന്‍റെ മണമുണ്ടായിരുന്നെന്ന് ചെട്ടികാട് ആശുപത്രിയിലെ ഡോക്ടര്‍ രേഖപ്പെടുത്തിയതും പൊലീസ് ആയുധമാക്കുകയാണ്. വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ ബൈക്ക് തടഞ്ഞു നിര്‍ത്തുന്നതിനിടെ ഉണ്ടായ അപകടത്തില്‍ പൊലീസുകാരനും ബൈക്ക് യാത്രക്കാരനും പരിക്കേറ്റിട്ടും ബൈക്ക് യാത്രക്കാരനെ റോഡില്‍ ഉപേക്ഷിച്ച് പൊലീസുകാരനെ മാത്രം ആശുപത്രിയിലെത്തിച്ചു എന്നായിരുന്നു കണ്ണമാലി പൊലീസിനെതിരെ ഉയര്‍ന്ന ആരോപണം. സ്വന്തം നിലയ്ക്ക് ആശുപത്രിയില്‍ പൊയ്ക്കോളാമെന്ന് യുവാക്കള്‍ പറഞ്ഞതിനാലാണ് ഇവരെ ജീപ്പില്‍ കൊണ്ടുപോകാതിരുന്നതെന്നാണ് പൊലീസ് വാദം. 

YouTube video player