നാലു വയസ്സായ കുട്ടിയെ മരിച്ചനിലയിൽ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വെസ്റ്റ് ബംഗാൾ സ്വദേശിനിയായ മുന്നി ബീഗത്തിൻ്റെ മകൻ ഗിൽദർ ആണ് മരിച്ചത്. സംഭവത്തിൽ കുഞ്ഞിന്റെ അമ്മയേയും സുഹൃത്തിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഇതരസംസ്ഥാനക്കാരിയുടെ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. നാലു വയസുള്ള കുട്ടിയെ മരിച്ച നിലയിൽ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കഴക്കൂട്ടത്തെ ലോഡ്ജിൽ താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശിനിയായ മുന്നി ബീഗത്തിൻ്റെ മകൻ ഗിൽദർ ആണ് മരിച്ചത്. സംഭവത്തിൽ കുഞ്ഞിന്റെ അമ്മയേയും സുഹൃത്തിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു.
വൈകീട്ട് ആറ് മണിയോടെ കുഞ്ഞിനെ അമ്മ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടന്നെന്ന് പറഞ്ഞാണ് മുന്നി ബീഗം കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ കുഞ്ഞിന് ജീവനില്ലായിരുന്നു. കഴുത്തിൽ അസ്വാഭാവികമായ പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് കുഞ്ഞിനെ പരിശോധിച്ച ഡോക്ടർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കയറോ തുണിയോ കൊണ്ട് മുറുക്കിയതാണ് പാടുകൾ എന്നാണ് പ്രാഥമിക നിഗമനം. ഇതിന് പിന്നാലെയാണ് മുന്നി ബീഗത്തെയും സുഹൃത്തിനെയും കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടിയുടെ മൃതദേഹംമെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. നാളെ പോസ്റ്റ്മോർട്ടം നടക്കും.


